|    Feb 24 Fri, 2017 7:23 am

കെഎസ്ആര്‍ടിസി അഞ്ചുവര്‍ഷം കൊണ്ട് സിഎന്‍ജിയിലേക്ക്

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനുള്ളില്‍  കെഎസ്ആര്‍ടിസിയുടെ എല്ലാ ബസ്സുകളിലും ഇന്ധനം പൂര്‍ണമായും സിഎന്‍ജി ആക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗതാഗതരംഗത്തെ ആധുനികവല്‍ക്കരിക്കുന്നതിനും രാജ്യത്തിന്റെ ഗതാഗതനയരൂപീകരണത്തിനുമായി രൂപംകൊണ്ട ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സിന്റെ നാലാമത് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനച്ചടങ്ങിനുശേഷം രാജ്യത്തെ ആദ്യ എല്‍എന്‍ജി ബസ് മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയ്തു. ഇലക്ട്രിക് കാറുകളും ഇലക്ട്രിക് ഓട്ടോറിക്ഷകളും ബസ്സുകളും സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്നതിന് എല്ലാ പ്രോല്‍സാഹനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. അഞ്ചുവര്‍ഷംകൊണ്ട് കെഎസ്ആര്‍ടിസിയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി 3,000 എല്‍എന്‍ജി-സിഎന്‍ജി ബസ്സുകള്‍ വാങ്ങാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം മാതൃകാപരമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പരിസ്ഥിതി ഡല്‍ഹിയിലേതുപോലെ മലിനമാവാതിരിക്കാന്‍ പ്രകൃതിവാതകത്തിലേക്കുള്ള മാറ്റം സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
മലിനീകരണം കുറച്ച് പൊതുഗതാഗതം ശക്തിപ്പെടുത്താനുള്ള കേന്ദ്രപദ്ധതിയുടെ ഭാഗമായാണ് എല്‍എന്‍ജി സര്‍വീസുകള്‍. ടാറ്റയുടെ ബസ്സാണ് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത എല്‍എന്‍ജി ഇന്ധന ടാങ്കുമായി നിരത്തിലെത്തുക. മൂന്നുമാസത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണ് ബസ് ഓടിക്കുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ വജ്രജൂബിലി വേളയിലാണ്  സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പെട്രോനെറ്റ് എല്‍എന്‍ജിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ചേര്‍ന്ന് പദ്ധതി ഇവിടെ നടപ്പാക്കാന്‍ തീരുമാനിച്ചത്.
കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ മന്ത്രാലയത്തിന്റെയും പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ(പെസോ)യും അംഗീകാരം ലഭിച്ചാലേ എല്‍എന്‍ജി ബസ്സുകള്‍ പൊതുഗതാഗതത്തിനു നിരത്തിലിറക്കാന്‍ സാധിക്കുകയുള്ളൂ. കെഎസ്ആര്‍ടിസി ബസ്സുകള്‍ ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ച് സര്‍വീസ് നടത്തുക വഴി 30 ശതമാനം ഇന്ധനച്ചെലവു കുറയ്ക്കാന്‍ കഴിയുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടല്‍.
എല്‍എന്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വീസ് ബസ് കൂടാതെ മിനി ബസ്സുകള്‍, സൗരോര്‍ജ ഓട്ടോറിക്ഷ എന്നിവയുടെ ഫഌഗ് ഓഫ് ചടങ്ങും മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, രാജസ്ഥാന്‍ ഗതാഗതമന്ത്രി യൂനുസ് ഖാന്‍, സംസ്ഥാന ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സ് ചെയര്‍മാനും രാജസ്ഥാന്‍ ഗതാഗതമന്ത്രിയുമായ യൂനുസ്ഖാന്‍, ഗതാഗതമന്ത്രിമാര്‍, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിമാര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 158 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക