|    Jan 18 Wed, 2017 1:35 pm
FLASH NEWS

കൃഷിക്കും മൃഗങ്ങള്‍ക്കും ഇനി നല്ലകാലം

Published : 30th July 2016 | Posted By: SMR

slug-madhyamargamകേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വളവോ തിരിവോ ബ്രാക്കറ്റോ ഇല്ലാത്ത ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സിപിഐ. രണ്ട് മുഖ്യമന്ത്രിമാരെയും നിരവധി മന്ത്രിമാരെയും സംസ്ഥാനത്തിനു സംഭാവന നല്‍കിയ പാര്‍ട്ടി. അഴിമതിയോ കൈക്കൂലിയോ പോയിട്ട് നിലത്തു വീണുകിടക്കുന്ന നോട്ടുകള്‍പോലും സിപിഐക്കാര്‍ കൈകൊണ്ട് തൊടാറില്ലത്രെ. പാര്‍ട്ടി ഫണ്ടല്ലാതെ പേഴ്‌സനല്‍ ഫണ്ടോ ഫാമിലി ഫണ്ടോ പിരിക്കാറുമില്ല. പൊതുജനങ്ങള്‍ സന്തോഷത്തോടെ കൊടുക്കുന്ന പാര്‍ട്ടിഫണ്ടാണെങ്കില്‍ ഓഫിസിലെ ടെലിഫോണ്‍ ബില്ല് അടയ്ക്കാന്‍ പോലും തികയുകയുമില്ല.
പാര്‍ട്ടി കൈകാര്യം ചെയ്യാത്ത വകുപ്പുകള്‍ ഇവിടെയില്ല. സിപിഐയുടെ മന്ത്രിമാര്‍ എന്നു പറഞ്ഞാല്‍ അത് മന്ത്രിസഭയ്ക്കു തന്നെ ഒരു ഗമയാണ്. മന്ത്രിമാരില്‍ താരപദവി അവര്‍ക്കായിരിക്കും. വകുപ്പ് കൈയില്‍ കിട്ടിയാല്‍ പിന്നെ താഴോട്ടും മേല്‍പ്പോട്ടും നോട്ടമില്ല. ഭരണമാണ്. മന്ത്രിമാരെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് കമ്മിറ്റികളുമില്ല. രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ കൂടുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും. അത്രയേയുള്ളൂ.
മന്ത്രിമാരുടെ പരിപാടികള്‍ നിശ്ചയിക്കലും ശുപാര്‍ശകള്‍ കൈകാര്യം ചെയ്യലും അതത് പാര്‍ട്ടി സെക്രട്ടറിമാരുടെ ഉത്തരവാദിത്തമാണ്. ചുരുക്കം പറഞ്ഞാല്‍ സിപിഐയുടെ മന്ത്രിമാര്‍ സര്‍വതന്ത്ര സ്വതന്ത്രന്മാരാണ്. മുന്നണിയിലെ വല്യേട്ടന്മാരോ മറ്റ് സഹോദരന്മാരോ ഇടപെട്ടാല്‍ സഖാവ് കാനം രാജേന്ദ്രനുണ്ട്. സഖാവ് ഫോണ്‍ എടുക്കേണ്ട താമസമേയുള്ളൂ, പ്രശ്‌നം ഒത്തുതീര്‍പ്പാവും.
റവന്യൂ എന്നാല്‍ യഥാര്‍ഥത്തില്‍ ഭരണത്തിന്റെ താക്കോല്‍വകുപ്പാണ്. ജില്ലാ കലക്ടറും ജില്ലാ ഭരണവും മുതല്‍ വില്ലേജ് ഓഫിസ് വരെ റവന്യൂ വകുപ്പിന്റെ കീഴിലാണ്. പണ്ട് സിപിഐ മന്ത്രിമാരായ പി എസ് ശ്രീനിവാസന്‍, കെ ഇ ഇസ്മയില്‍ എന്നിവര്‍ ഭരിച്ച വകുപ്പാണിത്. ഇപ്പോഴത്തെ മന്ത്രി ചന്ദ്രശേഖരന്‍ അവര്‍കള്‍ പച്ചപാവമാണ്. സൗമ്യശീലന്‍, മിതഭാഷി, തനി നാട്ടുമ്പുറത്തെ സ്വഭാവക്കാരന്‍. കലക്ടര്‍മാരെ നിയമിക്കലൊക്കെ വലിയ പണിയായതിനാല്‍ അതൊക്കെ മുഖ്യമന്ത്രിയെയും ഉപദേശകരെയും ഏല്‍പിച്ച് അദ്ദേഹം ലളിതജീവിതവുമായി കഴിയുന്നു.
ശരീരപ്രകൃതികൊണ്ടും നാവിന്റെ മഹത്ത്വം കൊണ്ടും കോടിയേരിയോടും ഇ പി ജയരാജനോടും കിടപിടിക്കാന്‍ പ്രാപ്തിയുള്ള യുവത്വത്തിന്റെ പ്രതീകമാണ് കൃഷിവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി സുനില്‍കുമാര്‍. ടെലിവിഷന്‍ ചാനലുകളില്‍ എതിരാളികളെ മലര്‍ത്തിയടിക്കുന്നതില്‍ മുന്നില്‍ നിന്ന അനുഭവവും പരിചയവും അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ടാണ്. തകര്‍ന്ന് മണ്ണോടു ചേര്‍ന്നുപോയ കൃഷിയെ കീഴ്‌മേല്‍ മറിക്കാനാണ് മന്ത്രിയുടെ പുറപ്പാട്. കൃഷിവകുപ്പിന്റെയും അതിലൂടെ തന്റെയും വാര്‍ത്തകള്‍ വരുത്താന്‍ അദ്ദേഹം  നടത്തുന്ന അഭ്യാസങ്ങള്‍ മറക്കാനാവില്ല. നിത്യേന ഒരു കൃഷി ഓഫിസിലേക്കോ ഗോഡൗണിലേക്കോ മിന്നല്‍ സന്ദര്‍ശനം. വിവരം പത്രക്കാരെയും ചാനലുകാരെയും നേരത്തേ അറിയിക്കും. ഉദ്യോഗസ്ഥരെ അറിയിക്കില്ല. കൃഷി എന്നു കേട്ടാല്‍ ഉദ്യോഗസ്ഥര്‍ മൂത്രമൊഴിക്കുന്ന സ്ഥിതിയിലേക്കായി. മാധ്യമക്കാരുടെ മുന്നില്‍ വച്ച് ഉദ്യോഗസ്ഥരെ നിരന്തരം ശകാരിച്ചില്ലെങ്കില്‍ മന്ത്രിക്ക് അന്ന് ഉറക്കം വരില്ലത്രേ.
ബഹുമാന്യനായിരുന്ന ഇ ചന്ദ്രശേഖരന്‍ നായരുടെ പിന്തുടര്‍ച്ചക്കാരനായ ഭക്ഷ്യമന്ത്രിയാണെങ്കില്‍ മാവേലി സ്റ്റോറുകളൊക്കെ പൊടിതട്ടിക്കഴിഞ്ഞു. ഒരു ചില്ലിക്കാശും ചെലവാക്കാതെ മലയാളികളുടെ വയറുകള്‍ സദാസമയവും നിറയ്ക്കാനുള്ള പ്രവൃത്തികളാണ് അദ്ദേഹം ആവിഷ്‌കരിക്കുന്നത്. ഓണക്കാലം സമൃദ്ധിയുടെ കാലമാക്കി മാറ്റാനുള്ള ഓവര്‍ടൈം പണിയാണ് അദ്ദേഹം എടുക്കുന്നത്. പക്ഷേ, സ്റ്റോറിലൊന്നും സാധനമില്ല എന്നു പരാതി. കാടിന്റെ മന്ത്രിയാണെങ്കില്‍ കാടിനുള്ളില്‍ത്തന്നെ കഴിയുകയാണെന്നു കരുതണം. മുമ്പ് കോടതിവരാന്തകളിലും പാര്‍ട്ടി ജാഥകളിലുമൊക്കെ കാണുന്ന അദ്ദേഹം മൃഗങ്ങളുമായി സഹവാസം തുടങ്ങിക്കഴിഞ്ഞു. മൃഗശാലകളില്‍നിന്നു മൃഗശാലകളിലേക്കാണു യാത്ര. സിംഹത്തിന്റെയും നരിയുടെയും മുമ്പിലൊക്കെ മന്ത്രിയുടെ ആ നില്‍പ്പ് ഉണ്ടല്ലോ, അതൊന്നു കാണേണ്ടതു തന്നെയാണ്. നിങ്ങളൊന്നും ഒറ്റയ്ക്കല്ല, ഞാനും എന്റെ മന്ത്രിസഭയും നിങ്ങളോടൊപ്പമുണ്ട് എന്ന സന്ദേശമാണ് മന്ത്രി കൈമാറുന്നത്. വന്യജീവികളെയും പക്ഷികളെയുമൊക്കെ വേണ്ടവിധം സംരക്ഷിക്കുമെന്നാണ് മന്ത്രി സദാസമയവും നമ്മെ അറിയിച്ചുകൊണ്ടിരിക്കുന്നത്. കാട്ടിലെയും മൃഗശാലകളിലെയും മൃഗങ്ങളുടെ രക്ഷകന്‍ എന്ന നിലയില്‍ അദ്ദേഹം ഇതിനകം അറിയപ്പെട്ടു കഴിഞ്ഞു.
കാട്ടിലെ മരം വെട്ട്, മരം കടത്ത്, വനഭൂമി കൈയേറല്‍ തുടങ്ങിയ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ നോക്കാന്‍ ഉദ്യോഗസ്ഥരെയും മന്ത്രി ഏല്‍പ്പിച്ചിട്ടുണ്ട്. പരിസ്ഥിതിദിനത്തിന് എല്ലാ വര്‍ഷവും മരം വച്ചുപിടിപ്പിക്കല്‍ നടക്കാറുണ്ടായിരുന്നു. ഇക്കുറി അതു വഴിപാടായി. മന്ത്രിക്ക് അതിലൊന്നും അത്രയ്ക്ക് താല്‍പര്യമില്ല. മരങ്ങള്‍ വച്ചുപിടിപ്പിക്കേണ്ടതല്ല, തനിയെ വളരേണ്ടതാണ്. ഇതാണ് പുതിയ മുദ്രാവാക്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക