|    Oct 18 Thu, 2018 10:24 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കെഎസ്ആര്‍ടിസി : ഓണക്കാല വരുമാനം 46.48 കോടി രൂപ

Published : 8th September 2017 | Posted By: fsq

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ഓണക്കാലത്ത് 46,48,05,262 രൂപയുടെ റെക്കോഡ് വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 കോടി രൂപ അധികമാണിത്. കഴിഞ്ഞ വര്‍ഷം കോര്‍പറേഷന്റെ വരുമാനം 36,47,39,111 രൂപയായിരുന്നു. ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 6 വരെ എട്ടു ദിവസം 9,222 ഷെഡ്യൂളുകള്‍ ഓപറേറ്റ് ചെയ്യാനായി. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ 32,176 ഷെഡ്യൂളുകളാണുണ്ടായിരുന്നത്. അതേസമയം, കെയുആര്‍ടിസി ബസ്സുകളുടെ വരുമാനത്തില്‍ ചെറിയ കുറവുണ്ടായി. കഴിഞ്ഞ ഓണക്കാലത്ത് 49,53, 402 രൂപയായിരുന്നു വരുമാനം. ഇത്തവണ അത് 45,64,321 രൂപയായി കുറഞ്ഞു. ഓണക്കാലം മുന്‍നിര്‍ത്തി വരുമാനം വര്‍ധിപ്പിക്കുന്നതിന് കര്‍ശന നടപടികളാണ് കോര്‍പറേഷന്‍ സ്വീകരിച്ചത്. ജീവനക്കാരുടെ അവധി നിയന്ത്രിക്കുന്നതിനു പുറമേ നാല് ഓണാവധിദിവസങ്ങളില്‍ ഒരുദിവസമെങ്കിലും ഓപറേറ്റിങ് വിഭാഗത്തിലെ ജീവനക്കാര്‍ എത്തണമെന്നു നിര്‍ദേശിച്ചിരുന്നു. പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകളും അന്തര്‍സംസ്ഥാന സര്‍വീസുകളും വര്‍ധിപ്പിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തി. ഓണക്കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക സര്‍വീസുകള്‍ 12 വരെ തുടരും. 30ന് 6,13,89,125 രൂപയും 31ന് 6,56,53,521 രൂപയും ഒന്നിന് 6,06,72,822 രൂപയും രണ്ടിന് 6,20,03,718 രൂപയും മൂന്നിന് 5,92,23,448 രൂപയും അഞ്ചിന് 5,57,43,227 രൂപയും ആറിന് 6,00,30,778 രൂപയുമാണ് വരുമാനം ലഭിച്ചത്. ഓണക്കാലത്ത് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കും മികച്ച വരുമാനമാണു ലഭിച്ചത്. കോര്‍പറേഷന്റെ തിരുവനന്തപുരം, കോഴിക്കോട് സോണുകളാണ് മികച്ച വരുമാനം നേടിയത്. തിരുവനന്തപുരം സോണില്‍ 4.75 കോടി രൂപയും കോഴിക്കോട് സോണില്‍ 4.69 കോടി രൂപയും വരുമാനം ലഭിച്ചു. ഓണക്കാലത്ത് ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ് നേരത്തേ തന്നെ തീര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മാത്രം 13 ബസ്സുകളാണ് കോഴിക്കോട് സോണില്‍ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്ക് അധികമായി സര്‍വീസ് നടത്തിയത്. തിരുവനന്തപുരം, എറണാകുളം സോണുകളില്‍ 18 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി അധികമായി ഏര്‍പ്പെടുത്തിയത്. മഹാനവമി, വിജയദശമി, മുഹര്‍റം, ഗാന്ധിജയന്തി എന്നിവ പ്രമാണിച്ച് 27 മുതല്‍ ഒക്ടോബര്‍ നാലു വരെ കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നു മൈസൂരു-ബംഗളൂരു മേഖലകളിലേക്കാണ് അധിക സര്‍വീസ് നടത്തുക.  അതേസമയം, കെഎസ്ആര്‍ടിസിയുടെ പ്രതിദിന നഷ്ടം ആറുകോടിയിലേറെ രൂപയാണെന്ന് സിഎംഡി എം ജി രാജമാണിക്യം വെളിപ്പെടുത്തിയിരുന്നു. ഡ്യൂട്ടി പരിഷ്‌കാരം ഉള്‍പ്പെടെയുള്ളവയ്ക്കു പിന്തുണ തേടി സിഎംഡി ജീവനക്കാര്‍ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതിസന്ധിയില്‍ നിന്നു കരകയറിയാല്‍ ഇപ്പോഴത്തെ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുമെന്നും കത്തില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss