|    Sep 22 Fri, 2017 10:02 am

കെഎസ്ആര്‍ടിസി അനധികൃത സര്‍വീസ് നടത്തുന്നെന്ന്; പരാതി സ്വകാര്യബസ് തൊഴിലാളികള്‍ 30ന് പണിമുടക്കും

Published : 24th September 2016 | Posted By: SMR

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി റൂട്ടില്‍ കെഎസ്ആര്‍ടിസി അനധികൃത സര്‍വീസ് നടത്തുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ 30ന് സൂചനാ പണിമുടക്ക് നടത്തും.
തുടര്‍ന്ന് കലക്ടറേറ്റ് മാര്‍ച്ചുമുണ്ടാവുമെന്നു ജില്ലാ പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിരവധി തവണ അധികൃതര്‍ക്കു മുന്നില്‍ ഈ വിഷയം ഉന്നയിച്ചിട്ടും പ്രശ്‌നത്തില്‍ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചാണ് പ്രത്യക്ഷസമരപരിപാടികളിലേക്ക് നീങ്ങാന്‍ തൊഴിലാളികളുടെ സംയുക്തയോഗം തീരുമാനിച്ചത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഇണ്ടാവുന്നില്ലെങ്കില്‍ ഒക്‌ടോബര്‍ അഞ്ചു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും.
മാനന്തവാടി- സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ 24 ബസ്സുകളിലായി 144 ട്രിപ്പുകള്‍ നടത്തുന്നുണ്ട്. കൂടാതെ പനമരത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും വരുന്ന സര്‍വീസുകളുമുണ്ട്. ഇതിനിടയിലാണ് 12 സര്‍വീസുകളുടെ പെര്‍മിറ്റ് മാത്രമുള്ള കെഎസ്ആര്‍ടിസി കുടുതലായി ആറു ബസ്സുകള്‍ കൂടി അനധികൃതമായി ഓടിക്കുന്നത്.
160ലധികം തൊഴിലാളികളുടെ ഉപജീവനം നിലയ്ക്കുന്ന സാഹചര്യമാണ് നിലവില്‍. കെഎസ്ആര്‍ടിസിക്ക് തങ്ങള്‍ എതിരല്ല. എന്നാല്‍, ഇത്തരം സര്‍വീസുകള്‍ വഴി കെഎസ്ആര്‍ടിസിക്കും പ്രതിമാസം അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്.
ജില്ലയില്‍ യാത്രാക്ലേശം രൂക്ഷമായ റൂട്ടുകളില്‍ സര്‍വീസ് നടത്താതെയാണ് കെഎസ്ആര്‍ടിസി ഇത്തരം അശാസ്ത്രീയമായി സര്‍വീസ് നടത്തുന്നത്. ഒരു ദിവസം ഏഴായിരം രുപയുടെ ഡീസലടിക്കേണ്ടി വരുന്ന ബസ്സുകള്‍ക്ക് 4,500 രൂപ പോലും ദിവസവരുമാനം കിട്ടാത്ത അവസ്ഥയാണുള്ളത്.
ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് നീക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. എം എസ് സുരേഷ് ബാബു, പി കെ അച്യുതന്‍, പി പി ആലി, ഇ ജെ ബാബു, രാജുകൃഷ്ണ, സി മൊയ്തീന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക