|    Oct 24 Wed, 2018 1:45 am
FLASH NEWS

കൃഷിമന്ത്രിയുടെ വാക്ക് പാഴ് വാക്കായി; എന്നു തുറക്കുമെന്നറിയാതെ മോഡേണ്‍ റൈസ് മില്‍

Published : 26th September 2017 | Posted By: fsq

 

സുനു ചന്ദ്രന്‍ കാവശ്ശേരി

ആലത്തൂര്‍: മോഡേണ്‍ റൈസ് മില്‍ ഏപ്രിലില്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുമെന്ന കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രഖ്യാപനം ഇന്നും നടപ്പായില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കെ ഡി. പ്രസേനന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ പറഞ്ഞത്. മില്ലിന്റെ നടത്തിപ്പ് ചുമതല മാര്‍ക്കറ്റിങ് സൊസൈറ്റിയെയോ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തെയോ ഏല്‍പ്പിക്കുന്നത് സംബന്ധിച്ചായിരുന്നു എംഎല്‍എയുടെ സബ്മിഷന്‍. മുപ്പത് ലക്ഷം വില വരുന്ന സോര്‍ട്ടെക്‌സ് മെഷീന്‍ സ്ഥാപിക്കുന്നതിന് നടപടി വൈകുന്നതാണ് പ്രശ്‌നം. ഇതിനുള്ള തുക സര്‍ക്കാര്‍ അനുവദിക്കുമോ കോര്‍പറേഷന്‍ വഹിക്കണമോ എന്നതു സംബന്ധിച്ച് തീരുമാനമായില്ല. മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ലൈസന്‍സ് പുതുക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ബന്ധപെട്ട നടപടിയും പൂര്‍ത്തിയിട്ടില്ല. മോഡേണ്‍ റൈസ് മില്‍ പ്രവര്‍ത്തന സജ്ജമായാല്‍ ആലത്തൂര്‍ താലൂക്കിലെ 16 പഞ്ചായത്തുകളിലായി 12,000 ഏക്കര്‍ സ്ഥലത്ത് ഒന്നാം വിളയിലും രണ്ടാം വിള കൃഷയിലും ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും പുഴുങ്ങി അരിയാക്കാന്‍ സാധിക്കും. മില്ലിന്റെ നടത്തിപ്പ് ചുമതല ആരെ ഏല്‍പ്പിക്കുമെന്നത് സംബസിച്ച് സിവില്‍ സപ്ലൈസ് കോര്‍പറേഷനുമായി നടന്നു വന്ന ചര്‍ച്ചയും എങ്ങുമെത്തിയില്ല. കേരള സ്‌റ്റേറ്റ് വെയര്‍  ഹൗസിങ് കോര്‍പറേഷന്റെ കീഴില്‍ 2000 ല്‍ നിര്‍മാണാനുമതി ലഭിക്കുകയും 2008ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തതാണ് മില്‍. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ 2008 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്ത സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് പ്രതിസന്ധി നേരിട്ടത്. മില്ലിനാവശ്യമായിരുന്ന നെല്ല് നല്‍കിയിരുന്നത് ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സൊസൈറ്റി ആയിരുന്നു. നെല്ല് വില വര്‍ധിച്ചപ്പോള്‍ സൊസൈറ്റി കുറഞ്ഞ വിലയ്ക്ക് നെല്ല് നല്‍കാന്‍ തയ്യാറായില്ല. 2010 ജൂണ്‍ എട്ടു മുതല്‍ മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഒന്നാം വിള കൊയ്ത്ത് കഴിയാറായിട്ടും ആലത്തൂരിലെ കര്‍ഷകരുടെ പ്രതീക്ഷയായ മോഡേണ്‍ റൈസ് മില്ല് തുറക്കാത്തതില്‍ വിവിധ കര്‍ഷക സംഘടനകള്‍ക്ക് പരാതിയുണ്ട്. മാത്രമല്ല മോഡേണ്‍ റൈസ് മില്ലിന്റെ ഗോഡൗണില്‍ സപ്ലൈക്കോയുടെ ഭക്ഷ്യ സുരക്ഷ നിയമമനുസരിച്ചുള്ള അരിയും ഗോതമ്പും സൂക്ഷിച്ചിരിക്കുകയാണ്.ഇതിന് മറ്റൊരു ഗോഡൗണ്‍ അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ആലത്തൂര്‍ നിയോജക മണ്ഡലം സമഗ്ര കാര്‍ഷിക വികസന പദ്ധതി ‘നിറ’ യുടെ ഉദ്ഘാടനത്തിന് ഇന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ആലത്തൂരില്‍ എത്തുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss