|    Nov 17 Sat, 2018 10:48 pm
FLASH NEWS

കൃഷിക്കും വിദ്യാഭ്യാസ മേഖലയ്ക്കും മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്‌

Published : 23rd March 2018 | Posted By: kasim kzm

കോഴിക്കോട്: ഭവന നിര്‍മാണത്തിനും കൃഷിയ്ക്കും വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനും മുന്‍തൂക്കം നല്‍കുന്ന ജില്ലാപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 139.5444 കോടി രൂപ വരവും 134.8701 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സര്‍ക്കാറിന്റെ ലൈഫ് മിഷന്‍  ഭവന പദ്ധതിയ്ക്ക് 12.76 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. തരിശുരഹിത ജില്ലയെന്ന ലക്ഷ്യപ്രാപ്തിക്കായി കാര്‍ഷിക മേഖലയില്‍ 4.68 കോടി രൂപ വകയിരുത്തി. നെല്‍കൃഷി, ജൈവപച്ചക്കറി, ഇടവിള കൃഷി എന്നിവയുടെ പ്രോല്‍സാഹനത്തിന്  തുക വിനിയോഗിക്കും. കര്‍ഷകര്‍ക്ക് ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോപകരണങ്ങള്‍ നല്‍കും.
മൃഗസംരക്ഷണ പദ്ധതിക്ക് 2.98 കോടി രൂപ  നീക്കിവച്ചു. ക്ഷീരഗ്രാമം, മുട്ടഗ്രാമം എന്നിവക്കും മില്‍ക്ക് ഇന്‍സന്റീവിനും പദ്ധതി തുക വിനിയോഗിക്കും. മല്‍സ്യമേഖലയ്ക്ക് 3.08 കോടി രൂപ ചെലവഴിക്കും. ചാത്തമംഗലം റീജ്യണല്‍ പൗള്‍ട്രി ഫാമിനെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തും. അപൂര്‍വ ഇനം കോഴികളുടെ പ്രദര്‍ശനത്തിനും കര്‍ഷകരുടെ പരിശീലനത്തിനും സംവിധാനമൊരുക്കും. മല്‍സ്യത്തൊഴിലാളികള്‍ക്ക് വല നല്‍കല്‍, ഉള്‍നാടന്‍ മല്‍സ്യക്കൃഷി എന്നിവ ഇതില്‍ ഉള്‍പ്പെടും.
ഹരിതകേരളം: ജലസംരക്ഷണ പദ്ധതിക്ക്് 4.85 കോടി രൂപ വിനിയോഗിക്കും. കുറ്റിയാടിപ്പുഴ , രാമന്‍പുഴ-മഞ്ഞപ്പുഴ സംരക്ഷണം, മാമ്പുഴ, പൂനൂര്‍ പുഴ നവീകരണം, പൂളേങ്കര ചാലി (ഒളവണ്ണ), കല്ലൂര്‍ , ചെക്യാട് ,  കൊന്തളത്ത്താഴം , വടക്കുമ്പാട് , പുഞ്ചപ്പാടം, ചാരംകൈ വിസിബികള്‍, പെരുവഴിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍, പള്ളിക്കല്‍ കുന്നപ്പാട്ടില്‍പാടം, പള്ളിക്കല്‍ – പെരുവയല്‍-ചാലിപ്പാടം ലിഫ്റ്റ് ഇറിഗേഷന്‍ എന്നിവയാണ് ജലസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിതകേരളം ശുചിത്വപദ്ധതിയ്ക്കായി 4.85 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വനവല്‍ കരണ പദ്ധതി നടപ്പാക്കും.  ബാലുശ്ശേരി, ചേമഞ്ചേരി, കുഴിമ്പാട്ട് , പൂവാലോറക്കുന്ന്, മാക്കുന്ന് എന്നിവിടങ്ങളില്‍ പൊതുശ്മശാനം നിര്‍മിക്കും.
വിദ്യാലയ അടിസ്ഥാനസൗകര്യം വിപുലപ്പെടുത്തുന്നതിനായി 6.67 കോടി രൂപ നീക്കിവച്ചു. എഡ്യുകെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി, വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയവക്കാണ് തുക വിനിയോഗിക്കുക. അന്താരാഷ്ട്ര കയാക്കിങ് മല്‍സരം, നാടകോല്‍സവം, നാടന്‍ കലോല്‍സവം, സാംസ്‌കാരികോല്‍സവം തുടങ്ങിയ പരിപാടികള്‍ക്കും തുക നീക്കിവച്ചിട്ടുണ്ട്.
വനിതാക്ഷേമം: 5.77 കോടി രൂപ ചെലവിടും. വില്യാപ്പള്ളിയിലും കുന്നുമ്മലും രണ്ടു വനിതാ ഹോസ്റ്റലുകള്‍ നിര്‍മിക്കും. കുറ്റിയാടിയിലും കായണ്ണയിലും രണ്ട് വനിതാ മള്‍ട്ടി പര്‍പ്പസ് സെന്ററുകള്‍ സ്ഥാപിക്കും. വനിതകള്‍ക്ക് തൊഴില്‍നൈപുണ്യ പരിശീലനം നല്‍കും. കുടുംബശ്രീ വനിതാ തീയേറ്റര്‍ ഒരുക്കും. ഒളവണ്ണ, കടലുണ്ടി കയര്‍ സൊസൈറ്റികള്‍ക്ക് വര്‍ക്ക് ഷെഡ് നിര്‍മിക്കാനും തുക നീക്കിവച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കു സ്‌കൂള്‍ വഴി കരാത്തെ പരിശിലനം നല്‍കും. സ്‌കൂളുകള്‍ക്കു ബാന്‍ഡ് സെറ്റ് നല്‍കാനും പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട്.
ആരോഗ്യമേഖല: 2.67 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. സ്‌നേഹസ്പര്‍ശം പദ്ധതിക്കു ധനസഹായം നല്‍കും. ജില്ലാ ആശുപത്രി വടകര, ഹോമിയോ ആശുപത്രി എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. വടകര ജില്ലാ ആശുപത്രിയില്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കും.  മാനസികരോഗികള്‍ക്കു മരുന്ന് ഉറപ്പാക്കും. വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്കു 2.69 കോടിയുടെ പദ്ധതി പ്രാവര്‍ത്തികമാക്കും. ഭിന്നശേഷിക്കാര്‍ക്കു സ്‌കോളര്‍ഷിപ്പ്,  മുച്ചക്ര വാഹനം എന്നിവ നല്‍കും. ശ്രദ്ധാഭവന്‍ വയോജന കെട്ടിടം 1.45 കോടി രൂപ ചെലവില്‍  നിര്‍മിക്കും.  ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു തൊഴില്‍പരിശീലനം നല്‍കും. 7 ബഡ്‌സ് സ്‌കൂളുകള്‍ക്കു കെട്ടിടം നിര്‍മിച്ചുനല്‍കാന്‍ 70 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും.
പട്ടികജാതി വികസനം:  12.90 കോടി രൂപ വിനിയോഗിക്കും. പട്ടിക ജാതിക്കാര്‍ക്ക് പിആര്‍ടിസി മുഖേന സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം നല്‍കും. യുവതീയുവാക്കള്‍ക്കു ജീവനോപാധിയായി വാദ്യോപകരണങ്ങള്‍ നല്‍കും. കോളനികളില്‍ കുടിവെള്ളം ഉറപ്പാക്കുകയും സാംസ്‌കാരിക നിലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്യും.
പട്ടികവര്‍ഗ ഉന്നമനം: 1.05 കോടി രൂപ നീക്കിവച്ചു. തൊഴില്‍ നൈപുണ്യ വികസനം, കരിയര്‍ ഗൈഡന്‍സ്, ആയുര്‍വേദ ചികില്‍സാ ക്യാംപ്, മറ്റു ക്ഷേമപദ്ധതികള്‍ എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കും.  ജില്ലയില്‍  24 കുടിവെള്ള പദ്ധതികള്‍ സ്‌കൂളുകളിലും കോളനികളിലും നടപ്പാക്കും.
റോഡ് വികസനം: 27 ഡിവിഷനുകളിലെയും റോഡ് വികസനത്തിന് 57.69 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. സൗരോര്‍ജ പദ്ധതിയിലൂടെ താമരശ്ശേരി ചുരം വൈദ്യുതീകരണവും  ഈ വര്‍ഷം പൂര്‍ത്തിയാക്കും. ജില്ലാ പഞ്ചായത്തിന് പുതിയ ഓഡിറ്റോറിയം നിര്‍മിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss