|    Aug 22 Wed, 2018 1:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസി സിഎംഡി കള്ളം പ്രചരിപ്പിക്കുന്നു: ട്രേഡ് യൂനിയനുകള്‍

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരി കള്ളം പ്രചരിപ്പിക്കുകയാണെന്നും വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാമെന്ന് കരുതരുത്’ എന്നും സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍. 7ന് നടത്തുന്ന മോട്ടോര്‍ തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമരത്തെ കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നതിനിടയിലാണ് കെഎസ്ആര്‍ടിസി ലാഭകരമാണെന്ന കണക്കുകള്‍ നിഷേധിച്ച് യൂനിയന്‍ നേതാക്കള്‍ രംഗത്തെത്തിയത്.
ഇതിനായി മുന്‍കാല കണക്കുകള്‍ മാധ്യമപ്രവര്‍ത്തര്‍ക്ക് മുമ്പില്‍ നിരത്തിയ നേതാക്കള്‍, യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും ആരോപിച്ചു. ബാങ്ക് കണ്‍സോര്‍ഷ്യം വഴി ദീര്‍ഘകാല വായ്പ ലഭിച്ചതിനാല്‍ തിരിച്ചടവില്‍ ദൈനംദിനം 2.15 കോടിയുടെ കുറവുണ്ടായി. ഇതിനോടൊപ്പം ചാര്‍ജ് വര്‍ധനവിലൂടെ ദിവസവും 40 ലക്ഷം രൂപയുടെ അധിക വരുമാനവും ലഭിച്ചു.
ഈക്കാര്യം മറച്ചുവച്ച് താന്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരം വഴി കെഎസ്ആര്‍ടിസി ലാഭത്തിലേക്ക് കുതിക്കുകയാണെന്ന് സിഎംഡി മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നു. ഇതിനോടൊപ്പം ജീവനക്കാര്‍ക്ക് പ്രതിദിനം 5000 രൂപ വരുമാനമുണ്ടെന്ന് പ്രചാരണം നടത്തുന്നതുകാരണം ആദായനികുതി ഉദ്യോഗസ്ഥര്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ വീടുകള്‍ കയറിയിറങ്ങുകയാണ്. സ്ഥാപനത്തെ മൂന്നു മേഖലയാക്കി വിഭജിക്കുന്നതിനോട് യോജിക്കുന്നുവെങ്കിലും മുന്നു കോര്‍പറേഷനുകളാക്കി മാറ്റുന്നതിനെ അനുകൂലിക്കാന്‍ കഴിയില്ല. തൊഴിലാളി യൂനിയനുകളുമായി ആലോചിക്കാതെ ഏകപക്ഷീയമായി നടപ്പാക്കുന്ന പരിഷ്‌കരണ നടപടികള്‍ കെഎസ്ആര്‍ടിസിയെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുകയാണ്. പിങ്ക് ബസ്, ഫ്‌ളൈ ബസ്, ചില്‍ ബസ്് സര്‍വീസുകള്‍ ഇതിനുദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കെഎസ്്ആര്‍ടിസി—ക്ക് ശമ്പളം നല്‍കുന്നതിന് അനുവദിച്ച 20 കോടി ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ വകമാറ്റി ചെലവഴിച്ച സംഭവം തങ്ങളറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നും വാട്‌സ് ആപ് കൂട്ടായ്മ വഴിയുമാണെന്നും നേതാക്കള്‍ പറഞ്ഞു. കെഎസ്ആര്‍ടിഇഎ(സിഐടിയു) ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, കെഎസ്ടിഡിയു ജനറല്‍ സെക്രട്ടറി ആര്‍ അയപ്പന്‍, കെഎസ്ടിഇയു(എഐടിയുസി) ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍, കെഎസ്്ടിഡബ്യൂയു(ഐഎന്‍ടിയുസി) ജനറല്‍ സെക്രട്ടറി ആര്‍ ശശിധരന്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss