|    Oct 23 Mon, 2017 12:32 am
Home   >  Todays Paper  >  Page 4  >  

കെഎസ്ആര്‍ടിസി 130 കോടി വായ്പ തടയണം: ഹരജി തള്ളി

Published : 5th August 2017 | Posted By: fsq

 

കൊച്ചി: പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് 130 കോടി രൂപ വായ്പ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കെഎസ്ആര്‍ടിസി വായ്പ അടച്ചില്ലെങ്കില്‍ തിരിച്ചടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിയാണ് ഓള്‍ കേരള ജില്ലാ സര്‍വീസ് സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം എന്‍ വിശാഖ് കുമാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയത്. ബാങ്കും കെഎസ്ആര്‍ടിസിയും തമ്മിലുള്ള ഇടപാടിനു സര്‍ക്കാര്‍ നല്‍കിയ ഗ്യാരന്റി നിയമവിരുദ്ധമാണ്, 1969ലെ കേരള കോ-ഓപറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും വായ്പ നല്‍കാന്‍ പാടില്ല, കെഎസ്ആര്‍ടിസിക്ക് ബാങ്കില്‍ അംഗത്വമില്ല, നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് അതിന്റെ ജീവനക്കാര്‍ക്ക് ശമ്പളമോ പെന്‍ഷനോ നല്‍കാനോ കഴിയുന്നില്ല, വായ്പ തിരിച്ചടച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ഈടാക്കാനാവില്ല തുടങ്ങിയ വാദങ്ങളാണ് ഹരജിക്കാരന്‍ ഉന്നയിച്ചത്. 1949ലെ ബാങ്കിങ് റഗുലേഷന്‍ ആക്ട് പരിശോധിച്ചപ്പോള്‍ ഇടപാട് നടത്താന്‍ ബാങ്കിന് അധികാരമുള്ളതായി വ്യക്തമായതായി കോടതി പറഞ്ഞു. അംഗങ്ങള്‍ക്കും വ്യക്തികള്‍ക്കും കമ്പനികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കാമെന്ന് ആക്ട് വ്യവസ്ഥ ചെയ്യുന്നു. കേരള കോ-ഓപറേറ്റീസ് സൊസൈറ്റീസ് ആക്ട് പ്രകാരം ബാങ്കിനു കെഎസ്ആര്‍ടിസിയുമായി ഇടപാട് നടത്താം. പൊതുതാല്‍പര്യം സംരക്ഷിക്കാനാണ് കെഎസ്ആര്‍ടിസി. അതിനാല്‍, സര്‍ക്കാരിനു ഗ്യാരന്റി നല്‍കാം. 2003ലെ കേരള സീലിങ് ഓണ്‍ ഗവണ്‍മെന്റ് ഗ്യാരന്റി ആക്ട് പ്രകാരമാണ് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയിരിക്കുന്നത്. ഈ ഗ്യാരന്റിയില്‍ കോടതിക്കു തൃപ്തിയുണ്ട്. ഇത്തരമൊരു ഗ്യാരന്റി നല്‍കുന്നതോടെ കരാര്‍ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. മാത്രവുമല്ല, കോ-ഓപറേറ്റീവ് സൊസൈറ്റി രജിസ്ട്രാര്‍, നബാര്‍ഡ് എന്നിവരില്‍ നിന്നു ബാങ്ക് ആവശ്യമായ അനുമതികള്‍ നേടിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക