|    Nov 22 Thu, 2018 4:57 pm
FLASH NEWS

കൃഷി പാഠം നുകരാന്‍ സിംഗപ്പൂരില്‍ നിന്നും അവര്‍ നെല്‍വയലിലെത്തി

Published : 12th December 2017 | Posted By: kasim kzm

മുക്കം: അന്യം നിന്ന് പോവുന്ന നെല്‍കൃഷിയെ സംരക്ഷിക്കുന്നതിനും തരിശ് നിലം കൃഷിയോഗ്യമാക്കുന്നതിനുമായി കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലാരംഭിച്ച നെല്‍കൃഷി കാണുന്നത്തിനും പഠിക്കുന്നതിനുമായി സിംഗപ്പൂരില്‍ നിന്നും വിദ്യാര്‍ഥികളെത്തി. കോഴിക്കോട് സ്വദേശികളും വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കുകയും ചെയ്ത മെജോ ജോസഫ് -ഇസബെല്‍ കുക്കു ദമ്പതികളുടെ മക്കളായഎയ്ഞ്ചലിന്‍ മെജോ, എയ്ഡലിന്‍ മെജോ, സന്തോഷ് – ദീപ ദമ്പതികളുടെ മകന്‍ ഡാനി, പ്രദീപ് മസ്‌കി നോസ് -ഡിംപിള്‍ ദമ്പതികളുടെ മകന്‍ ടാരന്‍ മസ്‌കിനോസ്, എന്നിവരാണ് ചെറുവാടി പുഞ്ചപ്പാടത്തെത്തിയത്. കോഴിക്കോട് മാതാവിന്റെ വീട്ടില്‍ വിരുന്നെത്തിയപ്പോഴാണ് അമ്മാവന്റെ സുഹൃത്തുക്കമായ അനൂപ് വേങ്ങേരിയില്‍ നിന്നും വിജീഷ് പരവരിയില്‍ നിന്നും ചെറുവാടിയിലെ നെല്‍കൃഷിയെ കുറിച്ചറിഞ്ഞത്. ഇതോടെ ഏറെ ആവേശപൂര്‍വം അതിരാവിലെ തന്നെ വയലിലെത്തുകയായിരുന്നു. തങ്ങളുടെ മാതാപിതാക്കളുടെ നാട്ടിലെ പ്രധാന ഭക്ഷണമായ അരിയുടെ, വിതക്കല്‍ മുതല്‍ അരിയായി വരുന്നത് വരെയുള്ള കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. രാവിലെ മുതല്‍ വയലിലെ ചേറിലിറങ്ങിയ വിദ്യാര്‍ഥികള്‍ ഏറെ നേരം കഴിഞ്ഞാണ് തിരിച്ചു പോയത്. ജീവിതത്തില്‍ നല്ലൊരു അനുഭവമായിരുന്നു എന്നും ഏറെ ആസ്വദിച്ചതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ചെറുവാടി ഗവ: ഹൈസ്‌കൂള്‍ കാര്‍ഷിക ക്ലബുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള നെല്‍കൃഷി വിദഗ്ദ പരിശീലന പരിപാടിയുടെ ഭാഗമായാണ്  നെല്‍കൃഷി ചെയ്തത്. .വിദ്യാര്‍ഥികളില്‍ കൃഷി അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിപാടിയില്‍ പാരമ്പര്യ നെല്‍കൃഷി രീതിയോടൊപ്പം നടീല്‍ മുതല്‍ കൊയ്‌തെടുക്കല്‍ വരെയുള്ള ഘട്ടങ്ങളിലെ യന്ത്രവല്‍കൃത കൃഷിരീതികളും കൃഷി വകുപ്പിലെ വിദഗ്ദ പരിശീലകന്‍ എം മുഹമ്മദിന്റെ നേതൃത്വത്തില്‍ പഠിപ്പിക്കുന്നുണ്ട്. കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്‌ന വിശ്വനാഥ് , കൊടിയത്തൂര്‍ കൃഷി ഓഫിസര്‍ എം എം സബീന ,പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം യു പി അബ്ദുള്‍ നാസര്‍,  അലി ഹസ്സന്‍ ,വാര്‍ഡ് മെമ്പര്‍ ചേറ്റൂര്‍ മുഹമ്മദ്, പാടശേഖര സമിതി സെക്രട്ടറി മുഹമ്മദ് കുട്ടി, നിലമ്പൂര്‍ പ്ലാന്റേഷന്‍ കോര്‍പ്പ.മാനേജര്‍ യു സജീവ്, ഓമശേരി കൃഷി ഓഫീസര്‍ സാജിത് അഹമ്മദ് , സാദിഖ് കൊളക്കാടന്‍ സംബന്ധിച്ചു.വിജീഷ് പരവരി, നൂര്‍ജഹാന്‍, സതീഷ് കുമാര്‍, അസ്ലം കൊടിയത്തൂര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss