|    Jul 22 Sun, 2018 12:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൃത്രിമമായി ഒക്ടീന്‍ വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍ ലാഭം കൊയ്യുന്നു

Published : 18th September 2017 | Posted By: fsq

 

ടി പി ജലാല്‍

മലപ്പുറം: കൃത്രിമമായി ഒക്ടീന്‍ വര്‍ധിപ്പിച്ച് എണ്ണക്കമ്പനികളുടെ കൊള്ള. സ്പീഡ് എന്ന പേരില്‍ ഭരത് പെട്രോളിയവും പവര്‍ എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയവും എകസ്ട്രാ പ്രീമിയമെന്ന പേരില്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികളുമാണു രാജ്യത്ത് വന്‍ തോതില്‍ തട്ടിപ്പ് നടത്തുന്നത്.    സാധാരണ പെട്രോളില്‍ ഒരു പ്രത്യേക ലായനി ഒഴിച്ച് ഉയര്‍ന്ന ഒക്ടീനുള്ള പെട്രോളാക്കി മാറ്റിയാണു വില്‍പന. ഇതാണു കമ്പനികള്‍ വ്യത്യസ്ത പേരുകളില്‍ പമ്പുകളിലെത്തിക്കുന്നത്. പെട്രോളില്‍ അടങ്ങിയ ഒക്ടീന്‍ (ഹൈഡ്രോ കാര്‍ബണ്‍) വാതകത്തിന് അളവ് കൂടുതലുണ്ടെന്ന വാദം നിരത്തിയാണു സാധാരണ ഇന്ധനത്തില്‍ നിന്നു രണ്ടു രൂപ വര്‍ധിപ്പിച്ച് സ്പീഡ്, പ്രീമിയം, പവര്‍ തുടങ്ങിയ പേരില്‍  വില്‍പന പൊടിപൊടിക്കുന്നത്.   സാധാരണ പെട്രോളില്‍ ഒക്ടീനിന്റെ അളവ് 85 ശതമാനമാണെന്നും എന്നാല്‍ സ്പീഡ് പെട്രോളില്‍ ഇത് 93 ശതമാനമുണ്ടെന്നും കമ്പനി പറയുന്നു. ഈ ഇന്ധനങ്ങള്‍ക്കു മൈലേജ് കൂടുതല്‍ കിട്ടുമെന്നും ഇവര്‍ അവകാശപ്പെടുന്നു. ഒക്ടീന്‍ കൂടുന്നതു വാഹനങ്ങള്‍ക്കു നല്ലതാണെന്നാണ് ഉപഭോക്താക്കളും മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരും പറയുന്നത്. ഒക്ടീന്‍ വര്‍ധിക്കുന്നതോടെ സള്‍ഫറിന്റെ അംശം കുറയുകയും ഡെന്‍സിറ്റി കൂടുകയും ചെയ്യും. ഇതു മൂലം വാഹനത്തിന്റെ എന്‍ജിന്‍ നില്‍ക്കുമ്പോള്‍ ഇന്ധനത്തില്‍ നിന്ന് തീപ്പിടിക്കാനുള്ള സാധ്യതയും കുറയും. എന്നാല്‍, ഇന്ത്യയില്‍ ലഭിക്കുന്ന പെട്രോളുകള്‍ക്കു പരമാവധി 91ന് മുകളില്‍ ഒക്ടീന്‍ ലഭിക്കില്ലെന്നാണു നിലവിലെ വിവരം. പിന്നെ എങ്ങനെയാണു കമ്പനി 93 ശതമാനത്തിന്റെ കണക്ക് നിരത്തുന്നതെന്നാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ചോദിക്കുന്നത്.  ഇതിനര്‍ഥം കൃത്രിമ ലായനി കൂട്ടിച്ചേര്‍ത്താണ്  ഒക്ടീന്‍ വര്‍ധിപ്പിക്കുന്നതെന്നു വ്യക്തമാണ്. മാത്രമല്ല, ഒക്ടീന്‍ വര്‍ധിച്ച പെട്രോള്‍ തന്നെയാണോ ലഭിക്കുന്നതെന്നു തെളിയിക്കാന്‍ ആരും ശ്രമിക്കാറുമില്ല. രണ്ടു രൂപ കൂടുതല്‍ നല്‍കുന്നതു കൊണ്ട് പ്രത്യേകിച്ച മൈലേജ് വര്‍ധനയൊന്നും പ്രകടമല്ലെന്ന് അഭിപ്രായമുണ്ട്. അതേസമയം വിദേശങ്ങളില്‍ സാധാരണ പെട്രോളില്‍ തന്നെ 97-100 ഒക്ടീന്‍  ലഭിക്കുന്നുണ്ടെന്നു കണക്കുകള്‍ കാണിക്കുന്നു.  പ്രീമിയം പെട്രോളിന്  പ്രത്യേക റിഫൈനറി സംവിധാനമൊന്നുമില്ലെന്നാണ് അറിവ്. എന്നാല്‍ റിഫൈനറിയില്‍ നിന്നു നേരിട്ട് വരുന്നതെന്നു തോന്നിപ്പിക്കാന്‍   വിതരണക്കാരോടു പ്രത്യേകം ടാങ്ക് നിര്‍മിക്കാനും കമ്പനി നിര്‍ദേശിക്കാറു—ണ്ട്. ഇതിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയവരുണ്ട്. പ്രീമിയവും സ്പീഡും പവറും വില്‍പന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കമ്പനി വന്‍ വരുമാനവും സ്ഥാനക്കയറ്റവും വാഗ്ദാനം ചെയ്യുന്നുണ്ട്. വില്‍ക്കാന്‍ വിമുഖത കാണിക്കുന്ന പമ്പുകാരെ വില്‍പന കുറഞ്ഞ പട്ടികയിലുള്‍പ്പെടുത്താനും ശ്രമിക്കുന്നുണ്ട്.  വര്‍ഷങ്ങളായി പ്രീമിയം ഉപയോഗിച്ച ശേഷം സാധാരണ പെട്രോളിലേക്ക് മാറിയിട്ടും മൈലേജില്‍ യാതൊരു വ്യത്യാസവുമില്ലെന്ന പക്ഷക്കാരുമുണ്ട്. കൊടുക്കുന്ന തുകയ്ക്ക് പ്രീമിയം പെട്രോള്‍ തന്നെയാണോ ലഭിക്കുന്നതെന്ന സംശയവും ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഒരു കമ്പനിക്ക് മാത്രമാണ് പ്രീമിയം ബ്രാന്‍ഡുകളില്ലാത്തത്. ഈ കമ്പനി ഗുജറാത്തിലെ റിഫൈനറിയില്‍ നിന്ന് ഇന്ധനം നേരിട്ടാണ് എത്തിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss