|    Oct 19 Thu, 2017 11:57 pm

കെഎസ്ഇബിയുടെ നവീന സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ നൂതന സേവന സാധ്യതകള്‍ അതിവേഗം ജനങ്ങളിലെത്തിക്കാനാവണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടം വൈദ്യുതി ഭവനില്‍ കെഎസ്ഇബി ലിമിറ്റഡിന്റെ വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ നവീന സേവനങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡിന് ജനങ്ങളോടുള്ള സമീപനത്തിലുണ്ടായിരിക്കുന്ന ഗുണകരമായ മാറ്റം പൂര്‍ണ തോതില്‍ വിജയിപ്പിക്കാന്‍ കഴിയണം. അതിന് ജീവനക്കാരുടെ സഹകരണം കൂടിയേ തീരൂ. വികസന കാര്യത്തില്‍ സ്ഥാപനം നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ജീവനക്കാരുടെ സഹകരണം ആവശ്യമാണ്. സേവനമേഖലയില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന ചിലരുണ്ടെങ്കിലും ജനതാല്‍പര്യങ്ങളറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വൈദ്യുതി വകുപ്പിലെ ഭൂരിപക്ഷം ജീവനക്കാര്‍ക്കും കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വൈദ്യുതി മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുണമേന്മയുള്ള വൈദ്യുതി ആവശ്യാനുസരണം സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ വൈദ്യുതി ബോര്‍ഡിന് കഴിയണം.വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ക്കെതിരായി സമൂഹത്തില്‍ നിന്നു പലതരം എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഇത് വൈദ്യുതി ഉല്‍പ്പാദന രംഗത്തെ മുരടിപ്പിനു കാരണമാവുന്നു. എതിര്‍പ്പുകളില്ലാത്ത ഏറെ വൈദ്യുതി പദ്ധതികള്‍ കേരളത്തിനുണ്ട്. ഇതു സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനു വൈദ്യുതി ബോര്‍ഡിനെ പര്യാപ്തമാക്കുന്നതിനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടുമെന്നും മന്ത്രി പറഞ്ഞു. മുടങ്ങിക്കിടക്കുന്ന 106 മെഗാവാട്ട് ശേഷിയുള്ള മൂന്നു വൈദ്യുതി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. പണി നടന്നുകൊണ്ടിരിക്കുന്ന 59 മെഗാവാട്ട് ശേഷിയുള്ള ആറു പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 149 മെഗാവാട്ട് ശേഷിയുള്ള 14 പദ്ധതികള്‍ ഉടനടി നടപ്പാക്കാന്‍ ബോര്‍ഡ് നടപടി സ്വീകരിക്കണം. ഓരോ പദ്ധതിക്കും ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് തടസ്സങ്ങള്‍ ഒഴിവാക്കി സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡ് തയ്യാറാവണം. സോളാര്‍ വൈദ്യുതിയടക്കമുള്ള പുനരുപയോഗ ഉല്‍പാദന പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.വൈദ്യുതിതടസ്സവും പുനസ്ഥാപനവും ഉപഭോക്താക്കളെ അറിയിക്കുന്ന പദ്ധതിയാണ് ഊര്‍ജദൂത്. വൈദ്യുതി ബില്‍ തുക, പണമടയ്ക്കാനുള്ള തിയ്യതി എന്നിവ ഉപഭോക്താക്കളെ എസ്എംഎസ്, ഇ-മെയില്‍ എന്നിവ വഴി അറിയിക്കുന്ന പദ്ധതിയാണ് ഊര്‍ജ സൗഹൃദ്. പരാതികള്‍ രേഖപ്പെടുത്താന്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പര്‍, പരാതികള്‍ 9496001912 എന്ന വാട്‌സ് ആപ്പ് നമ്പര്‍ വഴി അയ—ക്കുന്നതിലുള്ള സംവിധാനം എന്നിവയാണ് ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. വൈദ്യുതി ബോര്‍ഡ് സിഎംഡി  കെ ഇളങ്കോവന്‍, മേയര്‍ വി കെ പ്രശാന്ത്, കൗണ്‍സിലര്‍ എസ് ആര്‍ രമ്യാ രമേഷ്, കെഎസ്ഇബി ഡയറക്ടര്‍മാരായ എന്‍ വേണുഗോപാല്‍, ഡോ. വി ശിവദാസന്‍, എന്‍ എസ് പിള്ള, ചീഫ് വിജിലന്‍സ് ഓഫിസര്‍ കെ പത്മകുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക