|    Dec 13 Thu, 2018 7:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎഎസ് സംവരണം; അഹ്മദ് കബീറിന്റെ അഭ്യര്‍ഥന മുഖ്യമന്ത്രി തള്ളി

Published : 6th December 2018 | Posted By: kasim kzm

തിരുവനന്തപുരം: കെഎഎസിലെ സംവരണ നിഷേധം പുനപ്പരിശോധിച്ച് എല്ലാ ധാരകളിലും സംവരണം നല്‍കണമെന്ന അഹ്മദ് കബീറിന്റെ അഭ്യര്‍ഥന മുഖ്യമന്ത്രി തള്ളി. തസ്തികമാറ്റത്തിനു സംവരണം വേണ്ടെന്ന എജിയുടെ നിയമോപദേശം തള്ളിക്കളയണമെന്നും അഹ്മദ് കബീര്‍ ശ്രദ്ധക്ഷണിക്കലില്‍ ആവശ്യപ്പെട്ടു.
തസ്തികമാറ്റത്തിന് സംവരണവ്യവസ്ഥ ബാധകമല്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനായി രൂപീകരിച്ച വിശേഷാല്‍ ചട്ടങ്ങള്‍ പ്രകാരം മൂന്നുരീതിയിലുള്ള നിയമനങ്ങളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്ട്രീം ഒന്നില്‍ നേരിട്ടും രണ്ടും മൂന്നും സ്ട്രീമുകളില്‍ തസ്തികമാറ്റം മുഖേനയുമാണു നിയമനം. നേരിട്ടുള്ള നിയമനത്തിന് പൊതുസംവരണ തത്ത്വങ്ങള്‍ ബാധകമാണ്. പിഎസ്‌സി വഴി തസ്തികമാറ്റ നിയമനം നടത്തുന്ന വിവിധ വകുപ്പുകളുടെ മാതൃകയിലാണ് കെഎഎസിലെ തസ്തികമാറ്റ നിയമനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുള്ള തസ്തികമാറ്റ നിയമന കാര്യത്തില്‍ മറ്റു രണ്ട് സ്ട്രീമുകളില്‍ സംവരണം ബാധകമല്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. തസ്തിക മാറ്റപ്രകാരമുള്ള നിയമനങ്ങളിലും സംവരണം വേണമെന്ന പട്ടികജാതി-പട്ടികവര്‍ഗക്ഷേമ കമ്മീഷന്റെയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും നിര്‍ദേശം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരം നടപ്പാക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. അതേസമയം, എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യത്തില്‍ കുറവുണ്ടെങ്കില്‍ അത് നികത്തുന്നതിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ നിലവില്‍ സംവിധാനമുണ്ട്. ഇത് കെഎഎസിനും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതി വിധിയും കേന്ദ്ര സര്‍ക്കാരിന്റെ കത്തും സ്ഥാനക്കയറ്റത്തെക്കുറിച്ചാണ്. കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗക്കയറ്റങ്ങള്‍ക്ക് സിവില്‍ അപ്പീലിന്മേലുള്ള വ്യവഹാരങ്ങള്‍ തടസ്സമല്ലെന്നും നിയമപ്രകാരമുള്ള സ്ഥാനക്കയറ്റം നല്‍കാമെന്നുമാണു സുപ്രിംകോടതി ഉത്തരവ്. നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss