|    Apr 28 Fri, 2017 12:03 am
FLASH NEWS

കൃഷി ഓഫിസര്‍മാരില്ല : ജില്ലയിലെ കര്‍ഷകര്‍ ദുരിതത്തില്‍

Published : 11th January 2017 | Posted By: fsq

 

മാനന്തവാടി: കൃഷിഭവനുകളില്‍ ഓഫിസര്‍മാരുടെ കസേര ഒഴിഞ്ഞുകിടക്കുന്നതു കാരണം വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം അവതാളത്തിലാവുമെന്നും ആശങ്ക. കല്‍പ്പറ്റ, മുള്ളന്‍കൊല്ലി, തവിഞ്ഞാല്‍, എടവക കൃഷിഭവനുകളിലാണ് മാസങ്ങളായി കൃഷി ഓഫിസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത്. മാനന്തവാടി കൃഷി ഓഫിസര്‍ക്ക് തവിഞ്ഞാലിന്റെയും വെള്ളമുണ്ട ഓഫിസര്‍ക്ക് എടവകയുടെയും പുല്‍പ്പള്ളി കൃഷി ഓഫിസര്‍ക്ക് മുള്ളന്‍കൊല്ലിയുടെയും മേപ്പാടി കൃഷി ഓഫിസര്‍ക്ക് കല്‍പ്പറ്റയുടെയും ചാര്‍ജ് നല്‍കിയിരിക്കുകയാണ്. ആഴ്ചയില്‍ പകുതി ദിവസങ്ങള്‍ വീതം രണ്ട് ഓഫിസുകളിലും ചെലവഴിക്കേണ്ട സ്ഥിതിയാണ്. അതുകൊണ്ടു തന്നെ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന കര്‍ഷകര്‍ കൃഷി ഓഫിസര്‍മാരെ കാണാനാവാതെ മടങ്ങുന്നു. തദ്ദേശസ്ഥാപനങ്ങളുടെ കൃഷി അനുബന്ധ മേഖലയിലെ പ്രൊജക്റ്റുകളുടെ നിര്‍വഹണച്ചുമതല കൃഷി ഓഫിസര്‍മാര്‍ക്കാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടര മാസം മാത്രമാണ് ശേഷിക്കുന്നത്. അധിക ചുമതല വഹിക്കുന്ന കൃഷി ഓഫിസര്‍മാര്‍ക്ക് യഥാസമയം രണ്ട് ഓഫിസുകളിലെയും ജോലി സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവിനത്തിലാണ് കുറവ് വരുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം രണ്ടുതവണ ജില്ലയിലെത്തിയ കൃഷിമന്ത്രിക്ക് മുന്നില്‍ ഒഴിവുകള്‍ നികത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. മറ്റ് ജില്ലകളില്‍ എംപ്ലോയ്‌മെന്റ് വഴി നിയമനം നടന്നുകഴിഞ്ഞു. ജില്ലയില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അതുകൊണ്ടു തന്നെ ഇതര ജില്ലകളിലാണ് ജോലി ചെയ്യുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day