|    Oct 22 Mon, 2018 3:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കെഎസ്ആര്‍ടിസി : വിജിലന്‍സിനെ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നയിക്കും

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിജിലന്‍സ് വിഭാഗം ചുമതല വഹിക്കേണ്ട എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിയമനം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. പോലിസ് സൂപ്രണ്ട് കെ എസ് ഗോപകുമാറിനെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) തസ്തികയില്‍ നിയമിച്ചു. ഈ മാസം 22 മുതല്‍ ഒരുവര്‍ഷത്തേക്കാണ് നിയമനം. ജീവനക്കാരുടെ അച്ചടക്കനടപടികളുടെയും നടപടി സംബന്ധിച്ച നിയമനാധികാരിയുടെ അധികാരവും ഇദ്ദേഹത്തിനുണ്ടാവും. സിഎംഡിയുടെ നിര്‍ദേശപ്രകാരം ഭരണവിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. വിജിലന്‍സ് വിഭാഗത്തിന്റെ ചുമതല വഹിക്കേണ്ട എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിയമനം വൈകുന്നതിനെതിരേ ജീവനക്കാര്‍ അടുത്തിടെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. നിയമനം വൈകുന്നതോടെ കോര്‍പറേഷന്‍ തലപ്പത്ത് വന്‍ അഴിമതിയാണു നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിജിലന്‍സ് ആന്റികറപ്ഷന്‍ പ്രത്യേക അന്വേഷണവിഭാഗത്തിനാണു പരാതി നല്‍കിയത്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) തസ്തികയിലേക്ക് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്നു ഗതാഗതവകുപ്പ് നേരത്തെ ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. കെഎസ്ആര്‍ടിസിയിലെ പര്‍ച്ചേസ് ഉള്‍പ്പെടെയുള്ള ഇടപാടുകളില്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെ പരിഹാരമെന്ന നിലയിലാണു വിജിലന്‍സ് വിഭാഗം ആരംഭിച്ചത്. തുടക്കത്തില്‍ പോലിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയാണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ നിയോഗിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറേവര്‍ഷങ്ങളായി കണ്ടക്ടര്‍ തസ്തികയില്‍ നിന്നും സ്ഥാനക്കയറ്റം ലഭിച്ചുവരുന്നവര്‍ ഈ പദവിയിലേക്ക് കയറിക്കൂടുന്ന സാഹചര്യമെത്തി. ഈ സമീപനം തുടര്‍ന്നതോടെ ബസ്സുകളുടെ ഷാസികളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ക്രമക്കേടുകള്‍ ആരംഭിച്ചു. ഈ നിയമലംഘനത്തിനു തടയിടണമെങ്കില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) തസ്തികയിലേക്ക് നിയമിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഈ പരാതിയില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ഗതാഗതവകുപ്പിന് നിര്‍ദേശവും നല്‍കി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നിയമനം നടത്തിയിട്ടുള്ളത്. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോ ര്‍പറേഷന്‍ നിയമപ്രകാരം ഐഎഎസോ തത്തുല്യ യോഗ്യതയോ ഉള്ളവരാവണം കെഎസ്ആര്‍ടിസിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ വരേണ്ടത്. മറ്റ് സംസ്ഥാനങ്ങളെല്ലാം ഈ മാതൃക പിന്തുടരുമ്പോള്‍ കേരളത്തില്‍ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ തസ്തികയില്‍ മാത്രമാണ് ഐഎഎസ് നിയമനം. നിലവില്‍ അഞ്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss