|    Jul 21 Fri, 2017 10:30 pm
FLASH NEWS

കെഎസ്ആര്‍ടിസി രണ്ടു ട്രിപ്പുകള്‍ നിര്‍ത്തി; മുണ്ടക്കൈ പ്രദേശവാസികള്‍ ദുരിതത്തില്‍

Published : 4th July 2016 | Posted By: SMR

മേപ്പാടി: മുണ്ടക്കൈ ഭാഗത്തേക്ക് കല്‍പ്പറ്റയില്‍ നിന്നുള്ള രണ്ടു സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തലാക്കിയത് യാത്രക്കാരെ വലയ്ക്കുന്നു. കല്‍പ്പറ്റയില്‍ നിന്നു രാത്രി 8.30നും കോഴിക്കോട് നിന്നെത്തി 9.50നും എടുക്കുന്ന ബസ്സുകളാണ് താല്‍ക്കാലികമായി നിര്‍ത്തിയത്.
മുണ്ടക്കൈയില്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമുള്ള മുറി താമസയോഗ്യമല്ലാതായതാണ് ബസ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്നു ഗാരേജ് അധികൃതര്‍ പറഞ്ഞു.
മുണ്ടക്കെയില്‍ എസ്‌റ്റേറ്റ് അധികൃതരാണ് സ്‌റ്റേ സര്‍വീസ് നടത്തുന്ന ബസ് ജീവനക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയത്. എന്നാല്‍, ഈ മുറി വാസയോഗ്യമല്ലെന്നു ജീവനക്കാര്‍ പറയുന്നു. മേല്‍ക്കൂര തകര്‍ന്നതിനാല്‍ ചോര്‍ന്നൊലിക്കുന്നതായും അടിസ്ഥാന സൗകര്യമില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. ബദല്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതുണ്ടായാല്‍ മാത്രമേ സ്‌റ്റേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ.
സ്റ്റേ സര്‍വീസ് നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. കല്‍പ്പറ്റയിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന യാത്രക്കാര്‍ ഇതോടെ പെരുവഴിയിലായി. രാത്രി ഏഴിനുള്ള ബസ്സിനു ശേഷം മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് അടുത്ത സര്‍വീസ്. കല്‍പ്പറ്റയില്‍ നിന്ന് 9.15ന് എടുക്കുന്ന കല്‍പ്പറ്റ-അട്ടമല ബസ്സിനെയാണ് മുഴുവന്‍ പേരും ഇപ്പോള്‍ ആശ്രയിക്കുന്നത്.
പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ വഹിച്ചു കൊണ്ടാണ് ബസ് പുറപ്പെടുക. അതിനു മുമ്പ് വടുവന്‍ചാല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളില്‍ കയറി മേപ്പാടി വരെയെത്താമെങ്കിലും അവിടെ നിന്നു മറ്റ് വാഹനങ്ങളുണ്ടാവില്ല. മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല, കള്ളാടി, താഞ്ഞിലോട് ഭാഗങ്ങളിലേക്കുള്ള നിരവധി പേരാണ് വഴിയില്‍ കുടുങ്ങുക.
പകല്‍സമയങ്ങളില്‍ മേപ്പാടി-ചൂരല്‍മല ഭാഗത്തേക്ക് സമാന്തര ജീപ്പ് സര്‍വീസുണ്ടെങ്കിലും വൈകീട്ട് ആറിനു ശേഷം വേറെ വഴിയില്ല. മറ്റ് ആവശ്യങ്ങള്‍ക്കു പോയി വരുന്ന ജീപ്പുകളാണ് ഇടയ്‌ക്കെങ്കിലും യാത്രക്കാര്‍ക്ക് ആശ്രയമാവുന്നത്. കളക്ഷന്‍ ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് ഇടയ്ക്കിടെ ഈ ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങാറുണ്ടെങ്കിലും രാത്രിയിലുള്ള ഈ രണ്ടു സര്‍വീസുകള്‍ നിര്‍ത്തിയത് യാത്രക്കാര്‍ക്ക് ഇരുട്ടടിയായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക