|    Nov 19 Mon, 2018 6:57 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കൃഷ്ണനും രാമനും ഇനി സഖാക്കള്‍

Published : 22nd July 2018 | Posted By: kasim kzm

രാഷ്ട്രീയ കേരളം  –  എച്ച് സുധീര്‍
കേരളത്തില്‍ സിപിഎം ഉണ്ടാക്കിയെടുത്ത ജനകീയതയുടെ പ്രധാന അടിത്തറ മതേതര നിലപാടുകളായിരുന്നു. ഇതേ ആശയം ഉയര്‍ത്തിപ്പിടിച്ച് ദേശീയ രാഷ്ട്രീയത്തില്‍ മുന്നേറിവന്ന സിപിഎം ഇന്നു നിലനില്‍പിന്റെ പാതയില്‍ കിതയ്ക്കുകയാണ്. മതേതരവാദികളെന്നു നാടുനീളെ പ്രസംഗിച്ചുനടന്ന ഇക്കൂട്ടര്‍ നിലനില്‍പിനായി മതത്തെ കൂട്ടുപിടിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരന്‍ മതമില്ലാത്തവനാെണന്നു പറഞ്ഞിരുന്ന കാലഘട്ടത്തില്‍ നിന്നു ‘മതമില്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകാരനില്ല’ എന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു.
സമീപകാലത്തായി സിപിഎം നിലപാടുകളില്‍ മതത്തിന്റെ സ്വാധീനം ഏറിവരുന്നതായാണ് കാണാനാവുന്നത്. മുന്‍വര്‍ഷങ്ങളില്‍ ശ്രീകൃഷ്ണജയന്തിക്ക് ബദലായി നടത്തിയ ശോഭായാത്രയും ഇപ്പോള്‍ രാമായണ മാസാചരണവും തുടങ്ങി ‘പ്രവര്‍ത്തകര്‍ക്ക് അവരുടെ മതവിശ്വാസം പിന്തുടരുന്നതില്‍ എതിരല്ലെ’ന്ന നേതാക്കളുടെ പരസ്യ പ്രസ്താവനകളും പിണറായി ഭരണകൂടത്തിന്റെ മൃദുഹിന്ദുത്വ നിലപാടുകളും സിപിഎമ്മിന്റെ മതേതരമുഖം കൂടുതല്‍ വികൃതമാക്കിയിരിക്കുന്നു.
ഒരുവശത്ത് മതവര്‍ഗീയതയ്‌ക്കെതിരേ ഘോരഘോരം പ്രസംഗിച്ചു കാടിളക്കി പ്രചാരണം നടത്തി മറുവശത്ത് മതാചാരങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പാര്‍ട്ടിക്കുള്ളില്‍ പോലും അലോസരം സൃഷ്ടിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റുകാര്‍ രാമായണ മാസാചരണം സംഘടിപ്പിക്കാന്‍ പോകുന്നുവെന്നത് ശരിയല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രീയ എതിരാളികള്‍ പരിഹാസവുമായി രംഗത്തുണ്ട്.
ദേശാഭിമാനി കലണ്ടറില്‍ ജൂലൈ 17ാം തിയ്യതിയുടെ നേരെ രാമായണ മാസാരംഭം എന്ന് എഴുതിയിട്ടുണ്ടത്രേ. ഈ കുറിപ്പ് എന്തിനാണെന്ന് കഴിഞ്ഞ ആറു മാസമായി കലണ്ടര്‍ നോക്കുന്ന സഖാക്കള്‍ പരസ്പരം ചോദിച്ചിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരമാണ് എകെജി സെന്ററില്‍ നിന്നു പാര്‍ട്ടിനേതൃത്വം നല്‍കിയതെന്നാണ് പരിഹസിക്കുന്നവര്‍ പറയുന്നത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ബാലഗോകുലം ശോഭായാത്രയ്ക്ക് ബദലായി കണ്ണൂരില്‍ സിപിഎം സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചതിനു പിന്നാലെയാണ് രാമായണ മാസവും ആചരിക്കുന്നത്. സഖാവ് കൃഷ്ണനെ മാത്രമല്ല സഖാവ് രാമനെയും പാര്‍ട്ടി ഏറ്റെടുത്തുവെന്നു ചുരുക്കം.
സിപിഎം സഹയാത്രികരായ സംസ്‌കൃത സംഘമാണ് രാമായണ മാസത്തില്‍സെമിനാറുകള്‍ സംഘടിപ്പിക്കുക. സിപിഎമ്മിലേക്ക് എത്തിയ മുന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സംസ്‌കൃത സംഘമെന്നാണ് പിന്നാമ്പുറങ്ങളിലെ സംസാരം. രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദമാക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടത്താനാണ് തീരുമാനം. ക്ഷേത്രങ്ങള്‍ കൈയടക്കാനുള്ള ബിജെപിയുടെ ശ്രമം തടയാന്‍ അമ്പലക്കമ്മിറ്റിക്കാരുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ടത്രേ.
സാമൂഹിക സാഹചര്യം വിലയിരുത്തി പാര്‍ട്ടി സ്വയം മാറുന്നതിന്റെ തെളിവാണ് രാമായണ മാസാചരണവും പരിപാടികളും എന്നാണ് നേതാക്കളുടെ വാദം. 1982 ഏപ്രില്‍ 4, 5 തിയ്യതികളില്‍ എറണാകുളത്ത് നടന്ന വിശാല ഹിന്ദു സമ്മേളനത്തിനു ശേഷമാണ് കേരളത്തില്‍ വ്യാപകമായ രീതിയില്‍ രാമായണ മാസാചരണം ആരംഭിച്ചത്. 1982 ജൂണ്‍ 6ന് എറണാകുളം ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ ആര്‍ ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാല ഹിന്ദു സമ്മേളന നിര്‍വാഹക സമിതി യോഗത്തിലാണ് രാമായണ മാസാചരണത്തിന് ഔദ്യോഗിക തീരുമാനം എടുത്തത്.
ഇതേത്തുടര്‍ന്ന് സിപിഎമ്മും പുരോഗമന കലാസാഹിത്യ സംഘടനയും കേരളത്തില്‍ ഉടനീളം രാമായണ മാസാചരണത്തിനെതിരേ രംഗത്തുവന്നിരുന്നു. ഇഎംഎസ് മുതല്‍ തിരുനെല്ലൂര്‍ കരുണാകരന്‍ വരെ അന്ന് രാമായണമാസ വിമര്‍ശനവുമായി രംഗത്തെത്തി.
അടിവേര് ഇളകിത്തുടങ്ങിയെന്നു ബോധ്യപ്പെട്ടതോടെ മൃദുഹിന്ദുത്വ ലൈന്‍ സ്വീകരിച്ച സിപിഎമ്മിനു പിന്നാലെ രാമായണം ഹിന്ദുത്വവാദികളുടെ കുത്തകയല്ലെന്നു വ്യക്തമാക്കി കോണ്‍ഗ്രസ്സും രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാല്‍, ബിജെപിയുടെ നേരിടാനുള്ള തന്ത്രം രാമായണമാസം ആചരിക്കലല്ലെന്ന മുതിര്‍ന്ന നേതാക്കളായ വി എം സുധീരന്റെയും കെ മുരളീധരന്റെയും വിമര്‍ശനത്തോടെ ആ നീക്കം കോണ്‍ഗ്രസ് ഉപേക്ഷിച്ചു.
രാമായണ മാസാചരണം നടത്തുകയെന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചുമതലയല്ലെന്നും വിശ്വാസം വ്യക്തികള്‍ക്കു വിട്ടുകൊടുക്കണമെന്നും വി എം സുധീരന്‍ വാദിച്ചു. സിപിഎം ഉള്‍പ്പെടെയുള്ളവരുടെ നിലപാടുകള്‍ രാമനെ ചൂഷണം ചെയ്ത ബിജെപി നിലപാടുകളെ പരോക്ഷമായി സഹായിക്കുന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. നാലു വോട്ടു കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുതെന്നും ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗമെന്നും വിശ്വാസികളും അല്ലാത്തവരും കോണ്‍ഗ്രസ്സിലുണ്ടെന്നും കെ മുരളീധരനും നിലപാട് വ്യക്തമാക്കി. ഇവര്‍ എതിര്‍ത്തിരുന്നില്ലെങ്കില്‍ കെപിസിസി ഓഫിസില്‍ നിന്നും ഇപ്പോള്‍ രാമകഥാ ശീലുകള്‍ ഉയര്‍ന്നുകേള്‍ക്കുമായിരുന്നു.
ഒരുകാലത്ത് മതേതരത്വത്തിന്റെ അപ്പോസ്തലന്മാരായി ഞെളിഞ്ഞുനടന്നവര്‍ക്കു മുന്നില്‍ മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള അതിര്‍വരമ്പ് താനേ മാഞ്ഞുതുടങ്ങിയിരിക്കുന്നു എന്നു വേണം ഇതില്‍ നിന്നു വിലയിരുത്താന്‍. ജനാധിപത്യവും മതേതരത്വവുമൊക്കെ ഇവിടെ ആര്‍ക്കും അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഏതു സമയത്തും വാങ്ങാനും വില്‍ക്കാനുമുള്ള അങ്ങാടിമരുന്നായി തരംതാഴ്ന്നിരിക്കുന്നു.
ഹിന്ദുമതവിശ്വാസികളില്‍ ആര്‍എസ്എസിന്റെ വളര്‍ച്ചയെ തടയാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഎം ഇത്തരം ഹൈന്ദവ ആചാരങ്ങളെ പാര്‍ട്ടിയുടെ ഭാഗമാക്കുന്നത്. എന്നാല്‍, മറ്റു മതവിശ്വാസങ്ങളിലേക്ക് എത്തുമ്പോള്‍ ഇത്തരം മൃദുസമീപനങ്ങള്‍ കാണാനുമാവില്ല. ഷഫിന്‍ ജഹാന്‍-ഹാദിയ വിഷയത്തിലും ഹാരിസണ്‍-ഷഹാന വിഷയത്തിലും കഴിഞ്ഞ ദിവസങ്ങളിലെ സൈബര്‍ സഖാക്കളുടെ പ്രതികരണങ്ങള്‍ സിപിഎമ്മിന്റെ നിലപാടുകളിലെ വൈരുദ്ധ്യത്തിന്റെ പ്രകടമായ ഉദാഹരണമാണ്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന ഹാദിയക്കു വേണ്ടി ചെറുവിരല്‍ അനക്കാതിരുന്ന സിപിഎമ്മുകാര്‍ മിശ്രവിവാഹിതരുമായി വിഷയത്തെ കൂട്ടിക്കെട്ടി മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഫാഷിസ്റ്റുകളുടെ കൈയടി നേടുകയാണ്. അടുത്ത കാലത്തായി ഒരു മതവിഭാഗത്തെ മുന്‍നിര്‍ത്തി കെട്ടുകഥകളുമായി സിപിഎം നടത്തുന്ന ഞാണിന്‍മേല്‍ക്കളി അവര്‍ക്കു തന്നെ തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല. അതേസമയം, ശബരിമലയിലെ സ്ത്രീപ്രവേശനം ഉള്‍െപ്പടെയുള്ള വിഷയങ്ങളില്‍ കര്‍ക്കശ നിലപാടുകളുമായി, മതേതര നിലപാടുകള്‍ പാര്‍ട്ടിക്ക് കൈമോശം വന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനും നേതൃത്വം ശ്രമിക്കുന്നുണ്ട്.
സിപിഎം ഉള്‍െപ്പടെയുള്ള പാര്‍ട്ടികള്‍ക്ക് ഫാഷിസത്തെ എങ്ങനെ പ്രതിരോധിക്കാമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ കഴിയാത്തതിന്റെ കാരണം നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ തന്നെയാണ്. അധികാരം നിലനിര്‍ത്തുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യം ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കില്ല. അധികാരം എന്നത് മതമാവാം, ജാതിയാവാം, മുതലാളിത്തമാവാം, ഒപ്പം അതിന്റെ തന്നെ രൂപമായ വിപണിയുമാവാം.
ഇവിടെ മതവും ദേശീയതയും ജാതിയും ഒക്കെത്തന്നെ അധികാരത്തോട് ചേരുമ്പോള്‍ ഫാഷിസ്റ്റ് സ്വഭാവം കൈവരിക്കുന്നു. ഈ അധികാരബോധമാണ് ബിജെപിയും ആര്‍എസ്എസും ഇന്നു കൈമുതലാക്കിയിട്ടുള്ള ഫാഷിസം. ഇതിനെതിരായ രാഷ്ട്രീയ പ്രതിരോധം എന്നത് അതേ മാര്‍ഗത്തില്‍ ജാതിയെയും മതത്തെയും കൂട്ടുപിടിക്കലല്ല. ഫാഷിസത്തിനെതിരായ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കാന്‍ പാര്‍ലമെന്ററി ഇടതുപക്ഷത്തിനോ അതോടൊപ്പം തന്നെ ഉദാര രാഷ്ട്രീയ വീക്ഷണം പുലര്‍ത്തുന്ന ഇതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ ഇനിയും കഴിഞ്ഞിട്ടില്ലെന്നത് ഗൗരവകരമാണ്.
ഇന്നു നിലനില്‍ക്കുന്ന സാമ്പത്തിക-അധികാരബന്ധത്തിനു ബദലായിരിക്കണം ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും. മത-സാമൂഹിക-ലിംഗ-ജാതീയതയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതിരോധത്തിലൂടെയും അധികാരത്തിനെതിരായ പ്രതിഷേധത്തിലൂടെയും ഫാഷിസത്തിനെതിരായ രാഷ്ട്രീയം രൂപപ്പെടാം. അത്തരം പ്രതിരോധങ്ങളാണ് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ആവശ്യപ്പെടുന്നതും. അത്തരം സംഘങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ രൂപപ്പെട്ടുവരുന്നതും ആശ്വാസകരമാണ്.                                                ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss