|    Jan 22 Sun, 2017 3:14 am
FLASH NEWS

കൃഷി വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും

Published : 5th October 2016 | Posted By: SMR

സുനു ചന്ദ്രന്‍ കാവശ്ശേരി

ആലത്തൂര്‍: കൃഷി വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവായി. നിലവിലെ നിയമനക്കരാറിന്റെ കാലാവധി തീരുന്ന മുറയ്ക്കാണ് പിരിച്ചുവിടുക. കരാര്‍ കാലാവധി കഴിഞ്ഞവര്‍ക്കും നിയമനത്തിന് പ്രത്യേക കരാര്‍ ഇല്ലാത്തവര്‍ക്കും ഉത്തരവ് ഇറങ്ങിയ സപ്തംബര്‍ 30 മുതല്‍ ഇതു ബാധകമാണ്.
പുതിയ നിയമനത്തിനു മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയും കൃഷി, കര്‍ഷക വികസന ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ക്രോപ്പ് ഹെല്‍ത്ത് മാനേജ്‌മെന്റ് (സിഎച്ച്എം) അഗ്രിക്കള്‍ച്ചറല്‍ ടെക്‌നിക്കല്‍ മാനേജ്‌മെന്റ് (ആത്മ), വെജിറ്റബിള്‍ ഡവലപ്‌മെന്റ് പ്രോഗ്രാം (വിഡിപി), ലീഡ് ഫാര്‍മര്‍ സെന്റേര്‍ഡ് എക്‌സ്‌റ്റെന്‍ഷന്‍ അഡൈ്വസറി ആന്റ് ഡെലിവറി സര്‍വീസ് (ലീഡ്‌സ്), സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ (എസ്എച്ച്എം) മൊബൈല്‍ ആഗ്രോ ക്ലിനിക് (എംഎസി) തുടങ്ങിയ പദ്ധതികളില്‍ താല്‍ക്കാലിക നിയമനം നേടിയവരെയാണ് ഉത്തരവ് ബാധിക്കുക. പച്ചത്തേങ്ങ സംഭരണം പോലുള്ള പദ്ധതികളില്‍ ദിവസവേതനത്തിന് നിയമിക്കപ്പെട്ടവര്‍ക്കും ഉത്തരവ് ബാധകമാണ്.
പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ക്കും പ്രൊജക്റ്റ് ഡയറക്ടമാര്‍ക്കുമാണ് ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം ലഭിച്ചത്. ജില്ല, ബ്ലോക്ക് തലങ്ങളിലാണ് താല്‍ക്കാലിക നിയമനം ലഭിച്ചവര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പുതുതായി നിയമനത്തിന് പത്രങ്ങളും ഇലക്ടോണിക് മാധ്യമങ്ങളും വഴി പരസ്യം ചെയ്ത് അപേക്ഷ ക്ഷണിക്കണം. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, പ്രൊജക്റ്റ് ഡയറക്ടര്‍, പുറത്തുനിന്നുള്ള രണ്ട് സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങിയ ഇന്റര്‍വ്യൂ ബോര്‍ഡ് ജില്ലാതലത്തില്‍ രൂപവല്‍കരിക്കും.
കൂടിക്കാഴ്ച നടത്തി ഒരു മണിക്കൂറിനുള്ളില്‍ ഉദ്യോഗാര്‍ഥികളുടെ റാങ്ക്പട്ടിക പ്രസിദ്ധപ്പെടുത്തണം. ഒരു തസ്തികയില്‍ നിരവധി അപേക്ഷകരുണ്ടെങ്കില്‍ പരീക്ഷ നടത്തി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി കൂടിക്കാഴ്ച നടത്താമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവ് പ്രകാരം പിരിച്ചുവിടപ്പെടുന്നവരുടെ സേവനം അടിയന്തരമായി തുടര്‍ന്നും വേണ്ട സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം അതാത് മേലുദ്യോഗസ്ഥര്‍ ഒക്ടോബര്‍ 10ന് മുമ്പ് റിപോര്‍ട്ട് ചെയ്യണം. കൃഷി, കര്‍ഷക വികസന ഡയറക്ടറുടെ അനുമതിയില്ലാതെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ശമ്പളം നല്‍കേണ്ടിവന്നാല്‍ നിയമനം നടത്തിയ ഉദ്യോഗസ്ഥന്റെ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കണം അത്. നിലവിലുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുത്ത് തുടരാന്‍ കഴിയും. പുതിയ ഉദ്യോഗാര്‍ഥികളുമായി മല്‍സരിച്ചു വേണം ഇതെന്നും ഉത്തരവില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക