|    Apr 25 Tue, 2017 8:04 pm
FLASH NEWS

കെഎസ്ഇബി ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്നു വീണുമരിച്ചു; നോട്ട് മാറാന്‍ ബാങ്കിലെത്തിയതായിരുന്നു

Published : 12th November 2016 | Posted By: SMR

തലശ്ശേരി: അസാധുവാക്കിയ നോട്ടുകള്‍ ഉള്‍പ്പെടെ അഞ്ചരലക്ഷം രൂപ നിക്ഷേപിക്കാന്‍ ബാങ്കിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ദുരൂഹസാഹചര്യത്തില്‍ ബാങ്ക് കെട്ടിടത്തില്‍ നിന്നു വീണുമരിച്ചു. പിണറായി സബ് സ്റ്റേഷനിലെ ഓവര്‍സിയര്‍ പെരളശ്ശേരി മക്രേരി സ്വദേശി കെ കെ ഉണ്ണി(48)യാണു മരിച്ചത്. തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ മണവാട്ടി ജങ്ഷനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശാഖയില്‍ ഇന്നലെ രാവിലെ 11 ഓടെയാണു സംഭവം. പിഎഫ് ലോണായി അഞ്ചര ലക്ഷം രൂപ എസ്ബിടിയില്‍ നിന്നു കഴിഞ്ഞദിവസം വാങ്ങിയിരുന്നു. 500, 1000 രൂപയുടെ നോട്ടുകളാണു ലഭിച്ചത്. വ്യാഴാഴ്ച രാവിലെ എസ്ബിടി തലശ്ശേരി ശാഖയില്‍ നോട്ടുമായി എത്തിയെങ്കിലും തിരക്കുമൂലം മാറാന്‍ സാധിച്ചില്ല. ഇന്നലെ വീണ്ടും എത്തയതായിരുന്നു.  ഇതിനിടയില്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ മൂത്രപ്പുരയിലേക്ക് ഇയാള്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് പോവുന്നത് മറ്റുള്ളവര്‍ കണ്ടിരുന്നു. പിന്നീടാണ് ഉണ്ണിയെ ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്.  ഉടന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവസ്ഥലത്തുനിന്ന് പോലിസിന് ലഭിച്ച ബാഗില്‍നിന്ന് നേരത്തെ പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകളടങ്ങിയ അഞ്ചരലക്ഷം രൂപയും കണ്ടെത്തി. ഇതിനു പുറമെ ഇയാളുടെ പഴ്‌സില്‍നിന്ന് 2,600 രൂപ, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവ കണ്ടെടുത്തു. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day