|    Jun 18 Mon, 2018 5:19 pm
FLASH NEWS

കൂമ്പു ചീയുന്ന കോണ്‍ഗ്രസ്; മുട്ടിലിഴയുന്ന മുസ്‌ലിം ലീഗ്

Published : 3rd June 2016 | Posted By: G.A.G

koombu-1

 

പി സി അബ്ദുല്ല

തിന്നാലാം കേരള നിയസഭയിലേക്ക് നടന്ന വിധിയെഴുത്ത് ഗുണപാഠങ്ങളാല്‍ സമൃദ്ധമാണ്. കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യം രൂപം കൊണ്ടതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ കേരള നിയമസഭയില്‍ താമര വിരിഞ്ഞു. കോണ്‍ഗ്രസ് കൂമ്പു ചീഞ്ഞുപോയ സംസ്ഥാനത്തിന്റെ രാഷ്ട്രീയ വിളനിലങ്ങളില്‍ അതു വളമാക്കി സംഘപരിവാര പ്രതിലോമ രാഷ്ട്രീയം ഇത്തവണ നടത്തിയത് വന്‍ മുന്നേറ്റം.

kera-3തിരഞ്ഞെടുപ്പ് സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞ സ്ഥിതിവിവരക്കണക്കുകളില്‍ ഒതുങ്ങുന്നതല്ല കോണ്‍ഗ്രസിന്റെ അപചയവും കേരളത്തില്‍ സംഘപരിവാരത്തിന്റെ വളര്‍ച്ചയും. നേമത്തെ വിജയത്തിന് പുറമെ ഏഴ് മണ്ഡലങ്ങളില്‍ ബിജെപി മുന്നണി രണ്ടാം സ്ഥാനാത്തെത്തി. പത്തോളം മണ്ഡലങ്ങളില്‍ മുപ്പത് ലക്ഷത്തിലേറെ വോട്ടുകള്‍ സമാഹരിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഒരറ്റത്ത്‌നിന്ന് കോണ്‍ഗ്രസ് നിഷ്‌കാസനം ചെയ്യപ്പെട്ട് ‘കോണ്‍ഗ്രസ് മുക്ത ഭാരതത്തി’ലേക്ക് ബിജെപി മുന്നേറുന്നതിന്റെ പരിഛേദം തന്നെയാണ് ഒരര്‍ത്ഥത്തില്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.

ബിജെപി മുന്നേറ്റത്തിനെതിരായ ന്യൂനപക്ഷ-മുസ്‌ലിം വോട്ടുകളുടെ പ്രതിരോധം സംസ്ഥാനത്ത് ഇടത് മുന്നണിയെ അധികാരത്തിലേറ്റിയെന്നത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ രൂപപ്പെട്ട ഒരു വസ്തുത മാത്രം. അതേസമയം, കോണ്‍ഗ്രസിന്റെ അപചയവും സംഘപരിവാര മുന്നേറ്റവും പ്രതിരോധിക്കാനുതുകുന്ന പരിസര യാഥാര്‍ത്ഥ്യങ്ങളിലൂന്നിയ സന്ദേശങ്ങളൊന്നും ജനവിധിയില്‍ വായിച്ചെടുക്കാനാവുന്നില്ല. ബിജെപിയുടെ വര്‍ഗീയതക്കും വെള്ളാപ്പള്ളി അടക്കമുള്ളവരുടെ ജാതീയതക്കുമെതിരായ ന്യൂനപക്ഷ-മുസ്‌ലിം രാഷ്ട്രീയ നിലപാടും എത്രമാത്രം ഇടത് പക്ഷത്ത് ഭദ്രമായിരിക്കുമെന്ന ചോദ്യം പ്രസക്തമാണ്.

അധികാരത്തിലെത്താനുള്ള ഒരു അടവു നയമെന്നതിലുപരി ന്യൂനപക്ഷ സംരക്ഷണത്തെ ന്യായീകരിക്കുന്നത് മുസ്‌ലിം രാഷ്ട്രീയ സ്വത്വത്തെ അംഗീകരിക്കുന്നതോ ആയ ഗുണപരമായ മാറ്റങ്ങളൊന്നും ഇടത് മുന്നണിയിലോ സിപിഎമ്മിലോ സംഭവിച്ചിട്ടില്ല.

 

നേമം എന്ന രാഷ്ട്രീയ നെറികേട്

ഒ രാജഗോപാലിന്റെ വിജയത്തില്‍ മുഖ്യധാര മാധ്യമങ്ങളും സംഘപരിവാരവും അഭിരമിക്കുകയാണ്. എന്നാല്‍, കേരളത്തിന്റെ പാരമ്പര്യത്തിലെ രാഷ്ട്രീയ നെറികേടായാണ് വാസ്തവത്തില്‍ നേമം ചരിത്രത്തിലിടം നേടുകയെന്നതാണ് പരിസര യാഥാര്‍ഥ്യങ്ങള്‍ വിളിച്ചോതുന്നത്. സംഘപരിവാര വോട്ടല്ല നേമത്ത് രാജഗോപാലിന് വിജയമൊരുക്കിയെതെന്നത് പകല്‍പോലുള്ള സത്യം.

kerala-blurbകോണ്‍ഗ്രസിന്റെ വോട്ടുപെട്ടി അവിടെ പിന്നാമ്പുറത്തൂടെ ബിജെപിയുടെ ഉമ്മറെത്തെത്തിക്കുകയായിരുന്നു. നേമത്ത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 17,128 വോട്ട് രാജഗോപാലിന് അധികം ലഭിച്ചു. എന്നാല്‍ യുഡിഎഫിനാകട്ടെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ പകുതിപോലും വോട്ട് നേമത്ത് ലഭിച്ചതുമില്ല. തിരുവനന്തപുരം-നേമം മണ്ഡലങ്ങളുടെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയ കൂട്ടുകൃഷി വ്യക്തമാക്കുന്നതാണ് കണക്കുകള്‍. നേമത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ രാജഗോപാലിന് അനുകൂലമായി മറിച്ചതിന് പകരം തിരുവന്തപുരത്ത് ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലെ വിഎസ് ശിവകുമാറിന് അനുകൂലമായും മറിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവന്തപുരം നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് 40,835 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ പോളിംഗ് കൂടിയിട്ടും ഇവിടെ ബിജെപിക്ക് ആറായിരം വോട്ടുകള്‍ കുറഞ്ഞു.

പൊതുവെ വര്‍ദ്ധിച്ച വോട്ടുകളും ബിജെപിയുടെ വോട്ടുകളുമുള്‍പ്പടെയാണ് 10,905 വോട്ട് നേടി ശിവകുമാര്‍ തിരുവനന്തപുരത്ത് വിജയിച്ചതെന്നും വ്യക്തം. നേമത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ രാജഗോപാലിന്റെ പെട്ടിയിലേക്ക് ഒഴുകിയത് യാദൃഛികമായി സംഭവിച്ച അടിയൊഴുക്കല്ല. നേമത്ത് ബിജെപിയെ വിജയിപ്പിച്ച് മറ്റു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടരുടെയും കാലെകൂട്ടിയുള്ള നീക്കങ്ങളാണ് നേമത്ത് അരങ്ങേറിയത്. വി സുരേന്ദ്രന്‍ പിള്ളയെപോലെ അവസാന നിമിഷം അഭയമന്വേഷിച്ച് വന്ന ഒരാളെ നേമത്ത് ചാവേറാവാന്‍ നിയോഗിച്ചത്തന്നെ കോണ്‍ഗ്രസ്-ബിജെപി അവിഹിത ബാന്ധവത്തിന്റെ തെളിവ്.

സംസ്ഥാനത്ത് ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയത്. 27 മണ്ഡലങ്ങളില്‍ സംഘപരിവാര സ്ഥാനാര്‍ത്ഥികള്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ സമാഹരിച്ചു. മഞ്ചേശ്വരം ഉള്‍പ്പടെ ബിജെപി അമ്പതിനായിരത്തിന് മുകളില്‍ വോട്ട് നേടിയ മണ്ഡലങ്ങളും ഉറച്ച യുഡിഎഫ് തട്ടകങ്ങളാണെന്നത് കോണ്‍ഗ്രസ് കൂമ്പു ചീഞ്ഞ് ബിജെപിക്ക് വളമായതിന്റെ ആഴം വ്യക്തമാക്കുന്നു.

ന്യൂനപക്ഷ ധ്രുവീകരണം

സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പില്‍ ന്യനപക്ഷ മുസ്‌ലിം വോട്ടുകള്‍ സംഘടിതമായിതന്നെയാണ് എല്‍ഡിഎഫിലേക്ക് ധ്രുവീകരിക്കപ്പെട്ടത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന് സ്വന്തമായി പിന്‍ബലമുള്ള ഇടങ്ങളില്‍ അത്തരം സ്ഥാനാര്‍ഥികള്‍ക്കൊപ്പവും മറ്റിടങ്ങളില്‍ എല്‍ഡിഎഫിനൊപ്പവും ന്യൂനപക്ഷ വോട്ടുകള്‍ നിലയുറപ്പിച്ചു. മതന്യൂനപക്ഷങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈവിടാന്‍ മതിയായ കാരണങ്ങള്‍ ഏറെയുണ്ട്.

kerala 22011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ പ്രകടമായ ഹിന്ദ്വത്വ-ജാതീയ പ്രീണനങ്ങളാണ് മറനീങ്ങിയത്. ഇടയില്‍ വന്നുപെട്ട ഉപതിരഞ്ഞെടുപ്പുകളെയും പാര്‍ല്ലിമെന്റ്-പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെയും അതിജീവിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടരുടെയും തുറുപ്പ് ചീട്ടായിരുന്നു ഹിന്ദ്വത്വ-ജാതീയ പ്രീണനങ്ങള്‍. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വെള്ളാപ്പള്ളി നടേശന്റേയുമൊക്കെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മന്ത്രിമാരും അവരുടെ വകുപ്പുകളും മത്സരിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ എന്‍എസ്എസിനെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചത്. താക്കോല്‍ സ്ഥാനത്തിന്റെ പേരില്‍ സുകുമാരന്‍ നായര്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പലതും തളികയിലാക്കി മന്ത്രിമാര്‍ പെരുന്നയില്‍ കാണിക്കയര്‍പ്പിച്ചു. ഇതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആഭ്യന്തര വകുപ്പില്‍ പോലിസും പ്രോസിക്യൂഷനുമൊക്കെ ആര്‍എസ്എസിന് വിടുപണി ചെയ്യുന്നതും കേരളം കണ്ടു.

പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസുകള്‍ ഉള്‍പ്പടെ പോലിസ് എഴുതിതള്ളി സംഘപരിവാരത്തെ പ്രീണിപ്പിച്ചു. ഇതിനിടെ സര്‍ക്കാര്‍ ഭൂമി തീറാക്കിക്കൊടുത്തും മറ്റും വെള്ളാപ്പള്ളി നടേശനെ കുറച്ച് കാലം വരുതിയില്‍ നിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിക്കായി. എന്നാല്‍ കേന്ദ്രത്തില്‍ മോഡി വന്നതോടെ നടേശന്‍ മുതലാളി കളംമാറ്റി. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വിഷലിപ്തമായ രീതിയില്‍ വര്‍ഗീയ പ്രചാരണങ്ങളും, വിദ്വേഷ പ്രസംഗങ്ങളുമായി നടേശന്‍ രംഗത്ത് വന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കാഴ്ചക്കാരായി നിന്നു. ഇതിനിടെ വിദ്വേഷ പ്രസംഗത്തിന്റെയും മൈക്രോ ഫിനാന്‍സ് ഇടപാടുകളുടെയും പേരില്‍ സാഹചര്യ സമ്മര്‍ദ്ദ ഫലമായി കേസെടുക്കേണ്ടി വന്നെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ അതൊക്കെ മരവിപ്പിച്ചു.

ബിജെപിയോടൊപ്പമുള്ള വെള്ളാപ്പള്ളി നടേശന്റെ പുറപ്പാട് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും അവഗണിച്ചു. ഇതിനിടയില്‍ അരങ്ങേറിയ ബീഫ് വിവാദത്തിലും ജെഎന്‍യു വിഷയത്തിലുമൊക്കെ മൗനം തന്നെയാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും ആയുധമാക്കിയത്. മറുവശത്ത് ആര്‍എസ്എസിനും വെള്ളാപ്പള്ളിക്കുമെതിരെ പടക്കുതിരയെപോലെ വിഎസ് രംഗത്തിറങ്ങിയത് ന്യൂനപക്ഷ മനസ്സുകളില്‍ ചെറുതല്ലാത്ത ആശ്വാസവും പ്രതീക്ഷയും ഉയര്‍ത്തി. വിഎസിന് പിന്നാലെ ഭൂരിപക്ഷ വര്‍ഗീയതക്കെതിരെ സിപിഎമ്മും സടകുടഞ്ഞുണര്‍ന്നു.

മിണ്ടാട്ടം മുട്ടിയ മുസ്‌ലിം ലീഗ്

ഭൂരിപക്ഷ വര്‍ഗീയ ഭീഷണിക്കും ജാതീയ നീക്കങ്ങള്‍ക്കുമെതിരെ കേരളത്തിന്റെ പൊതുമനസ്സ് ആശങ്കപ്പെടുമ്പോഴും പക്ഷേ മുസ്‌ലിം ലീഗ് മൗനവ്രതത്തിലായിരുന്നു. വെള്ളാപ്പള്ളിക്കും മറ്റുമെതിരെ ഒന്നും ഉരിയാടിപ്പോവാതിരിക്കാന്‍ ലീഗ് നന്നെ ശ്രദ്ധിച്ചു. വാസ്തവത്തില്‍, ലീഗിനുമേല്‍ വന്ന് പതിച്ച അഞ്ചാം മന്ത്രി വിവാദമായിരുന്നു ആ പാര്‍ട്ടിയെ ഷണ്ഠീകരിച്ചത്.

അഞ്ചാം മന്ത്രിയെകൊണ്ട് കേരളത്തിനോ സമുദായത്തിനോ പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടായില്ലെങ്കിലും ആ വിവാദത്തിന്റെ മറവില്‍ ലീഗിന്റെ സമ്മര്‍ദ്ദ ശക്തിയെയും ആര്‍ജ്ജവത്തെയും പിടിച്ചു കെട്ടാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും കഴിഞ്ഞു. തിരഞ്ഞെടുപ്പ് വാഗ്ദാനമായ അറബിക് സര്‍വ്വകലാശാലയുടെയും മലപ്പുറത്തെ അലിഗഡ് കാമ്പസിന്റെയുമൊക്കെ കാര്യത്തില്‍ ലീഗിന് പിന്നീട് ഒന്നും ചെയ്യാനായില്ല. മന്ത്രിസഭയിലെ രണ്ടാം കക്ഷിയായിട്ടും ലീഗ് അടിമയെപോലെ അധികാരത്തില്‍ ഒട്ടിനിന്നു. സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞാല്‍ വീണ്ടും തിരഞ്ഞെടുപ്പുമായി സമുദായത്തെ സമീപിക്കണമെന്ന് ചാനലുകളില്‍ ഗീര്‍വാണം മുഴക്കുന്ന വക്താക്കളൊന്നും ലീഗ് നേതൃത്വത്തോട് ഉപദേശിച്ചു കൊടുത്തുമില്ല. തിരഞ്ഞെടുപ്പിലാകട്ടെ ലീഗിന് കണക്കിന് കിട്ടുകയും ചെയ്തു. നിലവിലുള്ളതില്‍ രണ്ട് സീറ്റുകള്‍ നഷ്ടമായി എന്നതിന് പുറമെ പരാജയത്തേക്കാള്‍ കനത്ത ആഘാതമുളവാക്കുന്നതാണ് ലീഗിന്റെ പല വിജയങ്ങളും. മലപ്പുറത്ത് ഉള്‍പ്പടെ ലീഗിന്റെ കാല്‍ച്ചുവട്ടില്‍ നിന്ന് ഒഴുകിപ്പോയത് ആയിരക്കണക്കിന് വോട്ടുകളാണ്.

തമ്മില്‍ ഭേദം എല്‍ഡിഎഫ്

ഈ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം രാഷ്ട്രീയം ഇടതു മുന്നണിയെ വരിച്ചത് തമ്മില്‍ ഭേദമെന്ന അനുമാനത്തില്‍ മാത്രമാണ്. മാറി മാറി വരുന്ന തിരഞ്ഞെടുപ്പുകളില്‍ സദ്ദാം ഹുസൈനെയും മറ്റും ചൂണ്ടിക്കാട്ടി വോട്ടാക്കുന്ന സമീപനത്തിലുപരി മുസ്‌ലിം രാഷ്ട്രീയത്തെയോ ന്യൂനപക്ഷ ശാക്തീകരണത്തേയോ അംഗീകരിക്കുന്ന തലത്തിലേക്ക് സിപിഎമ്മും ഇടത് മുന്നണിയും ഇനിയുമെത്തിയിട്ടില്ല.

രണ്ട് പതിറ്റാണ്ടിലേറെയായി ഇടത് മുന്നണിയുടെ പടിപ്പുറത്ത് പ്രവേശനം കാത്ത് കഴിയുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഗതികേട് ന്യൂനപക്ഷ ശാക്തീകരണത്തെ രാഷ്ട്രീയമായി അംഗീകരിക്കില്ലെന്ന സിപിഎം നിലപാടിന്റെ മികച്ച തെളിവ്തന്നെയാണ്. തിരഞ്ഞെടുപ്പിന്റെ തലേന്ന് യുഡിഎഫ് വിട്ടു വന്ന കേരള കോണ്‍ഗ്രസുകാര്‍ക്ക്‌പോലും നാല് പ്രധാന സീറ്റുകള്‍ നല്‍കി പരിഗണിച്ച സിപിഎം കാസര്‍ഗോഡ് അടക്കം കെട്ടിവെച്ച കാശ് നഷ്ടപ്പെടുന്ന സീറ്റുകളില്‍ ചാവേറാവാന്‍ തന്നെയാണ് ഇത്തവണയും ഐഎന്‍എല്ലിനെ നിയോഗിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss