|    Jul 19 Thu, 2018 5:27 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കെഎസ്ആര്‍ടിസി സൗജന്യയാത്ര : പണം ഇനി മുതല്‍ സര്‍ക്കാര്‍ നല്‍കും

Published : 20th September 2017 | Posted By: fsq

 

തിരുവനന്തപുരം: കടക്കെണിയില്‍ വീര്‍പ്പുമുട്ടുന്ന കെഎസ്ആര്‍ടിസിക്ക് ആശ്വാസവുമായി സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ ഉ ള്‍പ്പെടെ 12 വിഭാഗങ്ങള്‍ക്ക് കോര്‍പറേഷന്‍ നല്‍കിവരുന്ന സൗജന്യ യാത്രയുടെ പണം ഇനിമുതല്‍ സര്‍ക്കാര്‍ നല്‍കും. കോര്‍പറേഷന്റെ നിലവിലുള്ള ഹ്രസ്വകാല വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ 3,200 കോടി രൂപ വായ്പയെടുക്കാനായി ബാങ്ക് കണ്‍സോര്‍ഷ്യവുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമാണ് ഈ ഉറപ്പുനല്‍കിയത്. സൗജന്യ യാത്ര നല്‍കിയതിലൂടെ 1,863 കോടി രൂപയാണ് കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെ സര്‍ക്കാരില്‍ നിന്ന് കോര്‍പറേഷനു കിട്ടാനുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം ഈയിനത്തില്‍ കിട്ടാനുള്ളത് 216 കോടിയാണ്. ഇതില്‍ 105 കോടി രൂപയും പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ച വകയിലാണ്. സ്വാതന്ത്ര്യസമരസേനാനികളും വികലാംഗരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 12 വിഭാഗങ്ങള്‍ക്കാണ് സൗജന്യ യാത്ര നല്‍കുന്നത്. കൂടാതെ 40,000ഓളം ജീവനക്കാരും 38,000 പെന്‍ഷന്‍കാരും സൗജന്യസേവനം ഉപയോഗപ്പെടുത്തുന്നു. വരവുചെലവ് അന്തരം കുറയ്ക്കണമെങ്കില്‍ കാലങ്ങളായി കോര്‍പറേഷന്‍ സഹിക്കുന്ന ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ ഉപാധി ചീഫ് സെക്രട്ടറി അംഗീകരിച്ചു. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും. എട്ടോളം ബാങ്കുകള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിന് എസ്ബിഐയാണ് നേതൃത്വം നല്‍കുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാ ന്‍ 3,200 കോടി രൂപയുടെ വായ്പ നല്‍കാന്‍ തയ്യാറാണെന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അറിയിച്ചു. വായ്പയുടെ പലിശയും തിരിച്ചടവു കാലാവധിയും പിന്നീട് തീരുമാനിക്കും. ഇതിനായി ധനവകുപ്പിനെ ചുമതലപ്പെടുത്തി. പെന്‍ഷനും ശമ്പളത്തിനും മറ്റു ചെലവുകള്‍ക്കുമായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നായി നിലവില്‍ കടമെടുത്ത വകയില്‍ കോര്‍പറേഷന്റെ ബാധ്യത 2,996 കോടിയാണ്. ഈ വായ്പയിന്‍മേല്‍  ദിനംപ്രതിയുള്ള തിരിച്ചടവ് 3.1 കോടിയാണ്. ഈ സാഹചര്യത്തില്‍ നിന്നു കരകയറാനാണ് 3,200 കോടി രൂപ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പയെടുക്കാനായി കോര്‍പറേഷന്‍ തീരുമാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss