|    Sep 23 Sat, 2017 5:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കെഎസ്ആര്‍ടിസി: ജീവനക്കാരുടെ പ്രവൃത്തിസമയം എട്ടു മണിക്കൂറാക്കി

Published : 10th August 2017 | Posted By: fsq

 

എച്ച് സുധീര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഓഫിസര്‍മാരുടെയും മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും പ്രവൃത്തിസമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ച എട്ടു മണിക്കൂറായി ഉയര്‍ത്തി. നിലവില്‍ ഓഫിസര്‍മാരുടെയും മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും പ്രവൃത്തിസമയം രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ്. ഇവരുടെ പ്രവൃത്തിസമയം ഈ മാസം 16 മുതല്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയായി പുനഃക്രമീകരിച്ചാണ് 8 മണിക്കൂറാക്കിയത്. സിഎംഡിയുടെ നിര്‍ദേശപ്രകാരം അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രവൃത്തിസമയം ഉയര്‍ത്തിയുള്ള സര്‍ക്കുലര്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. ഇതിനു പുറമേ, സര്‍വീസ് ഓപറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യൂനിറ്റ് ഓഫിസര്‍, ഡിപ്പോ എന്‍ജിനീയര്‍, ചീഫ് സ്റ്റോറിലെയും സ്റ്റേഷനറി സ്റ്റോറിലെയും ഓഫിസര്‍മാര്‍, ജീവനക്കാര്‍, നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന സിവില്‍ വിഭാഗത്തിലെ ഓഫിസര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് രണ്ടാം ശനിയാഴ്ച പ്രവൃത്തിദിവസമാക്കിയും നിശ്ചയിച്ചിട്ടുണ്ട്. പുനരുദ്ധാരണ നടപടികളുടെ ഭാഗമായി കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ ജോലിയും സമയവും പുനഃക്രമീകരിച്ചിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധം നിലനില്‍ക്കെയാണ് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പ്രവൃത്തിസമയം ഉയര്‍ത്തി ഉത്തരവിറങ്ങിയത്. ഇതിനെതിരേ പ്രതിഷേധം ശക്തമായി. അതേസമയം, ട്രാന്‍സ്‌പോര്‍ട്ട് ഭവന് (ചീഫ് ഓഫിസ്) മാത്രം രണ്ടാം ശനിയാഴ്ച അവധി നല്‍കി മറ്റുള്ള വിഭാഗത്തിന് രണ്ടാം ശനി പ്രവൃത്തിദിനമാക്കിയ തീരുമാനവും വിമര്‍ശനവിധേയമായിട്ടുണ്ട്. ഇക്കാര്യത്തില്‍ കോര്‍പറേഷന്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്നാണ് വിമര്‍ശനം. പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഇന്നു ട്രാന്‍സ്‌പോര്‍ട്ട് ഭവനും സംസ്ഥാനവ്യാപകമായി കോര്‍പറേഷന്റെ ജില്ലാ ഓഫിസുകളും ഉപരോധിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക