|    Jan 19 Thu, 2017 1:54 am
FLASH NEWS

‘കെഎസ്ആര്‍ടിസി നന്നാക്കിയിട്ടു മതി എയര്‍ കേരള: മുഖ്യമന്ത്രി

Published : 19th June 2016 | Posted By: SMR

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി നന്നാക്കിയിട്ടു വേണം എയര്‍ കേരളയെക്കുറിച്ചു ചിന്തിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വ്യോമയാന നയത്തോടെ എയര്‍ കേരള തുടങ്ങുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിക്കിട്ടിയതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിലാണ് പിണറായി ഈ മറുപടി നല്‍കിയത്.
ഒരു പണിക്കിറങ്ങുമ്പോള്‍ നമ്മള്‍ ആ മേഖലയില്‍ മിടുക്കരാണെന്ന് ബോധ്യം വരണം. എന്നിട്ടു വേണം ഇത്തരം കാര്യങ്ങളെല്ലാം ആലോചിക്കാനെന്ന് പിണറായി പറഞ്ഞു. ലാവ്‌ലിന്‍ കേസ് ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും പിണറായി വ്യക്തമാക്കി. ഇത്തരമൊരു കേസ് നിലനില്‍ക്കില്ലെന്ന് പരിശോധനയും വാദവും കേട്ട ശേഷം കോടതി തള്ളിയതാണ്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താനുള്ള നീക്കം അനുവദിക്കില്ല. ഇക്കാര്യത്തില്‍ കോടതിയെ ധിക്കരിക്കുകയല്ല കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുകയാണു ചെയ്യുക. അണക്കെട്ട് സംബന്ധിച്ച് പഠനം നടത്താന്‍ അന്താരാഷ്ട്ര വിദഗ്ധ സംഘത്തെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
തമിഴ്‌നാടിന്റെയും കേന്ദ്രത്തിന്റെയും സഹകരണത്തോടെ മാത്രമേ പഠനം നടത്താന്‍ സാധിക്കൂ. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉദാര സമീപനം സ്വീകരിക്കേണ്ടി വരും. ആളുകളുടെ വിഷമം ലഘൂകരിക്കാന്‍ നടപടിയെടുക്കും. പൊതുപ്രവര്‍ത്തനത്തിന് പ്രായപരിധി നിശ്ചയിക്കേണ്ടതില്ലെന്നും സന്നദ്ധതയാണ് പ്രധാനമെന്നും പിണറായി പറഞ്ഞു. സന്നദ്ധതയുണ്ടെങ്കില്‍ അത് സമൂഹം അംഗീകരിക്കും.
ജിഷ കേസില്‍ മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന ജിഷയുടെ പിതാവ് പാപ്പുവിന്റെ പരാമര്‍ശത്തോട് അദ്ദേഹത്തിന്റെ കൂടെയിരിക്കുന്നവര്‍ ആരെന്നു നോക്കിയാല്‍ കാര്യം മനസ്സിലാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമൃത ആശുപത്രിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ല. സിപിഎം അക്രമം പഠിക്കാന്‍ സര്‍വകക്ഷി സംഘം വേണമെന്ന ബിജെപി ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ആരുടെയും സാമ്രാജ്യമല്ല.
ജയരാജന്റെ മുഹമ്മദലി അനുസ്മരണം സംബന്ധിച്ച ചോദ്യത്തിന് ടെലിവിഷന്‍കാരുടെ അതിവേഗത്തിലുള്ള പ്രതികരണത്തിന് വഴങ്ങുന്നതുകൊണ്ടു സംഭവിച്ചതാണെന്നും അത് എല്ലാവര്‍ക്കുമുള്ള അനുഭവമാണെന്നും പിണറായി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക