|    Jul 24 Mon, 2017 2:17 pm

കെഎസ്ആര്‍ടിസിയുടെ ഭൂമി 50 കോടിക്ക് പണയപ്പെടുത്തി

Published : 30th July 2016 | Posted By: SMR

പെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയരികില്‍ പെരിന്തല്‍മണ്ണ ടൗണിലുള്ള കെഎസ്ആര്‍ടിസിയുടെ 2.28 ഏക്കര്‍ ഭൂമി 50 കോടി രൂപയ്ക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് പണയപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് പണയാധാരം പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ റേണിജോര്‍ജ് മുമ്പാകെ രജിസ്റ്റര്‍ ചെയ്തത്. കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോ രാവിലെ ഡിപ്പോ സന്ദര്‍ശിച്ച ശേഷമാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പുര്‍ത്തിയാക്കിയത്. തിരുവനന്തപുരം എസ്ബിടി ചീഫ് മാനേജരാണ് ബാങ്കിന്റെ പ്രതിനിധിയായി രജിസ്‌ട്രേഷന്‍ ഓഫിസില്‍ എത്തിയത്.
3225 നമ്പറായാണ് പണയാധാരം രജിസ്റ്റര്‍ ചെയ്തത്. ‘വാണിജ്യ ബാങ്കുളുടെ പേരില്‍  50കോടി രൂപ പണയം’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പെരിന്തല്‍മണ്ണ അംശം ദേശത്തില്‍ നാല് സര്‍വേ നമ്പറുകളിലായാണ് ഇത്രയും ഭൂമിയുള്ളത്. ഇതില്‍ ഓഫിസും യാത്രക്കാരുടെ വിശ്രമകേന്ദ്രവും ഉള്‍പെടുന്ന കെട്ടിടം, ഗ്യരേജ്, പെട്രോള്‍ പമ്പ്, പാര്‍ക്കിങ് ഏരിയ, ജീവനക്കാരുടെ സ്‌റ്റേറൂമുകളടങ്ങിയ ഷെഡ്ഡ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പണയപ്പെടുത്തിയ 2.28 ഏക്കര്‍. സര്‍വേ നമ്പര്‍ 45/3ല്‍ 33.20 ആറും, സര്‍വേ നമ്പര്‍ 63/1ല്‍ 23. 48 ആറും, സര്‍വേ നമ്പര്‍ 44/17ബി യില്‍ 34.82 ആറും, സര്‍വേ  നമ്പര്‍ 51/1ല്‍ 0.81ആറും മാണ് പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പേരിലുള്ള ഭൂമിയുടെ വിസ്തൃതി. ജീവനക്കാര്‍ക്ക് ഡിപ്പോ ഒന്നാകെ പണയപ്പെടുത്തുന്നത് സംബന്ധിച്ച് യാതെരു വിവരവും നേരത്തെ ലഭിച്ചിരുന്നില്ല. എംഡിയും അനുബന്ധ ഉദ്യോഗസഥരും എത്തി പ്രദേശം നടന്നുകണ്ടതോടെയാണ് ജീവനക്കാര്‍ വിരങ്ങള്‍ അറിഞ്ഞത്. സംസ്ഥാനത്തൊട്ടാകെ ഇതിനകം 55 ഡിപ്പോകള്‍ കെഎസ്ആര്‍ടിസി പണയപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മലപ്പുറം, പൊന്നാനി, എടപ്പാള്‍, നിലമ്പുര്‍ ഡിപ്പോകളില്‍ ഇതിനകം പണയംവച്ചുകഴിഞ്ഞു. കെഎസ്ആര്‍ടിസിയൂടെ നവീകരണത്തിനായി വാണിജ്യബാങ്കുകളില്‍ നിന്ന് പണംസ്വരൂപിക്കാനാണ്  ഡിപ്പോകളുടെ കണ്ണായ ഭൂമി പണയപ്പെടുത്തുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇതേ നടപടി സ്വീകരിച്ചതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ഇടത് ഭരണകൂടവും പണയംവയ്ക്കല്‍ നടപടി തുടരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക