|    Jun 19 Tue, 2018 1:12 am

കെഎസ്ആര്‍ടിസി സ്റ്റാന്റ് നവീകരണം: യാത്രക്കാരുടെ ദുരിതം തുടര്‍ക്കഥ

Published : 27th May 2016 | Posted By: SMR

പാലക്കാട്: നവീകരണത്തിന്റെ പേരില്‍ പൊളിച്ചിട്ട കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തുന്ന യാത്രക്കാരെ കഴിഞ്ഞ രണ്ടുവര്‍ഷമായി കാത്തിരിക്കുന്നത് ദുരിതയാത്ര മാത്രം. വിശ്രമമുറികളോ മഴയും വെയിലുമേല്‍ക്കാതെ ബസ് കാത്തുനില്‍ക്കാനോ ഇടമില്ലാതെ ബസുകള്‍ക്കിടയിലൂടെ പരക്കംപായാനാണ് യാത്രക്കാരുടെ വിധി. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തെ കുറിച്ച് ഇതുവരെ അധികൃതര്‍ക്ക് വ്യക്തത കൈവന്നിട്ടില്ല. പൊളിച്ചുമാറ്റിയ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനോ പാലക്കാട് ഡിപ്പോയിലെ ബസുകള്‍ നിറുത്തിയിടാന്‍ മതിയായ സ്ഥലം കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
സ്റ്റാന്റില്‍ പല ഭാഗത്തായാണ് ബസുകള്‍ യാത്രക്കാരെ കയറ്റാന്‍ നിറുത്തിയിടുന്നത്. കോയമ്പത്തൂര്‍, ഗുരുവായൂര്‍ ഭാഗത്തേക്കുള്ളവ പമ്പിന് സമീപവും കോഴിക്കോട്, തൃശൂര്‍, പൊള്ളാച്ചി ഭാഗത്തേക്കുള്ളവ പഴയ അന്തര്‍ സംസ്ഥാന ടെര്‍മിനലിലുമാണ് നിറുത്തുക. ഇതുതന്നെ പരിമിതമായ സ്ഥലത്താണുതാനും. ഇതിനിടയിലൂടെ സാഹസികമായി വേണം യാത്രക്കാര്‍ക്ക് ബസുകളില്‍ കയറിപ്പറ്റാനും ബസ് കാത്തുനില്‍ക്കാനും. യാത്രക്കാരുടെ ഇടയിലൂടെ സ്റ്റാന്റില്‍ കയറിയിറങ്ങുന്ന ബസുകളുടെ െ്രെഡവര്‍മാരുടെ ശ്രദ്ധയൊന്നുപാളിയാല്‍ അപകടം ഉറപ്പാണുതാനും.
പൊട്ടിപ്പൊളിഞ്ഞ നിലവും പൊടിശല്യവും വേനലില്‍ ദുരിതമാകുമ്പോള്‍ മഴക്കാലത്ത് ചെളിയഭിഷേകമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. 123 ഷെഡ്യൂളുകളിലായി പ്രതിദിനം പാലക്കാട് ഡിപ്പോയുടെ മാത്രം 120ലധികം ബസുകളാണ് സര്‍വീസ് നടത്തുന്നത്. 600ഓളം ജീവനക്കാര്‍ പാലക്കാട് ഡിപ്പോയിലുണ്ട്. ഇവരുടെ വിശ്രമം, കാന്റീന്‍ തുടങ്ങിയ സൗകര്യങ്ങലെല്ലാം നിലച്ച മട്ടാണ്. മറ്റ് ഡിപ്പോകളില്‍ നിന്നെത്തുന്ന ദീര്‍ഘദൂര ബസുകളിലെ ജീവനക്കാരും വിശ്രമസമയത്ത് ബസ് നിറുത്തിയിടാനോ മറ്റോ കഴിയാതെ ഏറെ ദുരിതത്തിലാണ്. എന്‍ക്വയറി കൗണ്ടര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ്, യാത്രക്കാര്‍ക്കുള്ള ഇരിപ്പിടം, ക്യാഷ് കൗണ്ടര്‍ തുടങ്ങയവയെല്ലാം അന്തര്‍സംസ്ഥാന ടെര്‍മിലനിലെ പരിമിതായ സ്ഥലത്താണ് ഇപ്പോഴുള്ളത്.
ഇവിടെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും നിന്നുതിരിയാ ന്‍ ഇടമില്ല. സ്റ്റാന്റിന്റെ അരികിലെ യാത്രക്കാര്‍ക്കുള്ള ഷീറ്റിട്ട ട്രാക്ക് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. കെട്ടിടം പൊളിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും വെയിലും മഴയും കൊള്ളാതെ യാത്രക്കാര്‍ക്ക് സുരക്ഷിതമായി നില്‍ക്കാന്‍ ഈ ട്രാക്കില്‍ താല്‍ക്കാലിക സൗകര്യം ഒരുക്കാന്‍ പോലും അധികൃതര്‍ ഇതുവരെ ഒരുക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ തിരക്കിട്ട് ശിലാസ്ഥാപനം നടത്തിയിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല. തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പെത്തിയതോടെ പ്രഖ്യാപനങ്ങളും പരിഭവങ്ങളും വാക്കുകളില്‍ മാത്രമായി.
കാലവര്‍ഷം ശക്തമാകുന്നതോടെ പുതിയെ കെട്ടിടത്തിന്റെ ജോലി വൈകുമെന്നുറപ്പാണ്. ഇതോടെ ഈ മഴക്കാലവും കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്ക് യാത്രാദുരിതം ഇരട്ടിയാകും. കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുന്നതോടെ പാലക്കാട്ട് നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ സ്‌റ്റേഡിയം സ്റ്റാന്റില്‍ നിന്നായിരിക്കും യാത്രതിരിക്കുകയെന്നറിയുന്നു. എന്നാല്‍ ഇതിനുള്ള നടപടികളൊന്നും നഗരസഭയോ കെഎസ്ആര്‍ടിസി അധികൃതരോ ചര്‍ച്ച നടത്തുക പോലുമുണ്ടായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss