|    Nov 14 Wed, 2018 7:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ നീക്കം

Published : 14th March 2018 | Posted By: kasim kzm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെ ന്‍ഷന്‍ പ്രായം 60ലേക്ക് ഉയര്‍ത്താനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വി ടി ബല്‍റാമാണ് അവതരണാനുമതി തേടിയത്.
കെഎസ്ആര്‍ടിസിയുടെ മറപിടിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. അത്തരത്തില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നറിയിപ്പു നല്‍കി. സംസ്ഥാനത്തു പൊതുവേ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന ഒരു നിര്‍ദേശവും സര്‍ക്കാരിന് മുന്നിലില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. അത്തരമൊരു ആലോചനയുമില്ല. എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ ഇക്കാര്യം ആലോചിച്ചുവരികയാണ്. തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്നായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. വിഷയത്തില്‍ ഒ രാജഗോപാലും പി സി ജോര്‍ജും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കെഎസ്ആര്‍ടിസിയിലെ നിയമനങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണെന്നും വി ടി ബല്‍റാം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ത്തന്നെ നിയമന നിര്‍ദേശം ലഭിച്ച പലര്‍ക്കും നിയമന ഉത്തരവ് ലിക്കാതെ പുറത്തുനില്‍ക്കേണ്ടി വന്നിരിക്കുകയാണ്. ജോലിക്രമീകരണത്തിന്റെ ഭാഗമായി പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. മുന്‍ സര്‍ക്കാരിന്റെ കാലത്തു പെന്‍ഷന്‍ ഏകീകരണം പിന്‍വലിച്ച് പ്രായം 56 ആക്കിയതിനെതിരേ നിലവിെല സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെ ഡിവൈഎഫ്‌ഐ നേതാക്കള്‍ സഭയ്ക്കുള്ളിലും പുറത്തും നടത്തിയ പ്രക്ഷോഭങ്ങളും പ്രതിഷേധവും ബല്‍റാം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ എവിടെ പോയെന്നു ചോദിച്ച ബല്‍റാം, സര്‍ക്കാര്‍ നീക്കത്തെ  എഐവൈഎഫ് എതിര്‍ത്തതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. കെഎസ്ആര്‍ടിസി എംഡി പോലും പെന്‍ഷന്‍ പ്രായം 58 ആക്കിയാല്‍ മതിയെന്നു പറയുമ്പോള്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത് 60 ആയി ഉയര്‍ത്താനാണെന്നും ബല്‍റാം ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസി ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിനു സുശീല്‍ ഖന്ന കമ്മീഷന്‍ നല്‍കിയ റിപോര്‍ട്ട് പ്രകാരമാണു പെന്‍ഷന്‍ പ്രായം വര്‍ധനവെന്ന നിര്‍ദേശം വന്നിട്ടുള്ളതെന്നു മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരിച്ചു. കോര്‍പറേഷനെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ എല്ലാ പാര്‍ട്ടികളും ഇതു ചര്‍ച്ച ചെയ്യണം. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതു യുവജനങ്ങളുടെ ജോലി സാധ്യതയെ ബാധിക്കില്ല. ചെറുപ്പക്കാരുടെ തൊഴിലവസരം സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സര്‍വീസിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴില്‍സാധ്യത നിലനിര്‍ത്തും.
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ആദ്യമല്ല. അതേക്കുറിച്ച് മുന്‍ ഗതാഗതമന്ത്രിമാരോട് ചോദിച്ചാല്‍ അറിയാം. പെന്‍ഷന്‍ പ്രായം 58 ആക്കണമെന്നു കെഎസ്ആര്‍ടിസി എംഡി പറഞ്ഞിട്ടില്ല. അത്തരം വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമാണെന്ന് ഇറങ്ങിപ്പോക്കിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ സര്‍വീസിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിന്റെ ആദ്യപടിയാണ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ കടുത്ത പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പും നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ പ്രക്ഷോഭം നടത്തിയവര്‍ക്ക് ഇപ്പോള്‍ പുനര്‍വിചിന്തനമുണ്ടായതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ചുകൊണ്ട് കെ എം മാണി ഇറങ്ങിപ്പോക്കില്‍ പങ്കുചേര്‍ന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss