|    Oct 23 Mon, 2017 10:10 am

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; വിദ്യാര്‍ഥികളും കണ്ടക്ടര്‍മാരും തമ്മില്‍ തര്‍ക്കം പതിവാകുന്നു

Published : 1st July 2016 | Posted By: SMR

കൊടുവള്ളി: ബൈറൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം നല്‍കാന്‍ കെഎസ്ആര്‍ടിസി ഇനിയും തയ്യാറായില്ല. ഇത് മൂലം കുറഞ്ഞ കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമോടുന്ന ഉള്‍നാടന്‍ റൂട്ടുകളില്‍ വിദ്യാര്‍ഥികളും കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരുമായുള്ള തര്‍ക്കം പതിവാകുന്നു.
പടനിലം മുതല്‍ സിഎം മഖാം വഴി നരിക്കുനിയിലേക്കും താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും കൊടുവളളി ഓമശ്ശേരി റൂട്ടിലും ഉള്‍പ്പെടെ പല ഉള്‍നാടന്‍ റൂട്ടുകളിലുമാണ് കെഎസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നത്. ഏകദേശം ആറു മാസം മുമ്പാണ് ബൈ റൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിലൂടെ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയത്.
ഉത്തരവിന്റെ പകര്‍പ്പ് കെഎസ്ആര്‍ടിസി തിരുവനന്തപുരം മാനേജിംങ് ഡയറക്ടര്‍ കം ഇ ഡി ഓപ്പറേഷന് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ഉത്തരവ് നടപ്പാക്കാമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധമായ നിര്‍ദേശം മാനേജിംങ് ഡയറക്ടര്‍ വിവിധ യൂനിറ്റ് അധികാരികള്‍ക്ക് അയച്ചുകൊടുത്തതായും ബന്ധപ്പെട്ടവരില്‍ നിന്നറിയാന്‍ കഴിഞ്ഞു. എന്നാല്‍, വിദ്യാലയങ്ങള്‍ തുറന്ന് മാസമൊന്ന് കഴിഞ്ഞിട്ടും താമരശ്ശേരി സബ് ഡിപ്പോ അധികൃതര്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ ചുണ്ടിക്കാട്ടുന്നത്.
ഇത് മൂലം പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ നിര്‍ബന്ധിച്ച് പടനിലം ജങ്ഷനില്‍ ഇറക്കിവിടുന്നു. പലരും ആറ് രൂപ ഫുള്‍ ടിക്കറ്റ് നിരക്ക് നല്‍കിയാണ് യാത്ര ചെയ്യുന്നത്. അതേ സമയം, തിരുവനന്തപുരം മാനേജിംങ് ഡയറക്ടര്‍ കം ഇഡി ഓപ്പറേഷനില്‍ നിന്നും വ്യക്തമായൊരു നിര്‍ദേശം ലഭിക്കാത്തതിനാലാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ വൈകുന്നതെന്നാണ് താമരശ്ശേരി എടിഒ പ്രേമരാജന്‍ പ്രതികരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക