|    Jan 18 Wed, 2017 3:09 am
FLASH NEWS

കൃത്രിമക്ഷാമം സൃഷ്ടിച്ച് വന്‍കിട സിമന്റ് കമ്പനികള്‍

Published : 25th July 2016 | Posted By: SMR

കൊച്ചി: സിമന്റ് കമ്പനികള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് വില ഉയര്‍ത്താന്‍ നീക്കം നടത്തുന്നതായി ആക്ഷേപം ശക്തമാവുന്നു. നിലവില്‍ നിര്‍മാണമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സിമന്റിന്റെ വില വീണ്ടും ഉയര്‍ത്താന്‍ സ്വകാര്യ കമ്പനികള്‍ നീക്കം നടത്തുന്നത്. ഏതാനും ദിവസം മുമ്പ് ഡീലര്‍മാരും ചില സിമന്റ് കമ്പനികളും തമ്മിലുണ്ടായ ശീതസമരം സിമന്റ് ക്ഷാമത്തിനും വിലവര്‍ധനവിനും കാരണമായതായിട്ടാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മലബാര്‍ സിമന്റ്‌സ് മാത്രമാണ് കേരളത്തില്‍ സിമന്റ് ഉല്‍പാദിപ്പിക്കുന്നത്. ഇവിടെ സംസ്ഥാനത്ത് ആവശ്യമുള്ള സിമന്റിന്റെ 10 ശതമാനം ഉല്‍പാദനം മാത്രമാണു നടക്കുന്നത്. ഇതു മനസിലാക്കിയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സിമന്റ് ഉല്‍പാദകര്‍ മുതലെടുപ്പു നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നിയന്ത്രിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ ആവശ്യമാണെന്നാണ് നിര്‍മാണ മേഖലയിലുള്ള വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഒരു ചാക്ക് സിമന്റ് ലഭിക്കുന്നതിന് 50 മുതല്‍ 75 രൂപ വരെ അധികവിലയ്ക്കാണ്. നിലവില്‍ 400 മുതല്‍ 425 രൂപവരെയാണ് ഒരു ചാക്ക് സിമന്റിന്റെ വില.
യഥാര്‍ഥത്തില്‍ ഒരു ചാക്ക് സിമന്റ് ഉല്‍പാദിപ്പിക്കാന്‍ കമ്പനിക്ക് 200 രൂപയില്‍ താഴെ മാത്രമെ ചിലവ് വരുന്നുള്ളു. കുറഞ്ഞ ബജറ്റില്‍ വീടു നിര്‍മിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണ് സിമന്റ് വിലയുടെ കാര്യത്തില്‍ നേരിടേണ്ടിവരുന്നത്. ഇതിനെ മറികടക്കണമെങ്കില്‍ മലബാര്‍ സിമന്റ്‌സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്ക് സിമന്റ് ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടതുണ്ട്.
തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കിയതുപോലെ 200 രൂപയില്‍ താഴെ ഇവിടെ ഒരു ചാക്ക് സിമന്റ് ലഭ്യമാക്കാന്‍ കഴിയുന്ന രീതിയില്‍ സര്‍ക്കാരിന്റെ ജനകീയ നടപടികള്‍ അനിവാര്യമാണെന്നാണ് നിര്‍മാണ മേഖലയിലുള്ളവര്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശം.
കണ്‍സ്ട്രക്ഷന്‍ മെറ്റീരയില്‍സ് കോര്‍പറേഷന്‍ എന്ന പേരില്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം രൂപീകരിച്ചാല്‍ സിമന്റ് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ ന്യായവിലയ്ക്കു ലഭ്യമാക്കാന്‍ കഴിയുമെന്ന് ലെന്‍സ് ഫെഡ്(ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍) എറണാകുളം ജില്ലാ ഖജാഞ്ചി എം ഡി പ്രേമന്‍ തേജസിനോടു പറഞ്ഞു. ഇത്തരത്തില്‍ സംസ്ഥാന തലത്തില്‍ ആരംഭിക്കുന്ന കോര്‍പറേഷന്റെ ശാഖകള്‍ ജില്ലകള്‍ തോറും ആരംഭിക്കുകയും ചെയ്താല്‍ മേഖലയ്ക്ക് ഇത് ഗുണപ്രദമാവുമെന്നും പ്രേമന്‍ പറഞ്ഞു. സിമന്റുള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധന മൂലം സംസ്ഥാനത്ത് നിര്‍മാണമേഖല സ്തംഭനാവസ്ഥയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക