|    May 30 Tue, 2017 9:22 am
FLASH NEWS

കൃഷ്ണഗിരിയില്‍ ക്രിക്കറ്റ് ആരവം

Published : 19th August 2015 | Posted By: admin

ജംഷീര്‍ കൂളിവയല്‍

വയനാട്(കൃഷ്ണഗിരി): ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ആദ്യ ചതുര്‍ദിന മല്‍സരം ഇന്ന് വയനാട്ടിലെ മീനങ്ങാടി കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. ഇന്നു മുതല്‍ 21 വരെ നടക്കുന്ന ആദ്യ മല്‍സരം ഇന്ത്യ എ ടീം പരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡ് ഉദ്ഘാടനം ചെയ്യും.

25 മുതല്‍ 28 വരെ രണ്ടാം മല്‍സരവും അരങ്ങേറും. 3,000 മുതല്‍ 5,000 വരെ കാണികള്‍ക്ക് കളികാണാന്‍ സൗകര്യമൊരുക്കുന്ന വിധത്തില്‍ ഗാലറിയും പവലിയനും സജ്ജമായിക്കഴിഞ്ഞു. നിലവിലുള്ള നാലു പിച്ചുകള്‍ക്കു പുറമെ പരിശീലനത്തിനായി അഞ്ചു പിച്ചുകള്‍ കൂടി തയ്യാറായിട്ടുണ്ട്.

ഇന്നലെ പെയ്ത  മഴ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടെങ്കിലും മഴ പെയ്താല്‍ അരമണിക്കൂറിനുള്ളില്‍ ഗ്രൗണ്ട് ഉണക്കിയെടുക്കാനുള്ള ആധുനിക സജ്ജീകരണങ്ങള്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി സി മാത്യു പറഞ്ഞു.  മീഡിയാ റൂം, വി.ഐ.പിബോക്‌സ് എന്നിവയും സജ്ജമായി.   മല്‍സരത്തിന് വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വൈത്തിരി വില്ലേജ് റിസോ ര്‍ട്ടിലാണ് ടീമുകളുടെ താമസം.

നക്‌സല്‍ സാന്നിധ്യ മേഖലയായി പരിഗണിക്കപ്പെടുന്ന ജില്ലയില്‍ ഇരുടീമുകള്‍ക്കും സ്റ്റേഡിയത്തിലും താമസസ്ഥലത്തും വന്‍ സുരക്ഷാവലയം ഒരുക്കിയതായി ജില്ലാ പോലിസ് മേധാവി അജിതാ ബീഗം പറഞ്ഞു. ഇരുടീമുകളും ഇന്നലെ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങി.

ദേശീയ ടീമിലേക്കുള്ള കഴിവ് തെളിയിക്കാനുള്ള അവസരം കൂടി മല്‍സരത്തിലൂടെ സാധ്യമാവുമെന്നതിനാല്‍ ബി.സി.സി.ഐയും വളരെ ഗൗരവത്തോടെയാണ് മല്‍സരത്തെ കാണുന്നത്. ദ്രാവിഡിന്റെ പരിശീലനത്തില്‍ അമ്പാട്ടി റായുഡുവിന്റെ നായകത്വത്തിലുള്ള ഇന്ത്യന്‍ ടീമില്‍ കരുണ്‍ നായര്‍, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ, അഭിനവ് മുകുന്ദ് എന്നിവരുടെ സാന്നിധ്യം മല്‍സരത്തിന് ആവേശം പകരും.

ഡെയ്ന്‍ വില്യംസ് നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിലും ഐ.പി.എല്‍. താരങ്ങളടക്കമുള്ളവര്‍ മുന്‍നിരയിലുണ്ട്.  5000 ല്‍ അധികംപേരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ സജ്ജീകരിച്ച സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഇന്ത്യ എ ടീം: അമ്പാട്ടി റായുഡു(ക്യാപ്റ്റന്‍) കരുണ്‍ നായര്‍, അഭിനവ് മുകുന്ദ്, അങ്കുഷ് ബെയിന്‍സ്, ശ്രേയസ് അയ്യര്‍, ബാബാ അപരാജിത്,  വിജയ് ശങ്കര്‍, ജയന്ത് യാദവ്, അക്ഷര്‍ പട്ടേല്‍, കരുണ്‍ ശര്‍മ, ഷെല്‍ഡര്‍ ജാക്‌സന്‍, ജീവന്‍ജോത് സിങ്, അഭിമന്യു മിഥുന്‍, ശ്രാദ്ധുല്‍ ഠാക്കുര്‍, ഈശ്വര്‍ പാണ്ഡെ. ദക്ഷിണാഫ്രിക്ക എ ടീം: ഡെയ്ന്‍ വിലാസ്(ക്യാപ്റ്റന്‍),  ക്വിന്റണ്‍ ഡി കോക്ക്, ടെമ്പ ബവുമ, മര്‍ക്കന്റ് ഡെ ലാംഗേ, റീസെ ഹെന്‍ഡ്രിക്‌സ്,  ഗിഹാന്‍ ക്ലോയ്‌തെ, ടെയ്‌നസ് ഡിബ്രൂയ്ന്‍, ഡെയ്ന്‍ പാറ്റേഴ്‌സണ്‍, ഓംഫിലേ റമേല, ലോണ്‍വാബോ സോട്‌സോബെ, സ്റ്റിയാന്‍ വാന്‍ സില്‍, ഹാര്‍ഡസ് വില്‍ജോണ്‍, ഡേവിഡ് വിസേ, ബ്യുറന്‍ ഹെന്‍ഡ്രിക്‌സ്, കേശവ് മഹാരാജ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day