|    Dec 11 Tue, 2018 4:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെഎസ്ആര്‍ടിസിക്കെതിരേ ദേവസ്വം ബോര്‍ഡ് നിയമനടപടിയിലേക്കെന്നു സൂചന

Published : 20th November 2018 | Posted By: kasim kzm

ശബരിമല: ദേവസ്വം ബോര്‍ഡ് അനുവദിച്ച സ്ഥലം കെഎസ്ആര്‍ടിസി സ്വകാര്യവ്യക്തിക്ക് കച്ചവടത്തിനു നല്‍കിയതിനെതിരെ ദേവസ്വം ബോര്‍ഡ് നിയമ നടപടിയിലേക്ക്. നിലയ്ക്കലില്‍ നല്‍കിയ സ്ഥലമാണ് എംഡി ടോമിന്‍ തച്ചങ്കരി കച്ചവടത്തിനു നല്‍കിയതെന്നാണ് വിമര്‍ശനം.
മണ്ഡലകാലത്ത് സര്‍വീസ് നടത്താന്‍ വേണ്ടി മാത്രം ദേവസ്വം ബോര്‍ഡ് അനുവദിച്ച സ്ഥലത്താണ് കെഎസ്ആര്‍ടിസി സ്വന്തം നിലയ്ക്ക് ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ സ്ഥലം കൈമാറിയത് ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ഭക്ഷണശാല നിര്‍മിക്കുന്നതിനു വേണ്ടിയാണെന്നാണ് തച്ചങ്കരിയുടെ വിശദീകരണം. ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് തച്ചങ്കരി പുറപ്പെടുവിച്ച ടെന്‍ഡര്‍ നോട്ടീസിലുള്ളത്. 7-11-2018ന് ദേവസ്വം ബോര്‍ഡ് അറിയാതെ 150 ചതുരശ്ര അടി സ്ഥലം സ്വകാര്യ വ്യക്തിക്ക് ടീ സ്റ്റാള്‍ നടത്താന്‍ അനുവദിച്ച് കെഎസ്ആര്‍ടിസി എംഡി തന്നെ ടെന്‍ഡര്‍ ക്ഷണിച്ചു.
ഒമ്പതുലക്ഷം രൂപയ്ക്ക് സ്വകാര്യവ്യക്തി സ്ഥലം ലേലത്തില്‍ പിടിച്ചു. വിഷയം വിവാദമായതോടെ ലേലം പിടിച്ച വ്യക്തിക്ക് അഡ്വാന്‍സ് തുക തിരികെനല്‍കി തലയൂരാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. അതിനിടെ, നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ നിയന്ത്രണം പൂര്‍ണമായും പോലിസിന്റെ കൈകളിലാണെന്നും ആക്ഷേപമുണ്ട്. ബസ്സില്‍ നിറയെ ആളുകയറിയാല്‍ പോകാമെന്നായിരുന്നു കഴിഞ്ഞവര്‍ഷം വരെ കെഎസ്ആര്‍ടിസി നയം. എന്നാല്‍, ഇത്തവണ പോലിസിന്റെ അനുമതിയില്ലാതെ സര്‍വീസ് തുടങ്ങാനാവില്ല. ശനിയാഴ്ച രാത്രി മൂന്നും ഞായറാഴ്ച രാവിലെ ഒന്നരയും മണിക്കൂറാണ് പോലിസ് ഇടപെട്ട് സര്‍വീസ് നിര്‍ത്തിവയ്പ്പിച്ചത്.
സുരക്ഷാക്രമീകരണവും സന്നിധാനത്തെ തിരക്കും കണക്കിലെടുത്താണ് നടപടിയെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, ഇത്തരം നിയന്ത്രണങ്ങളെ തുടര്‍ന്ന് സര്‍വീസ് താളംതെറ്റുന്നതായി കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. ബസ്സുകള്‍ കൃത്യ ഇടവേളകളില്‍ റൗണ്ട് ട്രിപ്പ് നടത്തിയില്ലെങ്കില്‍ മുഴുവന്‍ ക്രമീകരണങ്ങളും തകരാറിലാവുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss