|    Apr 21 Sat, 2018 9:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കെഎസ്ആര്‍ടിസി : പണിമുടക്ക് ആഹ്വാനവുമായി ഭരണാനുകൂല സംഘടന

Published : 15th July 2017 | Posted By: fsq

 

എച്ച്  സുധീര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരേ സ്വരം കടുപ്പിച്ച് ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ രംഗത്ത്. ഇപ്പോള്‍ നടപ്പാക്കുന്നത് തൊഴിലാളിവിരുദ്ധ നയങ്ങളാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ പോഷകസംഘടനയായ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍(എഐടിയുസി) രംഗത്തുവന്നു. പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് ആഹ്വാനം ചെയ്ത സംഘടന ഗുരുതരമായ ആരോപണങ്ങളാണ് സര്‍ക്കാരിനെതിരേ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യൂനിയന്റെ സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ അടുത്ത മാസം രണ്ടിന് 24 മണിക്കൂര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തുഗ്ലക്ക് പരിഷ്‌കാരം അവസാനിപ്പിക്കുക, മെക്കാനിക്ക് ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കാരം പുനപ്പരിശോധിക്കുക, കണ്ടക്ടര്‍/ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ക്കുള്ള അമിതഭാരം ഒഴിവാക്കുക, എം പാനല്‍ ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം പിരിച്ചുവിട്ട മുഴുവന്‍ ജീവനക്കാരെയും തിരിച്ചെടുക്കുക, ഇവരുടെ മിനിമം വേതനമായ 600 രൂപ ഉറപ്പുവരുത്തുക, സമാന്തര/സ്വകാര്യ ബസ് മാഫിയകള്‍ക്കെതിരേയും ജീവനക്കാര്‍ക്കെതിരായ ആക്രമണങ്ങളിലും നടപടി സ്വീകരിക്കുക, മുടങ്ങിയ ബസ് ബോഡി നിര്‍മാണം പുനരാരംഭിക്കുക, ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കുക, ഇടതുപക്ഷ നയങ്ങളിലൂന്നിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മാത്രം കോര്‍പറേഷനില്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. മാനേജ്‌മെന്റിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനമാണ് യോഗത്തിലുണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരുവര്‍ഷം പിന്നിട്ടിട്ടും ശമ്പളവും പെന്‍ഷനും മുടങ്ങുന്നതില്‍ യോഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. കേരളം ഭരിക്കുന്നത് തൊഴിലാളി സര്‍ക്കാരല്ല, തൊഴിലാളിവിരുദ്ധ സര്‍ക്കാരാണെന്നു വ്യക്തമാക്കിയ ഭാരവാഹികള്‍ ഇനിയും കാത്തിരിക്കാനാവില്ലെന്ന മുന്നറിയിപ്പും നല്‍കി. എഐടിയുസി ജനറല്‍ സെക്രട്ടറിയും യൂനിയന്‍ പ്രസിഡന്റുമായ കെ പി രാജേന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കെഎസ്ആര്‍ടിസിയിലെ വിജിലന്‍സ് ഓഫിസര്‍ക്കെതിരേയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. രാഷ്ട്രീയ പക്ഷപാതപരമായി എതിര്‍യൂനിയനിലെ തൊഴിലാളികളെ ഉപദ്രവിക്കാന്‍ അസോസിയേഷന്‍ നേതാവു കൂടിയായ വിജിലന്‍സ് ഓഫിസര്‍ പദവി ദുരുപയോഗം ചെയ്യുന്നതായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം ഇതുവരെ ഒരു ബസ്സുപോലും പുറത്തിറക്കിയിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയ ചേസിസുകള്‍ ബോഡിനിര്‍മാണം പൂര്‍ത്തിയാക്കിയതിനു ശേഷം എംപാനല്‍ മെക്കാനിക്ക് ജീവനക്കാരെ പൂര്‍ണമായും പിരിച്ചുവിട്ടു. ഇതൊന്നും എല്‍ഡിഎഫ് നയമല്ലെന്നും വിമര്‍ശനമുയര്‍ന്നു. നിലവിലെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ കൈയും കെട്ടി നോക്കിയിരിക്കാന്‍ കഴിയില്ലെന്നാണ് യൂനിയന്‍ നിലപാട്. ഇതേത്തുടര്‍ന്നാണ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവാന്‍ യോഗം തീരുമാനിച്ചത്. പണിമുടക്കുമായി ബന്ധപ്പെട്ട് ഈ മാസം 20 മുതല്‍ 29 വരെ ജില്ലാതല സമരപ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും. 17ന് ഉച്ചയ്ക്ക് പണിമുടക്ക് നോട്ടീസ് ചീഫ് ഓഫിസില്‍ നല്‍കും. ഓപണ്‍ ഫോറവും ജനകീയ സദസ്സുകളും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss