|    Feb 20 Mon, 2017 11:35 pm
FLASH NEWS

കൃഷിഭവന്‍ നല്‍കിയ വളം പ്രയോഗിച്ചു: കുരുമുളക് വള്ളികള്‍ കരിഞ്ഞുണങ്ങി

Published : 23rd November 2016 | Posted By: SMR

മാനന്തവാടി: കൃഷിഭവനില്‍ നിന്നു സൗജന്യമായി ലഭിച്ച വളം പ്രയോഗിച്ച ഭാഗങ്ങളിലെ കുരുമുളക് വള്ളികള്‍ വ്യാപകമായി കരിഞ്ഞുണങ്ങിയതായി ആക്ഷേപം. തിരുനെല്ലി കൃഷിഭവനില്‍ നിന്ന് കര്‍ഷകര്‍ക്കു നല്‍കിയ വേപ്പിന്‍പിണ്ണാക്കും ഡോളോമൈറ്റും പ്രയോഗിച്ച കര്‍ഷകരാണ് വെട്ടിലായത്. തിരുനെല്ലി പഞ്ചായത്തില്‍ കൃഷി നടത്തിവരുന്ന മാടപ്പള്ളിക്കുന്നേല്‍ തോമസിന്റെ കുരുമുളക് കൃഷി ഉണങ്ങിനശിച്ചുകൊണ്ടിരിക്കുകയാണ്. 13 ഏക്കര്‍ തോട്ടത്തില്‍ ഏഴേക്കറിലാണ് കൃഷിഭവനില്‍ നിന്നു ലഭിച്ച വളം പ്രയോഗിച്ചത്. വളമിടാത്ത കുരുമുളക് വള്ളികള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ആദ്യമായാണ് കൃഷിഭവനില്‍ നിന്നുള്ള വളം ഇദ്ദേഹം കൃഷിയിടത്തില്‍ ഉപയോഗിച്ചത്. കുരുമുളക് വള്ളികള്‍ നശിച്ചതുമായി ബന്ധപ്പെട്ട് ഉപഭോക്തൃ കോടതിയില്‍ കേസ് നല്‍കാനിരിക്കുകയാണ് ഇദ്ദേഹം. കര്‍ഷകര്‍ക്കുളള സഹായം ഉല്‍പന്നങ്ങളായി വിതരണം ചെയ്യാനും അതിലൂടെ ലക്ഷങ്ങള്‍ കമ്മീഷന്‍ കൈപ്പറ്റാനും കൃഷിവകുപ്പിലെ ഉന്നതര്‍ നടത്തിയ നീക്കം ഏക്കര്‍കണക്കിന് കുരുമുളക് തോട്ടങ്ങള്‍ കരിഞ്ഞുണങ്ങാന്‍ ഇടയാക്കിയതായുള്ള പരാതി വ്യാപകമാണ്. കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങളും ഗുണമേന്‍മ കുറഞ്ഞതാണെന്ന പരാതി കാലങ്ങളായി ഉയരുന്നുണ്ട്. കാര്‍ഷിക സഹായം പണമായി വിതരണം ചെയ്യണമെന്ന ആവശ്യവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിതരണ കമ്പനികളുടെയും സ്വാധീനത്തിന് വഴങ്ങി തിരസ്‌കരിക്കുകയാണെന്നാണ് കര്‍ഷകരുടെ പരാതി. നാളെ ജില്ലയിലെത്തുന്ന കൃഷിമന്ത്രിയെ നേരില്‍ കണ്ട് കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ പണമായി നല്‍കാനാവശ്യപ്പെടാന്‍ തിരുനെല്ലി പഞ്ചായത്ത് കാര്‍ഷിക സംരക്ഷണ സമിതി തീരുമാനിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക