|    Oct 23 Tue, 2018 12:19 am
FLASH NEWS

കെഎസ്ഇബി ഭൂഗര്‍ഭ ലൈന്‍ വലിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി

Published : 17th January 2017 | Posted By: fsq

 

ആലപ്പുഴ: കെഎസ്ഇബി ഭൂഗര്‍ഭ ലൈന്‍ വലിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കല്ലുപാലം ജങ്ഷന് തെക്ക് സിഎംഎസ് എല്‍പി സ്‌കൂളിന് സമീപത്താണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൈപ്പ് പൊട്ടിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭൂഗര്‍ഭ ലൈന്‍ വലിക്കല്‍ ജോലിക്കിടെ ട്രില്ലര്‍ ഉപയോഗിച്ച് റോഡരികില്‍ കുഴിയുണ്ടാക്കുന്നതിനിടെയാണ് പൈപ് പൊട്ടിയത്. ഒന്നര മീറ്റര്‍ ആഴത്തിലാണ് ട്രില്ലര്‍ ഉപയോഗിച്ച് കുഴിയെടുക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഈ അളവിലും താഴെയാണ് കുടിവെള്ള പൈപ്പുകള്‍ കടന്നുപോവുന്നത്. എന്നാല്‍ ഈ ഭാഗത്ത് കുടിവെള്ള പൈപ്പുകള്‍ ഒന്നര മീറ്ററിനുള്ളിലായിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച അറ്റകുറ്റപ്പണി ഏറെ വൈകിയും തുടരുകയാണ്. പൈപ്പിലൂടെ വെള്ളം ഒഴുകുന്നത് അറ്റകുറ്റപ്പണിയെ പ്രതികൂലമായി ബാധിച്ചു. ജനറേറ്റര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് പണികള്‍ നടത്തുന്നത്. റോഡില്‍ വലിയ കുഴികളെടുത്താണ് പൈപ്പ് മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ നടത്തുന്നത്. ഇതോടെ റോഡില്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചു. ദീര്‍ഘ ദൂര കെഎസ്ആര്‍ടിസി ബസ്സുകള്‍ വരെ ഇതുവഴിയാണ് കടുന്നപോവുന്നത്. വിദ്യാര്‍ഥികള്‍ അടക്കമുള്ള കാല്‍നട യാത്രികര്‍ ഇതുമൂലം ബുദ്ധിമുട്ടിലായി. കുഴിയില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം റോഡില്‍ ഒഴുകുകയാണ്. വേഗതിയില്‍ പോവുന്ന വാഹനങ്ങള്‍ എതിര്‍ വശത്തെ ബസ് കാത്തുനില്‍പ്പു കേന്ദ്രത്തിലെത്തുന്നവരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിക്കുന്നുമുണ്ട്. പിഡബ്ല്യുഡി റോഡുകള്‍ കുത്തിപ്പൊളിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് ഇവിടെ റോഡ് പൊളിച്ചിട്ടിരിക്കുന്നത്. ഇപ്രകാരം കുടിവെള്ള പൈപ് നന്നാക്കിയ ശേഷം റോഡില്‍ ഗ്രാവല്‍ നിരത്തി പണി അവസാനിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുകയാണ് പതിവ്. റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരേ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി വികസനനവീകരണ പദ്ധതിയുടെ (ആര്‍എപിഡിആര്‍പി) ഭാഗമായാണ് ഭൂഗര്‍ഭ ലൈന്‍ സ്ഥാപിക്കുന്നത്. ജില്ലയിലെ 74 കോടി രൂപയുടെ പ്രവര്‍ത്തികള്‍ കഴിഞ്ഞ ഒക്ടോബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജലസേചന വകുപ്പിന്റെ അനുമതി ലഭിക്കാത്തത് പദ്ധതി നീണ്ടുപോവാന്‍ കാരണമായി. ആലപ്പുഴ നഗരത്തിന് മാത്രം 35.24 കോടിരൂപയാണ് പദ്ധതി വിഹിതം. പുതിയ ലൈന്‍, ട്രാന്‍സ്‌ഫോമറുകള്‍, 11 കെവി ലൈന്‍ ഭൂഗര്‍ഭ ലൈനുകളാക്കുക തുടങ്ങിയവയാണ് ആര്‍എപിഡിആര്‍പി വഴി നടന്നുവരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss