|    Aug 17 Thu, 2017 5:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൂത്തുപറമ്പ് വെടിവയ്പ്: ചികില്‍സയില്‍ കഴിയുന്ന പുഷ്പന് 5 ലക്ഷവും വീല്‍ചെയറും

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: 1994 നവംബര്‍ 25ന് കൂത്തുപറമ്പ് വെടിവയ്പില്‍ പരിക്കേറ്റ് 22 വര്‍ഷമായി ചികില്‍സയില്‍ കഴിയുന്ന പുഷ്പന് 5 ലക്ഷം രൂപയും വീല്‍ചെയറും പ്രതിമാസം 8,000 രൂപ പെന്‍ഷനും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രശസ്ത സംഗീതസംവിധായകന്‍ എം കെ അര്‍ജുനന്റെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മുന്‍കാലപ്രാബല്യമുണ്ടായിരിക്കില്ല. കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷാമാശ്വാസം, മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ ഇവര്‍ക്കു ബാധകമല്ല. 2 മുതല്‍ 3 വര്‍ഷത്തിനകം സേവന കാലാവധിയുള്ളവര്‍ക്ക് 7,000 രൂപയും 3 മുതല്‍ 4 വര്‍ഷത്തിനകം സേവന കാലാവധിയുള്ളവര്‍ക്ക് 8,000 രൂപയും 4 മുതല്‍ 5 വര്‍ഷത്തിനകം സേവന കാലാവധിയുള്ളവര്‍ക്ക് 9,000 രൂപയും 5 മുതല്‍ 6 വര്‍ഷത്തിനകം സേവന കാലാവധിയുള്ളവര്‍ക്ക് 10,000 രൂപയും നല്‍കും.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പുതിയ ഐടിഐ സ്ഥാപിക്കാനും ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക്കല്‍ അഗ്രിക്കള്‍ച്ചറല്‍ മെഷിനറി എന്നീ രണ്ട് ട്രേഡുകള്‍ ആരംഭിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 8 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരും. ‘സംസ്ഥാന മിഷനുകളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ ചേംബര്‍, മേയേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ ഓരോ പ്രതിനിധികളെയും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നും ഓരോരുത്തരെ വീതവും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
കേരള പിന്നാക്കവിഭാഗ കമ്മീഷനില്‍ നിലവിലുള്ള ഒഴിവിലേക്ക് മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫിയെ നിയമിക്കും. മത-ധര്‍മ സ്ഥാപനങ്ങള്‍ക്കു നല്‍കിവരുന്ന തിരുപ്പൂവാരം തുക മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റിനെ (എസ്‌ഐആര്‍ഡി) കിലയുമായി സംയോജിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക