|    Aug 19 Sat, 2017 3:23 am
FLASH NEWS

കൃഷിവകുപ്പിന്റെ അനാസ്ഥ ; ഫാമുകളിലേക്ക് താല്‍ക്കാലിക തൊഴിലാളികളെ നിയമിച്ചില്ല

Published : 3rd August 2017 | Posted By: fsq

 

ഒലവക്കോട്: ട്രൈബ്യൂനല്‍ കോടതി ഉത്തരവുണ്ടായിട്ടും കൃഷിവകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ  ഫാമുകളിലേയ്ക്കുള്ള കാഷ്വല്‍ തൊഴിലാളികളുടെ നിയമനം കടലാസിലൊതുങ്ങുന്നു. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ 2015 ആഗസ്ത് 22 നാണ് കാഷ്വല്‍ തൊഴിലാളികളുടെ ഒഴിവിലേക്ക് അഭിമുഖം നടത്തി അന്തിമപ്പട്ടിക  ഉണ്ടാക്കിയത്. 115 ഒഴിവിലേക്ക് ആയിരത്തോളം പേരാണ് അഭിമുഖത്തില്‍ പങ്കെടുത്തിരുന്നത്. എന്നാലിതുവരെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ നിയമനം നടത്തുകയോ ചെയ്തില്ല. ഇതോടെ ഒരു കൂട്ടം ഉദ്യോഗാര്‍ഥികളുടെ  ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.  ഉദ്യോഗാര്‍ഥികളില്‍ പലര്‍ക്കും വയസ്സ് കൂടിയതിനാല്‍ ജോലി സാധ്യത നഷ്ടപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. യോഗ്യതയുണ്ടായിട്ടും അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിച്ചില്ലെന്നാരോപിച്ച് ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചില ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. 2015 സപ്തംബറില്‍ രണ്ടും 2016 നവംബറില്‍ തിരുവനന്തപുരം ട്രൈബ്യൂനല്‍ കോടതിയിലുമാണ് പരാതി നല്‍കിയത്. അഭിമുഖം പൂര്‍ത്തിയായ ഫാമുകളില്‍ പിന്നീട് വരുന്ന ഒഴിവുകളിലേക്ക് വയസ്സ് യോഗ്യത എന്നിവ പരിശോധിച്ച് ഇവരെ പരിഗണിക്കണമെന്ന് കോടതി ഉത്തരവിടുകയുണ്ടായി. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് 2015 ലെ അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ 2017 മാര്‍ച്ചില്‍ ട്രൈബ്യൂനല്‍ കോടതിയെ സമീപിച്ചു. മൂന്നാഴ്ച്ചക്കകം തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി നിയമനം നടത്താന്‍ കോടതി ജൂലൈ 5ന് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ കോടതി ഉത്തരവിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ നിയമനം സംബന്ധിച്ച യാതൊരുവിധ നടപടികളും  പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.രാഷ്ട്രീയ ഇടപെടലുകളാണ് ഇതിനു പിന്നിലെന്നും  ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. 2015ല്‍ നടന്ന അഭിമുഖത്തിനു ശേഷം ഇതുവരെ മറ്റൊരു അഭിമുഖമോ നിയമനമോ നടന്നിട്ടില്ല. അതിനാല്‍ ഒഴിവുകളുടെ എണ്ണം വര്‍ധിച്ചതായും പറയുന്നു. കൃഷിവകുപ്പിന് കീഴില്‍ ജില്ലയില്‍ എരുത്തേമ്പതി, മലമ്പുഴ, കല്‍മണ്ഡപം, കോങ്ങാട്, ആലത്തൂര്‍ എന്നിവിടങ്ങളിലാണ് ഫാമുകളുള്ളത്. എന്നാല്‍ ഇവയില്‍ പലതും തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്. മലമ്പുഴ ഫാമില്‍ 120 പേര്‍ വേണമെന്നിരിക്കെ ആകെയുള്ളത് 20 ല്‍ താഴെ മാത്രമാണ്. ഉടന്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷിഓഫിസര്‍ തയ്യാറാവണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക