|    Apr 24 Mon, 2017 5:03 am
FLASH NEWS

കെഎംസിടി മെഡിക്കല്‍ കോളജില്‍ പരിശോധന; ഗുരുതര വീഴ്ച കണ്ടെത്തി

Published : 2nd November 2016 | Posted By: SMR

മുക്കം: അഗ്‌നിശമന സുരക്ഷ പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കെഎംസിടി മെഡിക്കല്‍ കോളജില്‍ നഗരസഭാധികൃതരും മുക്കം പോലിസും പരിശോധന നടത്തി. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. പരിശോധനയില്‍ ഗുരുതരമായ വീഴ്ചയാണ് കണ്ടത്തിയത്. ആകെയുള്ള 14 സ്ഥാപനങ്ങളില്‍ ഒമ്പത് എണ്ണത്തില്‍ അഗ്‌നി സുരക്ഷാ സൗകര്യങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും അഞ്ച് എണ്ണത്തില്‍ ഇതുവരെ പ്രവൃത്തി തുടങ്ങിയിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപനം ആരംഭിച്ച കാലത്തെ കെട്ടിടങ്ങളില്‍ പോലും ഇപ്പോഴും ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗം നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഇല്ലെന്നതാണ് ഏറെ ശ്രദ്ധേയം. സെക്രട്ടറിയെ കൂടാതെ അസിസ്റ്റന്റ് എന്‍ജിനീയര്‍ റസീന, സെക്ഷന്‍ ഓഫീസര്‍ യൂസഫ്, മുക്കം എസ്‌ഐമാരായ സനല്‍രാജ്, അബ്ദുറഹിമാന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. പരിശോധനാ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതായി കാണിച്ച് മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശാനുസരണം വീ ണ്ടും പരിശോധന നടത്തിയത്. നിരവധി പരിശോധനകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കെഎംസിടി മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നഗരസഭ നിര്‍ദേശം നല്‍കിയത്. ജില്ലാ കലക്ടര്‍, അസിസ്റ്റന്റ് ഡിവിഷനല്‍ ഫയര്‍ ഓഫിസര്‍ എന്നിവരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day