|    Mar 20 Tue, 2018 11:22 pm
FLASH NEWS

കൃഷിവകുപ്പ് 639 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും

Published : 14th July 2017 | Posted By: fsq

 

ചെറുതോണി: എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പച്ചക്കറി തൈ വിതരണം, മാലിന്യ സംസ്‌കരണം തുടങ്ങിയ രംഗങ്ങളിലായി കൃഷിവകുപ്പ് 639 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ പദ്ധതികളുടെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ ബന്ധപ്പെട്ടവരാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. 600 വെജിറ്റബിള്‍ ക്ലസ്റ്ററുകളിലായി മൂന്ന് ലക്ഷം പച്ചക്കറിതൈകളും മൂന്ന് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും വിതരണം ചെയ്യും. സന്നദ്ധ സംഘടനകളുടെയും ജനകീയ കര്‍ഷക കൂട്ടായ്കളിലൂടെയും പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ സ്ഥാപനങ്ങള്‍ എന്നിവയിലൂടെയും പച്ചക്കറി കൃഷി വ്യാപകമാക്കും .ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചിത്വമിഷന്‍ 2017-18 വര്‍ഷം 15.15 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.ആര്‍ദ്രം പദ്ധതിക്കു കീഴില്‍ വട്ടവട, കൊന്നത്തടി, കാഞ്ചിയാര്‍ പഞ്ചായത്തുകളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ജോലികള്‍ പുരോഗമിക്കുകയാണെന്ന് ഡി.എം.ഒ അറിയിച്ചു. ജില്ലയില്‍ എട്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാംഘട്ടം ഡിസംബറോടെ പൂര്‍ത്തിയാകും. ഏഴ് സ്‌കൂളുകളില്‍ ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കുന്നതിന് 25000 രൂപ വീതം വിതരണം ചെയ്തു. എസ്.എസ്.എയുടെ നേതൃത്വത്തില്‍ ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളില്‍ ജൈവ വൈവിധ്യ ഉദ്യാനം നിര്‍മ്മിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയായി. ജില്ലയിലെ 10 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.ലൈഫ് മിഷന്‍ പദ്ധതി അപേക്ഷകളുടെ ഒന്നാംഘട്ട കരട് പട്ടിക തയ്യാറായതായി അധികൃതര്‍ അറിയിച്ചു. ഭവന സമുച്ചയത്തിന് സ്ഥലം കണ്ടെത്തുന്നതിനും വിവിധ ഭവന പദ്ധതിക്ക് കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന വീടുകളുടെ കണക്കുകള്‍ ശേഖരിക്കുന്നതിനും നടപടികളായി. സംസ്ഥാന സര്‍ക്കാരിന്റെ നാലു മിഷന്‍ പദ്ധതികളുടെ ജില്ലയിലെ പ്രവര്‍ത്തന പുരോഗതി കലക്ടറേറ്റില്‍ അവലോകനം ചെയ്തു. നവകേരള മിഷന്‍ പദ്ധതികളിലൂടെ സാമൂഹിക വികസന രംഗങ്ങളില്‍ പുതിയ മുന്നേറ്റത്തിന് സാധ്യമാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത വൈദ്യുതി മന്ത്രി എം എം മണി അഭിപ്രായപ്പെട്ടു.  ജില്ലയില്‍ വികസനരംഗത്തും പൊതുജനാരോഗ്യം പാ ര്‍പ്പിട മേഖലയിലും കാര്‍ഷികരംഗത്തും മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പില്‍ ഉണ്ടാകുന്ന പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.നാലു മിഷന്‍ പദ്ധതികളുടെയും തുടര്‍ച്ചയായ അവലോകനം എല്ലാ മാസവും ജില്ലാവികസന സമിതി യോഗത്തില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss