|    Nov 18 Sun, 2018 1:03 pm
FLASH NEWS

കൂത്തുപറമ്പിലെ മിനി പാര്‍ക്ക് സ്വകാര്യ സ്ഥാപനം കൈയടക്കി

Published : 3rd August 2018 | Posted By: kasim kzm

കുത്തുപറമ്പ്: സംസ്ഥാന ടൂറിസം വകുപ്പ് ലക്ഷക്കണക്കിന് രൂപ ചെലവിട്ട് കൂത്തുപറമ്പില്‍ സ്ഥാപിച്ച മിനി പാര്‍ക്ക് സ്വകാര്യ സ്ഥാപനം കൈയടക്കി. എന്നാല്‍ നടപടിയെടുക്കേണ്ട അധികൃതര്‍ ഇവ കണ്ടില്ലെന്നു നടിക്കുകയാണ്. കൂത്തുപറമ്പ് നഗരസഭയുടെ നിയന്ത്രണത്തില്‍ മൂന്നുമാസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച പാര്‍ക്കാണ് സ്വകാര്യ വ്യക്തി കൈയടക്കി തങ്ങളുടെ സ്വകാര്യ സംരംഭം പോലെയാക്കി മാറ്റിയത്.
കൂള്‍ബാറിന്റെ മറവില്‍ പാര്‍ക്കില്‍ പന്തല്‍ കെട്ടിയ വ്യക്തികള്‍ ഇപ്പോള്‍ സ്വകാര്യ പാര്‍ക്കെന്ന ബോര്‍ഡും സ്ഥാപിച്ചിരിക്കുകയാണ്. 40 ലക്ഷത്തോളം രൂപ ചെലവില്‍ സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മിച്ച മിനി പാര്‍ക്കാണിത്. കൂത്തുപറമ്പ് നഗരസഭയുടെ മേല്‍നോട്ടത്തില്‍ സ്‌റ്റേഡിയത്തിനു സമീപമാണ് പാര്‍ക്ക് നിര്‍മിച്ചത്.
ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സ്വകാര്യ വ്യക്തികള്‍ പാര്‍ക്കിലുടനീളം പന്തല്‍ കെട്ടുകയും കസേരകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. പാര്‍ക്കിലെ കസേരകളില്‍ ഇരിക്കുന്നവര്‍ കൂള്‍ബാറില്‍ നിന്നു ഭക്ഷണം വാങ്ങി കഴിക്കേണ്ട അവസ്ഥയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം സ്വകാര്യ പാര്‍ക്കെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വ്യാപകമായി പരസ്യബോര്‍ഡുകളും സ്ഥാപിച്ചത്. അതേസമയം പബ്ലിക് പാര്‍ക്ക് എന്ന് ബോര്‍ഡ് വയ്ക്കാന്‍ നഗരസഭയോ ടൂറിസം വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല. കൂത്തുപറമ്പ് ടൗണില്‍ എത്തിച്ചേരുന്നവര്‍ക്ക് അല്‍പം വിശ്രമിക്കാന്‍ പൊതുഇടം ഇല്ലാത്തതിനെ തുടര്‍ന്നാണ് നഗരസഭയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ടൂറിസം വകുപ്പ് മിനി പാര്‍ക്ക് നിര്‍മിച്ചത്. മൂന്നുമാസം മുമ്പ് സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസത്തിനകം തന്നെ സ്വകാര്യ വ്യക്തികള്‍ പാര്‍ക്ക് കൈയടക്കാനിടയായത് വിവാദത്തിനിടയാക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss