|    Dec 14 Fri, 2018 10:19 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎഎസ് സംവരണ നിഷേധം; സര്‍ക്കാര്‍ സാമൂഹിക നീതിക്ക് തുരങ്കംവയ്ക്കുന്നു: പോപുലര്‍ ഫ്രണ്ട്

Published : 8th December 2018 | Posted By: kasim kzm

കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ എല്ലാ ധാരകളിലും സംവരണം നല്‍കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ ഇടതു സര്‍ക്കാര്‍ നിലപാടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. സാമൂഹിക നീതിക്ക് തുരങ്കം വയ്ക്കുന്ന നിലപാടാണിതെന്നും സംവരണ വിരുദ്ധരുടെ കൈയിലെ പാവയായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
തസ്തികമാറ്റം വഴിയുള്ള നിയമനങ്ങള്‍ക്ക് സംവരണം ബാധകമാക്കണമെന്ന് സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ കമ്മീഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും നിര്‍ദേശിച്ചിരുന്നെങ്കിലും ഇതു കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് നിര്‍ഭാഗ്യകരമാണ്. എക്കാലത്തും സംവരണ അട്ടിമറിക്കു വേണ്ടി നിലകൊണ്ടിട്ടുള്ള മുന്നാക്ക വോട്ടുബാങ്കുകളുടെ താല്‍പ്പര്യസംരക്ഷണത്തിനാണ് ഭരണപ്രതിപക്ഷ കക്ഷികള്‍ മുന്‍തൂക്കം നല്‍കിയിട്ടുള്ളത്.
മുമ്പ് നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുകയും സാമ്പത്തിക സംവരണത്തിനു മുറവിളി കൂട്ടുകയും ചെയ്ത ഇടതുപക്ഷം, ഇപ്പോള്‍ അധികാരത്തിന്റെ തണലില്‍ സംവരണ നിഷേധത്തിന് കളമൊരുക്കുകയാണ്. ഭരണരംഗം മുഴുവന്‍ സംവരണ വിരുദ്ധരുടെ താവളമായി മാറുകയെന്നതാവും ഇതിന്റെ അനന്തരഫലം. ഇതിനെതിരേ പിന്നാക്ക വിഭാഗങ്ങള്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാവണം. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് സാമൂഹിക നീതിക്കുവേണ്ടി വിശാലമായ കൂട്ടായ്മയ്ക്ക് പിന്നാക്ക സമുദായ സംഘടനകള്‍ മുന്‍കൈ എടുക്കണം.
കെഎഎസിലെ സംവരണ നിഷേധം സംബന്ധിച്ച് സംഘടനകള്‍ നിലപാട് വ്യക്തമാക്കണം. സാമൂഹിക നീതിക്കുവേണ്ടി കേരളത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ നടത്തിയ അതിശക്തമായ പോരാട്ടമാണ് നവോത്ഥാനത്തിനും സാമൂഹിക പരിഷ്‌കരണത്തിനും വഴിയൊരുക്കിയത്. സംവരണ പ്രക്ഷോഭങ്ങളെ മാറ്റിനിര്‍ത്തി കേരളത്തിന്റെ നവോത്ഥാന ചരിത്രം പൂര്‍ത്തീകരിക്കാനാവില്ല. അതുകൊണ്ടു തന്നെ, ഒരു വശത്ത് സംവരണം നിഷേധിക്കുകയും മറുവശത്ത് നവോത്ഥാനത്തെ കുറിച്ച് വാചാലമാവുകയും ചെയ്യുന്ന സര്‍ക്കാര്‍നിലപാട് തികഞ്ഞ കാപട്യമാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സി അബ്ദുല്‍ ഹമീദ്, ബി നൗഷാദ് പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss