|    Jan 17 Tue, 2017 10:34 am
FLASH NEWS

കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്വകാര്യബസ്സുകളിലെ കിളികളുടെ ശല്യം

Published : 28th August 2016 | Posted By: SMR

കോട്ടയം: എറണാകുളം റൂട്ടിലെ കെഎസ്ആര്‍ടിസി ബസ്സുകളിലും സ്വകാര്യ ബസ്സുകളുടെ പോര്‍ട്ടമാരുടെ ശല്യം. കെഎസ്ആര്‍ടിസിയുമായി മല്‍സരിച്ചോടുന്ന സ്വകാര്യബസ്സുകളാണ് ടിക്കറ്റ് എടുത്ത് പോര്‍ട്ടര്‍മാര്‍ കയറുന്നത്. ബസ് എവിടെവരെ എത്തി എത്ര യാത്രക്കാരുണ്ട് എന്നീ കാര്യങ്ങള്‍ തങ്ങളുടെ ബസ് ജീവനക്കാരെ വിളിച്ചറിയിക്കാനാണ് കിളികളെ കെഎസ്ആര്‍ടിസിയിലേക്ക് വിടുന്നത്. ഇവരും കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരുമായി വാക്കേറ്റവും പതിവാണ്. കഴിഞ്ഞദിവസം രാവിലെ 10.30ഓടെ കോട്ടയത്ത് നിന്നും പോയ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറെ ഇത് ചോദ്യം ചെയ്തതിന് കിളി കൈയേറ്റം ചെയ്യുകയുണ്ടായി.
ഈ വിവരം കെഎസ്ആര്‍ടിസി അധികൃതരെ അറിയിച്ചുവെങ്കിലും നടപടി ഒന്നുമായില്ല. രാവിലെയും വൈകീട്ടും തിരക്കേറിയ സമയത്താണ് കോട്ടയം വൈറ്റില ലിമിറ്റഡ് സ്‌റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലാണ് കിളികളുടെ സഞ്ചാരം. കണ്ടക്ടറുടെ സീറ്റിന്റെ അരികിലായിരിക്കും കഴിവതും ഇവര്‍ ഇടം പിടിക്കുക. അല്ലെങ്കില്‍ മുന്നില്‍ ഡ്രൈവര്‍ക്ക് സമീപം. പിന്നെ ഫോണില്‍ റൂട്ട് വിവരിക്കും. ബസ് ഓരോ സ്‌റ്റോപ്പും പിന്നിടുന്നതും കയറിയ യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കൃത്യമായി വിളിച്ചു പറഞ്ഞുകൊടുക്കും.
ഇടയ്ക്ക്  കെഎസ്ആര്‍ടിസി ജീവനക്കാരെയും ഭീഷണിപ്പെടുത്തും. ബസ് വൈകിയാണ് ഓടുന്നത്. സമയം പാലിക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ഉന്നയിക്കാറ്. ഇവരുടെ അസുഖകരമായ സംസാരമാണ് പലപ്പോഴും യാത്രക്കാരെ പ്രകോപ്പിപ്പിക്കുന്നത്. ഒരേ കമ്പനിയുടെ തന്നെ നിരവധി സ്വകാര്യ ബസ്സുകളാണ് കോട്ടയം വൈറ്റില റൂട്ടിലുള്ളത്. കെഎസ്ആര്‍ടിസി ബസ്സുകളുടെ മുന്നിലും പിറകിലും ഇവരായതിനാല്‍ പോര്‍ട്ടര്‍മാര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഇവര്‍ക്ക് സമയം ക്രമീകരിച്ച് സ്വകാര്യ ബസ്സുകള്‍ക്ക് ഓടാനാവും. സ്വകാര്യ ബസ്സുകളുടെ ഈ പുതിയ നടപടി  കെഎസ്ആര്‍ടിസി സര്‍വീസുകളുടെ കലക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും പറയപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക