|    Nov 17 Sat, 2018 4:16 pm
FLASH NEWS
Home   >  Kerala   >  

കെഎസ്ആര്‍ടിസിയുടെ ലാഭം : ടോമിന്‍ തച്ചങ്കരി കള്ളം പ്രചരിപ്പിക്കുന്നുവെന്ന് യൂനിയന്‍ നേതാക്കള്‍

Published : 4th August 2018 | Posted By: G.A.G

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരി കള്ളം പ്രചരിക്കിപ്പിക്കുകയാണെന്നും വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാമെന്ന് കരുതരുതെന്നും സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍. 7ന് നടത്തുന്ന മോട്ടോര്‍ തൊഴിലാളി യുനിയനുകളുടെ സംയുക്ത സമരത്തെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുന്നതിനിടയിലാണ് കെഎസ്ആര്‍ടിസി ലാഭകരമാണെന്ന കണക്കുകള്‍ നിഷേധിച്ച് യൂനിയന്‍ നേതാക്കള്‍ രംഗത്തെത്തിയത്. ഇതിനായി മുന്‍കാല കണക്കുകള്‍ മാധ്യമപ്രവര്‍ത്തര്‍ക്ക് മുമ്പില്‍ നിരത്തിയ നേതാക്കള്‍, യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും ആരോപിച്ചു.
ബാങ്ക് കണ്‍സോര്‍ഷ്യം വഴി ദീര്‍ഘകാല വായ്പ ലഭിച്ചതിനാല്‍ തിരിച്ചടവില്‍ ദൈനംദിനം 2.15 കോടിയുടെ കുറവുണ്ടായി. ഇതിനോടൊപ്പം ചാര്‍ജ് വര്‍ധനവിലൂടെ ദിവസവും 40 ലക്ഷം രൂപയുടെ അധിക വരുമാനവും ലഭിച്ചു. ഈക്കാര്യം മറച്ച് വച്ച് താന്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്കാരം വഴി കെഎസ്ആര്‍ടിസി ലാഭത്തിലേക്ക് കുതിക്കുകയാണെന്ന് സിഎംഡി മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നു. ഇതിനോടൊപ്പം ജീവനക്കാര്‍ക്ക് പ്രതിദിനം 5000 രൂപ വരുമാനമുണ്ടെന്ന് പ്രചരണം നടത്തുന്നതുകാരണം ആദായ നികുതി ഉദ്യോഗസ്ഥര്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ വീടുകള്‍ കയറിയിറങ്ങുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
സ്ഥാപനത്തെ മുന്നു മേഖലയാക്കി വിഭജിക്കുന്നതിനോട് യോജിക്കുന്നുവെങ്കിലും മുന്നു കോര്‍പ്പറേഷനുകളാക്കി മാറ്റുന്നതിനെ അനുകൂലിക്കാന്‍ കഴിയില്ല. തൊഴിലാളി യൂനിയനുകളുമായി ആലോചിക്കാതെ ഏകപക്ഷീയമായി നടപ്പാക്കുന്ന പരിഷ്‌കരണ നടപടികള്‍ കെഎസ്ആര്‍ടിസിയെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുകയാണ്. പിങ്ക് ബസ്, ഫ്‌ളൈ ബസ്, ചില്‍ ബസ് സര്‍വീസുകള്‍ ഇതിനു ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ത്താ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുകയെന്നതിനപ്പുറം ക്രീയാത്്മകമായ യാതൊരു നടപടികളും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ഈക്കാര്യം മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. സര്‍ക്കാരും മുന്‍ മേധാവികളും തൊഴിലാളികളും കൈകോര്‍ത്തുണ്ടാക്കിയ നേട്ടം തന്റേതാക്കി മാറ്റുന്നതിനും അസത്യ പ്രചരണം നടത്തി തൊഴിലാളി പീഡനം നടത്തുകയുമാണ് സിഎംഡി ടോമിന്‍ ജെ തച്ചങ്കരി.
സര്‍ക്കാര്‍ തീരുമാനമാണ് സിഎംഡി ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്നതെങ്കില്‍ അതിനെ അംഗീകരിക്കില്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് നിയമപ്രകാരം ട്രേഡ് യൂനിയന്‍ നേതാക്കളെ യൂനിയന്‍ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ജയിലില്‍ അടച്ചാല്‍ അതിന് സന്തോഷമേയുള്ളൂ. അഴിമതിക്കോ, മോഷണത്തിനോ, കള്ളകടത്തിനോ, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനോ, അനധികൃത കാസറ്റ് കച്ചവടത്തിനോ അല്ല തങ്ങള്‍ പ്രതികളാകുന്നതെന്നും ട്രേഡ് യുനിയന്‍ നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കെഎസ്്ആര്‍ടിഇഎ(സിഐടിയു) ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, കെഎസ്ടിഡിയു ജനറല്‍ സെക്രട്ടറി ആര്‍ അയപ്പന്‍, കെഎസ്ടിഇയു(എഐടിയുസി) ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍, കെഎസ്്ടിഡബ്യുയു(ഐഎന്‍ടിയുസി) ജനറല്‍ സെക്രട്ടറി ആര്‍ ശശിധരന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss