|    Dec 12 Wed, 2018 7:52 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കെഎസ്ഇബി ഉദ്യോഗസ്ഥ നിലപാട് പ്രളയത്തെ മഹാ ദുരന്തമാക്കി

Published : 17th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനം നേരിട്ട രൂക്ഷമായ പ്രളയത്തിനു കാരണം വീഴ്ചയും അലംഭാവവുമാണെന്ന് പഠന റിപോര്‍ട്ട്. മണ്‍സൂണ്‍ കാലം തുടങ്ങും മുമ്പുതന്നെ ജലസംഭരണികള്‍ നിറഞ്ഞുതുടങ്ങിയെങ്കിലും വൈദ്യുതോല്‍പാദനം എന്ന ഒറ്റലക്ഷ്യത്തോടെ ഉദ്യോഗസ്ഥര്‍ നിസ്സംഗരായിരുന്നതാണ് പ്രളയം മഹാദുരന്തമാക്കി മാറ്റിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് നിയോഗിച്ച വിദഗ്ധ സമിതിയാണ് പഠനം നടത്തിയത്.
പേമാരിയെ തുടര്‍ന്ന് എല്ലാ അണക്കെട്ടുകളും നിറഞ്ഞുകവിഞ്ഞതോടെ അധികമായി വന്ന ജലം ശേഖരിക്കാന്‍ മാര്‍ഗം ഇല്ലാതായി. അധികജലം എല്ലാ ഡാമുകളില്‍ നിന്നും ഒന്നിച്ച് ഒഴുക്കിവിട്ടത് പ്രളയത്തിന്റെ രൂക്ഷത തീവ്രമാക്കി. അണക്കെട്ടുകളില്‍ നിന്ന് പെട്ടെന്നുണ്ടായ ജലപ്രവാഹത്തെ തുടര്‍ന്ന് നിയന്ത്രണാതീതമായി ജലം ഒഴുകുകയും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സമയം ലഭിക്കാതിരിക്കുകയും ചെയ്തത് കടുത്ത നാശനഷ്ടങ്ങള്‍ക്കും 500ഓളം പേരുടെ ജീവഹാനിക്കും ഇടയാക്കിയെന്ന് റിപോര്‍ട്ട് പറയുന്നു. അണക്കെട്ടില്‍ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങളും ചളിയും യഥാസമയം നീക്കം ചെയ്യാത്തതും വീഴ്ചയാണെന്ന് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ആയിരുന്ന മൈക്കിള്‍ വേദശിരോമണി അധ്യക്ഷനായ സമിതിയില്‍ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍, ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുന്‍ ശാസ്ത്രജ്ഞന്‍ ജോ ണ്‍ മത്തായി, വൈദ്യുതി ബോര്‍ഡ് മുന്‍ ഡയറക്ടര്‍ മുഹമ്മദലി റാവുത്തര്‍, ജലസേചന വകുപ്പ് മുന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ വിദഗ്ധ അംഗങ്ങളാണ്. ആര്‍ജിഐഡിഎസ് ഡയറക്ടര്‍ ബി എസ് ബിജുവാണ് സമിതിയുടെ കണ്‍വീനര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss