|    Nov 18 Sat, 2017 9:30 pm
FLASH NEWS

കൃഷിയിടത്തില്‍ സ്ഥിരവാസമാക്കി കാട്ടാനകള്‍

Published : 5th August 2017 | Posted By: fsq

 

പുല്‍പ്പളളി: വേലിയമ്പത്തും പരിസരപ്രദേശങ്ങളിലുമുളള കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ സ്ഥിരവാസമാക്കി. വൈകുന്നേരത്തോടെ കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനക്കൂട്ടം നേരം നന്നെ പുലരുവോളം കൃഷിയിടങ്ങളില്‍ നിലയുറപ്പിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ വേലിയമ്പത്ത് കാട്ടാനക്കൂട്ടം കയറാത്ത കൃഷിയിടങ്ങളില്ല.കൃഷിയിടത്തില്‍ കയറുന്ന കാട്ടാനകളെ ഓടിച്ച് വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലക്ഷക്കണക്കിനു രൂപയുടെ കാര്‍ഷിക വിളകളാണ് കാട്ടാനക്കൂട്ടം തിന്നും ചവിട്ടിയും നശിപ്പിച്ചത്. തെങ്ങ്, നെല്ല് എന്നിവയ്ക്കാണ് ഏററവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. വെളളിയാഴ്ച രാത്രിയിലും കാട്ടാനക്കൂട്ടം വേലിയമ്പത്തെ കൃഷിയിടങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ചിറമേല്‍ വിത്സണ്‍, കദളിക്കാട്ടില്‍ പൗലോസ്, കൊച്ചുപുരക്കല്‍ തങ്കച്ചന്‍, ചുണ്ടക്കുന്നേ ല്‍ ജോസ്, വിളയാനിക്കല്‍ സണ്ണി, വെട്ടുകല്ലേല്‍ ഐസക്, തളികപ്പറമ്പില്‍ ജോണ്‍സണ്‍, കുരഞ്ഞുവയല്‍ മണി, മാളിയേക്കല്‍ പാപ്പച്ചന്‍, കട്ടക്കണ്ടി തിമ്മപ്പന്‍ എന്നിങ്ങനെ നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങള്‍ കാട്ടാനകളുടെ തുടര്‍ച്ചയായ ആക്രമണംമൂലം മരുപ്പറമ്പായ അവസ്ഥയിലാണ്. കായ്ഫലമുളള തെങ്ങുകള്‍ ഏതാണ്ട്പൂര്‍ണ്ണമായിത്തന്നെ കാട്ടാനകള്‍ നശിപ്പിച്ചു കഴിഞ്ഞു. വയലുകളില്‍ പറിച്ചുനടാന്‍ പാകമായ ഞാറ് കാട്ടാനകള്‍ നശിപ്പിച്ചു.  നെയ്ക്കുപ്പ വനത്തില്‍നിന്നിറങ്ങുന്ന കാട്ടാനകളാണ് വേലിയമ്പത്തും പരിസരപ്രദേശങ്ങളിലും നാശം വിതയ്ക്കുന്നത്.അടുത്തകാലത്തായി വേലിയമ്പത്ത് കാട്ടാനശല്യം രൂക്ഷമാകാന്‍ മറ്റൊരു കാരണവുമുണ്ട്. വേലിയമ്പത്തിന് സമീപത്തെ പ്രദേശങ്ങളിലെ വനാതിര്‍ത്തികളിലൊക്കെ വൈദ്യുതിവേലികള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഈയൊരുമേഖല ഒഴിഞ്ഞുകിടക്കുന്നതിനാല്‍ കാട്ടാനകള്‍ കൂട്ടത്തോടെ ഇവിടേക്ക് ഇറങ്ങുകയാണ്. കാട്ടാന ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റേഞ്ച് ഓഫിസര്‍ അടക്കമുളള വനപാലകര്‍ ഇവിടെ എത്തിയിരുന്നു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ യും സ്ഥലം സന്ദര്‍ശിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ചിരുന്നു. എന്നാല്‍ ഇവരൊക്കെ വന്നുപോയെന്നല്ലാതെ യാതൊരു നടപടിയുമുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക