|    Feb 28 Tue, 2017 6:18 am
FLASH NEWS

കെഎസ്ആര്‍ടിസി ബസില്‍ ഭാര്യയെ മദ്യപന്‍ ശല്ല്യം ചെയ്തു:ചോദ്യം ചെയ്ത ഭര്‍ത്താവിന് പോലിസിന്റെ ക്രൂര മര്‍ദ്ദനം

Published : 22nd October 2016 | Posted By: SMR

കരുനാഗപ്പള്ളി:കെഎസ്ആര്‍ടിസി ബസില്‍ കുടുംബസമേതം യാത്രചെയ്യവേ ഭാര്യയുടെ ദേഹത്തു കടന്നുപിടിച്ച മദ്യപനെ ചോദ്യം ചെയ്ത ഭര്‍ത്താവിനു പോലിസിന്റെ ക്രൂരമര്‍ദനം. പോലിസുകാര്‍ ഭര്‍ത്താവിനെ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയതോടെ ഒന്നരമാസം പ്രായമുള്ള കുട്ടിയുമായി സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ടുപോയ യുവതി കുഴഞ്ഞുവീണു. കല്‍പ്പറ്റ പൂത്തൂര്‍ വയല്‍ കാരാട്ട് ഹൗസില്‍ ജംഷീര്‍ (28), ഭാര്യ ആഷിദ(21) എന്നിവര്‍ക്കും ഒന്നര മാസം പ്രായമുള്ള കുഞ്ഞിനുമാണ് ദാരുണാനുഭവമുണ്ടായത്.കെഎസ്ആര്‍ടിസി ബസില്‍ പുതിയകാവില്‍നിന്നു കരുനാഗപ്പള്ളിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ബസിലുണ്ടായിരുന്ന ആലപ്പുഴ ഹസീബ് മന്‍സിലില്‍ ഹസീബ് (32), ആഷിദയുടെ ദേഹത്തു തൊട്ടുരുമുകയും പിന്നീട് കടന്നുപിടിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട ജംഷീര്‍, ഹസീബിനോട് ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീതുചെയ്തു. മദ്യപിച്ചിരുന്ന ഹസീബ് വീണ്ടും ആഷിദയെ കടന്നുപിടിച്ചതോടെ ബസില്‍ വാക്കേറ്റവും ഇരുവരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. ബസ് കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയപ്പോള്‍ വീണ്ടും ആഷിദയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്നു ജംഷീറും ഹസീബും തമ്മില്‍ സ്റ്റാന്‍ഡില്‍ ഉന്തുംതള്ളും ഉണ്ടാകുകയും ഹസീബിനു നേരിയതോതില്‍ പരുക്കേല്‍ക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലിസുകാര്‍ ജംഷീറിന്റെയും ആഷിദയുടെയും പരാതി കേള്‍ക്കാന്‍ തയാറായില്ല.ജംഷീറിനെയും ഹസീബിനെയും സ്‌റ്റേഷനിലെത്തിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഡി ചാര്‍ജ് എഎസ്‌ഐ. ഷാജഹാന്‍, ജംഷീറിനെ മര്‍ദിക്കുകയായിരുന്നു. ഭര്‍ത്താവിനെ പോലിസ് കൊണ്ടുപോയതോടെ കൈക്കുഞ്ഞുമായി സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ട ആഷിദ തലചുറ്റി വീണു. തുടര്‍ന്നു യാത്രക്കാര്‍ ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജംഷീര്‍ കരുനാഗപ്പള്ളി സ്വദേശിയായ പൊതുമരാമത്ത് കോണ്‍ട്രാക്ടറുടെ ജോലിക്കാരനാണ്. വിവരമറിഞ്ഞെത്തിയ കോണ്‍ട്രാക്ടര്‍ സ്‌റ്റേഷനിലെത്തി ജംഷീറിനെ ജാമ്യത്തിലിറക്കി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day