|    Oct 19 Thu, 2017 1:00 pm
FLASH NEWS

കെഎസ്ആര്‍ടിസി തിരുവല്ല ഡിപ്പോയില്‍ പണിമുടക്ക്; ജനം വലഞ്ഞു

Published : 9th July 2016 | Posted By: SMR

തിരുവല്ല: കെഎസ്ആര്‍സി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തിരുവല്ല ഡിപ്പോയില്‍ നടന്ന പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ പുലര്‍ച്ചെ അഞ്ചു മുതല്‍ ഡിപ്പോയിലെ ജീവനക്കാര്‍ നടത്തിയ സമരം ഉച്ചയ്ക്ക് രണ്ടിനാണ് അവസാനിച്ചത്. സമരത്തെതുടര്‍ന്ന് ഡിപ്പോയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ നിലച്ചു.
സമരത്തിനു മുന്‍കൂട്ടി നോട്ടിസ് നല്‍കിയിരുന്നെങ്കിലും പെരുവഴിയില്‍ കുടുങ്ങിപ്പോയ സ്ഥിതിയിലായിരുന്നു യാത്രക്കാര്‍. നാലരയ്ക്ക് പുറപ്പെടുന്ന തൃശൂരിലേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ മാത്രമാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടുവരെയുള്ള സമയത്തിനുള്ളില്‍ സര്‍വീസ് നടത്തിയത്. ബസ് സ്റ്റാന്‍ഡിന്റെ കവാടം അടച്ച് നടത്തിയ സമരത്തെ തുടര്‍ന്ന് മറ്റ് ഡിപ്പോകളില്‍ നിന്നെത്തിയ ബസ്സുകള്‍ക്ക് സ്റ്റാന്‍ഡിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. ഇത് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കിനും വഴിതെളിച്ചു.
പ്രവര്‍ത്തി ദിവസമായ ഇന്നലെ കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന ദേശസാല്‍കൃത റൂട്ടുകളിലെ ചെയിന്‍ സര്‍വീസുകള്‍ അടക്കം നിലച്ചതോടെ ജനങ്ങള്‍ ഏറെ കഷ്ടപ്പെട്ടു. മറ്റു ഡിപ്പോകളിലെ ബസ്സുകള്‍ ബസ് ടെര്‍മിനലിന് മുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കി പോവുകയായിരുന്നു. സമരം കഴിഞ്ഞിട്ടും സര്‍വീസുകള്‍ തുടങ്ങാന്‍ വൈകി. കഴിഞ്ഞ മൂന്നിന് രാവിലെ 9.15ന് ചങ്ങനാശ്ശേരി നഗരസഭാ കാര്യാലയത്തിനു സമീപമാണ് ഡ്രൈവര്‍ ജെയിംസിന് മര്‍ദ്ദനമേറ്റത്.
ബസ് സൈലോ കാറില്‍ ഉരസിയെന്ന് ആരോപിച്ച് ബസ് തടഞ്ഞിട്ട് കാര്‍ െ+ഡ്രെവര്‍ മര്‍ദ്ദിച്ചെന്നാണ് കേസ്. സംഭവത്തില്‍ പ്രതി കെഎസ്ഇബി ജീവനക്കാരനാണെന്നും പ്രതിയുടെ ഉന്നതബന്ധം കാരണമാണ് അറസ്റ്റ് വൈകുന്നതെന്നും ആക്ഷേപമുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി സിഐടിയു തൊഴിലാളികള്‍ അധികൃതര്‍ക്ക് ഇന്നലെ വീണ്ടും നോട്ടിസ് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക