|    Dec 11 Tue, 2018 9:50 am
FLASH NEWS

കൃഷ്ണപ്രിയയുടെ അച്ഛനാവാന്‍ എല്ലാവര്‍ക്കും കഴിയുമോ?

Published : 27th December 2015 | Posted By: TK

 

നിയമത്തിന്റെ തലനാരിഴ കീറിമുറിച്ച് പരിശോധിച്ച് ഡല്‍ഹികേസിലെ ഈ കൊടും ക്രിമിനലിനെ പുറത്തുവിട്ടപ്പോള്‍ വിവേചനാധികാരം കോടതികള്‍ കാണിക്കാതിരുന്നതെന്തെന്ന് പൊതുജനം ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?


 

jyothi singh pandey family

 

ത്രിവേണി

ല്‍ഹി കൂട്ടബലാല്‍സംഗക്കേസിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ബാലനീതി നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയിരിക്കുകയാണ്. വേണ്ടത്ര ചര്‍ച്ച നടത്താതെയും അഭിപ്രായം തേടാതെയുമാണ് ബില്ല് പാസാക്കിയതെന്ന് ചില കോണുകളില്‍നിന്ന് ആരോപണം ഉയര്‍ന്നു. എന്നിരുന്നാലും വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഇതിനെതിരേ ഉണ്ടാവില്ല. കാരണം ഇതിന്റെ പശ്ചാത്തലം ഡല്‍ഹിയിലെ ജ്യോതി സിങ് എന്ന പെണ്‍കുട്ടിയെ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ്.
ഈ ബില്ലിന് തന്നെ കാരണക്കാരനായ ഡല്‍ഹി കേസിലെ കുട്ടിക്കുറ്റവാളി ഇതിനെല്ലാം അതീതനായി എന്നതാണ് വസ്തുത. ഇയാള്‍ സ്വതന്ത്രനാവുന്നതോടെ ഇനി വരുന്ന ക്രിമിനല്‍ കേസിലെ കുട്ടിക്കുറ്റവാളികള്‍ക്ക് വേണ്ടിയാകും ഈ ബില്ല്. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പിച്ച ബില്ലിന് മുന്‍കാല പ്രാബല്യമുണ്ടാവില്ല. അതിനാല്‍ ഈ കുറ്റവാളി രക്ഷപ്പെടുക തന്നെ ചെയ്യും. മരണപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സാക്ഷിയാക്കിയാണ് രാജ്യസഭയില്‍ ഈ ബില്ല് അവതരിപ്പിച്ചത്. മകളെ കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിടുകയും ഇനി വരുന്ന കുറ്റവാളികള്‍ക്ക് താക്കീതാവുകയും ചെയ്യുന്ന ഈ ബില്ലില്‍ ആ മാതാപിതാക്കള്‍ സംതൃപ്തരായിരിക്കില്ലെന്ന് ഉറപ്പാണ്.
ഈ സന്ദര്‍ഭത്തിലാണ് കൃഷ്ണപ്രിയ എന്ന പെണ്‍കുട്ടിയുടെ അച്ഛനെ കുറിച്ച് ഓര്‍മ വന്നത്. കുറച്ചു വര്‍ഷം മുമ്പ് കൃഷ്ണപ്രിയ എന്ന പെണ്‍കുട്ടിയെ മാനഭംഗം ചെയ്തുകൊന്നയാള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ അവളുടെ അച്ഛന്‍ അയാളെ വെടിവച്ചു കൊല്ലുകയായിരുന്നു. കേരളമനസ്സാക്ഷി മുഴുവന്‍ ആ അച്ഛനൊപ്പമായിരുന്നു അന്ന് നിലകൊണ്ടത്. അദ്ദേഹത്തെ അവസാനം കോടതി തെളിവിന്റെ അഭാവത്തില്‍ വെറുതെവിടുകയായിരുന്നു.
കുട്ടിക്കുറ്റവാളി എന്ന് ഓമനപ്പേരിട്ട് ജയില്‍ മോചിതനാക്കുന്ന ജ്യോതി സിങിന്റെ ഘാതകനും അര്‍ഹിക്കുന്നത് അതേ ശിക്ഷ തന്നെയാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. സൗമ്യയെന്ന പാവം പെണ്‍കുട്ടിയെ ഇല്ലാതാക്കിയ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും അത് നടപ്പായിട്ടില്ല. ജയിലില്‍ സുഭിക്ഷം ഉണ്ടും ഉടുത്തും കഴിയുന്ന അയാള്‍ക്കും കിട്ടും നിയമത്തിന്റെ പരിരക്ഷ. അങ്ങനെ എത്രയെത്ര ഇരകളും പ്രതികളും. പെണ്‍കുട്ടികളുടെ മാനത്തിനും ജീവനും എത്ര വിലയുണ്ട് നമ്മുടെ നാട്ടില്‍ എന്നതിന്റെ സൂചനകളാണ്  ഇതൊക്കെ.
ഡല്‍ഹി സംഭവത്തില്‍ പുറത്തുവന്ന പ്രതി അര്‍ഹിക്കുന്നത് ആയുഷ്‌കാല തടവോ മരണമോ ആയിരിക്കേ അയാളെ പുനരധിവസിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യയിലെ ഓരോ അമ്മയും പെണ്‍കുട്ടിയും ഇതോര്‍ത്ത്  ലജ്ജിക്കുന്നു. അടുത്തകാലത്തായി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കാന്‍ പാതിരാത്രിയില്‍ ചേര്‍ന്ന കോടതി നടപടിയെ പലരും വിമര്‍ശിക്കുകയുണ്ടായി. നിയമത്തിന്റെ എല്ലാ വസ്തുതയും പരിഗണിച്ചില്ലെന്ന് ചില ജഡ്ജിമാര്‍ തന്നെ ആക്ഷേപമുന്നയിച്ചിരുന്നു. എന്നാല്‍, അപ്പോഴൊക്കെ കോടതിയുടെ വിവേചനാധികാരം അംഗീകരിക്കപ്പെട്ടു. എന്നാല്‍, നിയമത്തിന്റെ തലനാരിഴ കീറിമുറിച്ച് പരിശോധിച്ച് ഡല്‍ഹികേസിലെ ഈ കൊടും ക്രിമിനലിനെ പുറത്തുവിട്ടപ്പോള്‍ വിവേചനാധികാരം കോടതികള്‍ കാണിക്കാതിരുന്നതെന്തെന്ന് പൊതുജനം ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
കൂട്ടുകാരനെ രക്ഷിക്കാന്‍ കോടതിയിലെത്തി വെട്ടിലായി
പീഡനക്കേസില്‍ ഉള്‍പ്പെട്ട കൂട്ടുകാരനെ രക്ഷിക്കാന്‍ ഒരു ഹരജിക്കാരന്‍ കേരള ഹൈക്കോടതിയിലെത്തിയത് വിചിത്രമായ കഥയുമായാണ്. തന്റെ കാമുകിയെ വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പസ് ഹരജിയുമായാണ് തിരുവനന്തപുരം സ്വദേശി പ്രവീണ്‍ കോടതിയെ സമീപിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായി  സൗഹൃദം വളര്‍ന്ന് പ്രണയമാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തെങ്കിലും വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും  മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്. ഈ ഹരജിയില്‍ കോടതിക്ക് സംശയം തോന്നിയതോടെ അന്വേഷണത്തിന് ഉത്തരവിട്ടു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിയമവ്യവസ്ഥയെ പോലും വെല്ലുവിളിച്ച് പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാനാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചതെന്ന് വ്യക്തമായത്. അണക്കരയില്‍ ചാത്തന്‍ സേവാമഠം നടത്തുന്ന രതീഷ് എന്നയാള്‍ പ്രായപൂര്‍ത്തിയാവാത്ത പ്രായത്തില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു  ഇതുസംബന്ധിച്ച കേസ് .തലശ്ശേരി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാനായി പെണ്‍കുട്ടി ഇപ്പോള്‍ കേരളത്തിന് പുറത്ത് പഠിക്കുകയാണ്. പെണ്‍കുട്ടി ഇപ്പോള്‍ താമസിക്കുന്ന സ്ഥലം മനസ്സിലാക്കി തനിക്ക് അനുകൂലമായി മൊഴി മാറ്റിക്കാന്‍ രതീഷ് കൂട്ടുകാരന്റെ സഹായം തേടി നടത്തിയ നാടകമായിരുന്നു ഈ ഹരജി. ഹരജിക്കാരന്‍ രതീഷിന്റെ വീട്ടില്‍ പലതവണ പോയി താമസിച്ചിട്ടുള്ളതായി അന്വേഷണത്തില്‍ പോലിസ് കണ്ടെത്തി. കൂട്ടുകാരന് വേണ്ടി ഹരജിക്കാരന്‍ കോടതിയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.

ഹരജിക്കാരന്‍ നിയമവ്യവസ്ഥയെ  നിയമവിരുദ്ധമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്നും കെട്ടുകഥകളും അസത്യങ്ങളായ ആരോപണങ്ങളുമായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും മാനസികപ്രയാസം ഉണ്ടാക്കിയതിനാല്‍ ഹരജിക്കാരന്‍ 75,000 രൂപ പിഴയടക്കാന്‍ ഉത്തരവിടുകയും ചെയ്തു.
അഭിഭാഷകര്‍ പലവിധ നാടകങ്ങളും കോടതിക്കുള്ളില്‍ അവതരിപ്പിക്കുകയും കൊടുംക്രിമിനലുകളെ പോലും രക്ഷപ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍, കൂട്ടുകാരനെ രക്ഷിക്കാനായി മറ്റൊരു കൂട്ടുകാരന്‍ കെട്ടുകഥകളുമായി കോടതിയിലെത്തുന്നത് അപൂര്‍വമായിരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss