കൃഷിയില്‍ നൂറുമേനി കൊയ്ത് പായ്തുരുത്ത് ഗ്രാമം
Published : 11th July 2016 | Posted By: SMR
മാള: വെള്ളത്താല്‍ ചുറ്റപ്പെട്ട പായ്തുരുത്തുകാരുടെ പ്രധാന ജീവിത മാര്‍ഗം പ്രകൃതിയോടിണങ്ങിയ കൃഷി. തെങ്ങും കവുങ്ങും ജാതിയും വാഴയും പച്ചക്കറിയും നിറഞ്ഞ ഹരിതാഭമായ കാഴ്ചയാണ് 45 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പായ്തുരുത്തിനുള്ളത്.
തുരുത്തിലാകെയുള്ളതില് പകുതിയോളം സ്ഥലം തുരുത്തിനക്കരെയുള്ള ഒരു കുടുംബത്തിന്റെ കൈവശമാണ്. ബാക്കിയുള്ള സ്ഥലത്തില്‍ വീടുകളും വഴികളും ഒരു ആരാധനാലയവും കഴിച്ചുള്ളയിടത്തെല്ലാം വിവിധയിനം കൃഷികളാണ്. കൂടാതെ ഭൂമിയുടെ ഏറിയപങ്കും കൈവശമുള്ള കുടുംബ സ്ഥലം പാട്ടത്തിന് എടുത്ത് കൃഷിയിറക്കുന്നുമുണ്ട്. പണിയെടുക്കാന്‍ പ്രാപ്തരായവരെല്ലാം കാര്‍ഷിക രംഗത്താണ്. തൃശൂര്‍ ജില്ലയിലെ കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലും എറണാകുളം ജില്ലയിലെ കുന്നുകര ഗ്രാമപ്പഞ്ചായത്തിലുമായാണ് പായ്തുരുത്ത് സ്ഥിതി ചെയ്യുന്നത്.
കൃഷിക്കായി സഹായം നല്‍കുന്നത് കുഴൂര്‍ കൃഷിഭവനില്‍ നിന്ന് മാത്രമാണെന്നാണ് ഇവിടത്തെ കര്‍ഷകര്‍ പറയുന്നത്. കൃഷിയിറക്കാനായി ഏറ്റവും ദുരിതം നേരിടുന്നത് ജലസേചനത്തിനാണ്. മോട്ടോര്‍ ഷെഡും മോട്ടോറും വളരെ കുറവാണിവിടെ. സ്വകാര്യ വ്യക്തികളില്‍ നിന്നും ഓയില്‍ എന്ജിന് വാടകക്കെടുത്താണ് ഭൂരിഭാഗമാളുകളും ജലസേചനം നടത്തുന്നത്. മണിക്കൂറൊന്നിന് നാല്‍പ്പത് രൂപ പ്രകാരമാണ് ഓയില്‍ എഞ്ചിന്റെ വാടക. ഇന്ധനത്തിന് വേറെ പണം ചിലവഴിക്കണം. വാഴ കൃഷിക്ക് ആഴ്ചയില്‍ ഒരു തവണയെന്ന കണക്കെ ആറു മാസം നനക്കണം.
ജാതിക്കും പച്ചക്കറിക്കും ഇതുപോലെയോ അതിലധികമോ നന വേണം. വളത്തിനും കീടനാശിനിക്കുമായി പിന്നെയും നല്ല തുക ചിലവാകും. പാട്ടത്തിനാണ് കൃഷി ചെയ്യുന്നതെങ്കില്‍ വാഴ ഒന്നിന് 35 രൂപ പ്രകാരം പാട്ടം നല്‍കണം. പ്രധാനമായും ഏത്ത വാഴയാണ് കൃഷി ചെയ്യുന്നത്. റോബസ്റ്റ, പൂവന്, ഞാലിപ്പൂവന്, മറ്റു ചെറുവാഴകളെല്ലാമിവിടെ കൃഷി ചെയ്യുന്നുണ്ട്. ഏത്തക്കായക്ക് നല്ല വില ലഭിച്ചതിനാല്‍ ഇത്തവണ കര്‍ഷകര്‍ക്ക് സന്തോഷമാണ്. 40 മുതല്‍ 49 രൂപ വരെ വിലക്ക് തുരുത്തിലെത്തി മൊത്തക്കച്ചവടക്കാര്‍ ഏത്തക്കായ എടുത്തു. മറ്റിനം കായകള്‍ക്കും ഇത്തവണ മോശമല്ലാത്ത വില ലഭിച്ചു. ഏക്കറില്‍ ആയിരം ഏത്തവാഴ വെക്കുന്നു.
മൊത്തം ചിലവ് രണ്ട് ലക്ഷം രൂപയാണ്. മോശമല്ലാത്ത വില ലഭിച്ചാല്‍ മാത്രമാണ് ലാഭകരമാവുക. വാഴക്കുലയ്ക്ക് മുമ്പേ വാഴ ഒടിഞ്ഞാല്‍ വലിയ നഷ്ടം നേരിടും. ഒടിഞ്ഞ വാഴയ്ക്ക് രണ്ടോ മൂന്നോ രൂപ മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. ജാതിക്കായക്കും പത്രിക്കും വില വളരെ കുറവായതിനാല്‍ നഷ്ടമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. വേനലില്‍ ജാതിക്കും നല്ല രീതിയില്‍ നനക്കണം. കൃത്യമായി നനക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇക്കഴിഞ്ഞ വേനലില്‍ പല ജാതിമരങ്ങളും ഉണങ്ങി. വിവിധയിനം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ സഹായമൊന്നും ഇവിടത്തെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കുഴൂര്‍ കൃഷിഭവനില്‍ നിന്നും നാമമാത്രമായ ആനുകൂല്യങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. വിപണനത്തിനും ബുദ്ധിമുട്ടാണ്.
ചാലാക്കലും എളന്തികരയിലുമാണ് കെ എച്ച് ഡി പി യുടെ കൗണ്ടറുള്ളത്. എറണാകുളം ജില്ലയില്‍ നിന്നുമുള്ള സഹായം കൂടി ലഭ്യമായാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജത്തോടെ കൃഷി തുടരാം. സര്‍ക്കാര്‍ സഹായം കിട്ടാതിരുന്നിട്ട് പോലും ഇവര്‍ ആരോടും പരാതി പറഞ്ഞില്ല. ഓരോ തിരഞ്ഞെടുപ്പുകളിലും വോട്ട് ചോദിച്ച് ഇവിടെ എത്തുന്നവര്‍ ചൊരിയുന്ന മോഹന വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പ്രാവര്‍ത്തികമാകില്ലെന്ന് പണ്ടേ തന്നെ ഇവര്ക്കറിയാവുന്നതാണ് കാരണം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.