|    Jul 21 Fri, 2017 2:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കൃഷിക്കുള്ള സ്വര്‍ണപ്പണയ വായ്പ പുതുക്കല്‍ നിര്‍ത്തി

Published : 7th August 2016 | Posted By: SMR

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍ (പാലക്കാട്): സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകളില്‍ കൃഷിക്കുള്ള സ്വര്‍ണപ്പണയ വായ്പ പുതുക്കല്‍ ബാങ്കിങ്  ഇന്റേണല്‍ വിഭാഗം നിര്‍ത്തിവച്ചു. ഇതോടെ കൃഷിക്കുള്ള സ്വര്‍ണപ്പണയം ഒരുവര്‍ഷ കാലാവധി എത്തുമ്പോള്‍ പലിശ മാത്രം അടച്ച് വായ്പ പുതുക്കി നല്‍കുന്ന സംവിധാനം ഇല്ലാതായി.
വായ്പ പുതുക്കുമ്പോള്‍ വായ്പത്തുകയും പലിശയും ചേര്‍ത്തുള്ള സംഖ്യ മുഴുവനായി അടയ്ക്കണം. നാലു ശതമാനമുള്ള പലിശനിരക്ക് ഒരു ദിവസം തെറ്റിയാല്‍ കാര്‍ഷിക വായ്പ അല്ലാതായി 14 ശതമാനമായി ഉയരുകയും ചെയ്യും. പണയം തിരിച്ചെടുക്കാന്‍  വട്ടിപ്പലിശക്കാരില്‍ നിന്നും നാടന്‍ ചിട്ടിക്കാരില്‍ നിന്നും  പണം കടം വാങ്ങേണ്ടി വരുന്നു. ഒരുവര്‍ഷ കാലാവധിക്കുള്ളില്‍ വായ്പ പുതുക്കുകയോ അടച്ചുതീര്‍ക്കുകയോ ചെയ്തില്ലെങ്കില്‍  ജപ്തി, ലേല നടപടി നേരിടേണ്ടി വരും. ഇതിന്റെ ഫീസുകളും കര്‍ഷകരില്‍ നിന്ന് ഈടാക്കും. പലിശ മാത്രം അടച്ച് വായ്പ പുതുക്കിയിരുന്നത് ബാങ്കിങ് ഇന്റേണല്‍ ഓഡിറ്റിങ് വിഭാഗം അനുവദിക്കുന്നില്ലെന്നാണ് ദേശസാല്‍കൃത ബാങ്ക് മാനേജര്‍മാര്‍ പറയുന്നത്. പലിശ മാത്രം അടച്ച് പലതവണ പുതുക്കുന്ന വായ്പയെ കിട്ടാക്കടം വിഭാഗത്തിലാണ് ഓഡിറ്റിങ് റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത്.
കടക്കെണിയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ബാങ്കുകള്‍ വായ്പാനയം ഉദാരമാക്കണമെന്ന ആവശ്യം ഉയരുമ്പോഴും ബാങ്കുകളുടെ വ്യവസ്ഥകളിലെ കാര്‍ക്കശ്യത്തിനു മാറ്റമില്ല. സഹകരണ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പയും ഏഴു ശതമാനം പലിശ നിരക്കില്‍ വായ്പയും നല്‍കുന്നുണ്ട്.
നബാര്‍ഡും ഇതിനിടയില്‍ ദേശസാല്‍കൃത ബാങ്കുകളിലെ കാര്‍ഷിക വായ്പാപരിധി കുറയ്ക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നികുതി അടച്ച ഒരാള്‍ക്ക് ഒരുലക്ഷം രൂപ വരെ മാത്രമേ കാര്‍ഷിക വായ്പ ലഭ്യമാവൂ. സര്‍ക്കാര്‍ കര്‍ഷകര്‍ക്കനുകൂലമായ തീരുമാനങ്ങള്‍ എടുക്കുകയും അത് നടപ്പാക്കാന്‍ ദേശസാല്‍കൃത ബാങ്കുകളോട് നിര്‍ദേശിക്കുകയും ചെയ്താല്‍  മാത്രമേ കര്‍ഷകര്‍ക്ക് പ്രയോജനം കിട്ടൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക