|    Jan 19 Thu, 2017 10:17 am

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ് തകരാര്‍: അന്വേഷണത്തിന് ഉത്തരവിട്ടു

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം തകരാറിലായ സംഭവം അന്വേഷി ക്കാന്‍ ഗതാഗതമന്ത്രിയുടെ ഉത്തരവ്. ഗതാഗതവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനോടാണ് എത്രയും വേഗം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, നഷ്ടമായ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി കരാറുകാരായ കെല്‍ട്രോണിന് നോട്ടീസ് നല്‍കി. സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളെ സഹായിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം മനപ്പൂര്‍വം തകരാറിലാക്കിയതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.17ന് വൈകീട്ടാണ് നാലുമണിക്കൂറോളം ഓണ്‍ലൈനിലൂടെയുള്ള ടിക്കറ്റ് ബുക്കിങ് നിലച്ചത്. ബംഗളൂരുവിലേക്കടക്കം മടങ്ങാനിരുന്ന മലയാളികള്‍ക്ക് ഇതോടെ മണിക്കൂറുകളോളം ടിക്കറ്റ് ബുക്ക് ചെയ്യാനായില്ല. സെര്‍വര്‍ തകരാറിലായതോടെ ആരൊക്കെയാണ് നേരത്തേ ബുക്ക് ചെയ്‌തെന്നോ ഓരോ സ്‌റ്റേഷനില്‍ നിന്നും എത്രപേര്‍ കയറുമെന്നോ അറിയാതെയാണ് ദീര്‍ഘദൂര ബസ്സുകള്‍ അന്ന് സര്‍വീസ് നടത്തിയത്. 12 ലക്ഷത്തോളം രൂപ ഈയിനത്തില്‍ നഷ്ടം വന്നുവെന്നാണ് വിലയിരുത്തല്‍. ഈ നഷ്ടം അടുത്തമാസത്തെ കമ്മീഷന്‍ തുകയില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് കാണിച്ചാണ് കെല്‍ട്രോണിന് കെഎസ്ആര്‍ടിസി നോട്ടീസ് നല്‍കിയിരിക്കുന്നത്.
കരാറെടുത്ത കെല്‍ട്രോണാവട്ടെ കോഴിക്കാട് ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ഉപകരാര്‍ കൊടുത്തിരിക്കുകയാണ്. സൊസൈറ്റിയാവട്ടെ ബംഗളൂരു ആസ്ഥാനമായ മറ്റൊരു  ഐടി കമ്പനിക്കും. ഓണ്‍ലൈന്‍ സംവിധാനം തകരാറിലായ സംഭവത്തില്‍ സൊസൈറ്റിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സൊസൈറ്റി ആര്‍ക്കെങ്കിലും കരാര്‍ മറിച്ചുകൊടുത്തതായി അറിയില്ലെന്നുമായിരുന്നു കെല്‍ട്രോണ്‍ എംഡിയുടെ വിശദീകരണം. കരാറെടുത്തവരും മറിച്ചുകൊടുത്തവരും പരസ്പരം പഴിചാരുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് വകുപ്പ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക