|    May 1 Mon, 2017 3:54 am
FLASH NEWS

കൂട് പൊട്ടിച്ച് തത്ത വാര്‍ത്തകള്‍ക്കായി പറക്കുന്നു

Published : 21st October 2016 | Posted By: SMR

slug-madhyamargamഎല്ലാം ശരിയാക്കാന്‍ ഒരുങ്ങിവന്ന പിണറായി സര്‍ക്കാര്‍ നാലുമാസം കൊണ്ട് നേടിയ പ്രസിദ്ധി ആരെയും അദ്ഭുതപ്പെടുത്തും. ഓരോ പുലരിയിലും പുതുതായി ഓരോ ചൂടുള്ള വാര്‍ത്തകള്‍ സമ്മാനിക്കുന്നതില്‍ സര്‍ക്കാര്‍ റെക്കോഡ് സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.
മന്ത്രിസഭയ്ക്ക് ഒരു അഴിമതിവിരുദ്ധ പ്രതിച്ഛായ ഉണ്ടാവണമെന്നാണു മുഖ്യമന്ത്രി ആഗ്രഹിച്ചത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തുണ്ടായ വിവാദങ്ങള്‍ കുത്തിപ്പൊന്തിച്ച് അഴിമതിക്കാരെ കല്‍ത്തുറുങ്കിലടയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യംതന്നെ സര്‍ക്കാര്‍ കൈക്കൊണ്ടത്. ബാര്‍ കോഴക്കേസില്‍ പിടിമുറുക്കിയാല്‍ പ്രതിപക്ഷത്തെ തളര്‍ത്താമെന്നും ജനങ്ങളുടെ കൈയടി നേടാമെന്നും മുഖ്യമന്ത്രി മാത്രമല്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇടതു മുന്നണിയും കണക്കുകൂട്ടി. വിജിലന്‍സിന്റെ താക്കോല്‍സ്ഥാനത്ത് അനുയോജ്യനായ ഒരാളെ കണ്ടെത്താന്‍ മുഖ്യമന്ത്രിക്കു പ്രയാസമുണ്ടായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തരംതാഴ്ത്തപ്പെട്ട ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച് ജനപ്രീതി നേടാമെന്നു സര്‍ക്കാര്‍ കരുതി. കാരണം, ജേക്കബ് തോമസിനു സത്യസന്ധത അല്‍പം കൂടിപ്പോയോ എന്നു മാത്രമേ സംശയമുള്ളൂ. ധീരന്‍, കര്‍ക്കശക്കാരന്‍, സത്യത്തിന്റെ പര്യായം എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എല്ലാം തികഞ്ഞെങ്കിലും ഒരു ചെറിയ കുഴപ്പം അദ്ദേഹത്തെ സദാ പിന്തുടരുന്നുണ്ട്. അത് അദ്ദേഹത്തിന്റെ കുഴപ്പമാണെന്നു പറഞ്ഞുകൂടാ. ഒരു പദവിയിലിരുന്നാല്‍ ആറുമാസംകൊണ്ട് അദ്ദേഹം ആ സ്ഥാപനത്തിനു വമ്പിച്ച വാര്‍ത്താപ്രാധാന്യം ഉണ്ടാക്കിക്കൊടുക്കും. സ്വയം വാര്‍ത്തയാവാന്‍ അദ്ദേഹത്തിനുള്ള മിടുക്ക് പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ചാനല്‍ കാമറ കണ്ടാല്‍ ആ ഗൗരവം ഒന്നു കാണേണ്ടതുതന്നെയാണ്. അളന്നുതൂക്കിയ രണ്ടോ മൂന്നോ വാക്യങ്ങളില്‍ സകല കാര്യങ്ങളും അദ്ദേഹം വെളിപ്പെടുത്തും.
വിജിലന്‍സ് സംവിധാനം കീഴ്‌മേല്‍മറിക്കുന്ന നടപടികള്‍ തുടങ്ങുമെന്ന പ്രഖ്യാപനങ്ങളുമുണ്ടായി. വിജിലന്‍സ് ഓഫിസിനോടനുബന്ധിച്ച് ലോക്കപ്പ് മുറികള്‍ സ്ഥാപിക്കുമെന്നു വരെ കേട്ടു. കഴിഞ്ഞകാല സര്‍ക്കാരിലെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കും എതിരേയുള്ള അന്വേഷണങ്ങളും നടപടികളും കേസുകളും ഇടതുപക്ഷത്തെ ആഹ്ലാദിപ്പിച്ചു. കെ എം മാണിയെ കൂട്ടിലടയ്ക്കാന്‍ ബാര്‍ കോഴക്കേസിനു കഴിയാതെ വന്നാല്‍ കോഴിക്കോഴ കൊണ്ടുവന്നു. ബാബുവിനെതിരേ അന്വേഷണങ്ങള്‍… ഇങ്ങനെ വിജിലന്‍സ് എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഓര്‍ക്കാപ്പുറത്താണ് ജയരാജന്‍ മന്ത്രിയുടെ ബന്ധുനിയമന കോലാഹലങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. വിജിലന്‍സ് ഡയറക്ടറുടെ പരീക്ഷണഘട്ടം ആരംഭിക്കുകയായി. ബന്ധുനിയമന പരാതി എട്ടുദിവസം വായിച്ചുനോക്കാന്‍ പോലും ഡയറക്ടര്‍ക്ക് സമയമുണ്ടായില്ല. മറ്റു കേസുകളുടെ തിരക്കിനിടയില്‍ പുതിയ പരാതി വായിക്കാന്‍ എവിടെ സമയം? ഒടുക്കം കോടതി ഇടപെടുമെന്ന ഘട്ടത്തില്‍ അന്വേഷണത്തിനു തുല്യംചാര്‍ത്താന്‍ നിര്‍ബന്ധിതനായി. അപ്പോഴും വിജിലന്‍സ് ഡയറക്ടര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡയറക്ടര്‍ സധൈര്യം മുന്നോട്ടുപോയി. അപ്പോഴാണ് മുഖ്യമന്ത്രിയെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ പരാതികള്‍ ലഭിക്കുന്നത്. ഇതിനിടയില്‍ ഡയറക്ടര്‍ക്കെതിരേ ചില പരാതികളും പൊന്തിവന്നു.
ഈ കഷ്ടകാലത്താണ് ഏതു കൊടുങ്കാറ്റിലും പതറാതെ മുന്നോട്ടുപോവുമെന്നു ഡയറക്ടര്‍ പ്രഖ്യാപിച്ചത്. കൊടുങ്കാറ്റല്ല, ഒരു ചെറിയ കാറ്റ് പോലും അടിക്കാതെ ഒരു ദിവസം നേരം വെളിച്ചമാവുമ്പോള്‍ ഡയറക്ടര്‍ അതാ രാജിസന്നദ്ധത അറിയിക്കുന്നു. ഈ സങ്കടവാര്‍ത്ത കേട്ട് ജനങ്ങളാകെ കണ്ണീരൊഴുക്കി.
ജേക്കബ് തോമസ് വലിയ വാശിക്കാരനാണ്. ഒരു കാര്യം പറഞ്ഞാല്‍ പിന്നെ മാറ്റമില്ല. അദ്ദേഹത്തിന്റെ മനസ്സിനെ കൂളാക്കാന്‍ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല. ഉടനെ വി എസ് അച്യുതാനന്ദന്‍ ജേക്കബ് തോമസിന് നല്ലൊരു സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഡയറക്ടര്‍ രാജിവയ്ക്കരുതെന്നു വി എസ് ആഹ്വാനം ചെയ്തു! ധീരനായ ജേക്കബ് തോമസ് ധര്‍മസങ്കടത്തിലാവാന്‍ വേറെ കാരണങ്ങള്‍ ആവശ്യമുണ്ടോ? പറയുന്നത് സാക്ഷാല്‍ വി എസ്; വിജിലന്‍സിനെക്കുറിച്ച് നന്നായി അറിയാവുന്ന പൊതുസേവകന്‍; കേസ് നടത്തിയും കേസില്‍ കുടുങ്ങിയും അനുഭവസമ്പത്തുള്ള അഴിമതിവിരുദ്ധ പോരാളി. തൊണ്ണൂറ് കഴിഞ്ഞ ഒരു വയോവൃദ്ധനാണ് പറയുന്നത്. ജേക്കബ് തോമസ് അല്ല, അതിലപ്പുറം ധീരനായ ഒരാള്‍ക്കും ആ വാക്കുകള്‍ വിസ്മരിക്കാനാവില്ല. കൊടുങ്കാറ്റിനേക്കാളും ശക്തി വി എസിന് ഉണ്ടെന്ന തിരിച്ചറിവും അദ്ദേഹത്തിനു വന്നുഭവിച്ചത്രേ. രാജി ഒഴിവാക്കി ജോലിയില്‍ തുടരാന്‍ ഡയറക്ടര്‍ അങ്ങനെയാണു തീരുമാനിച്ചത്. ഇതൊരു കീഴടങ്ങലോ ധിക്കാരമോ ഒന്നുമല്ല. കൂട്ടിലടച്ച തത്ത കൂട് പൊട്ടിച്ച് ചിറകു വിരിച്ച് പറക്കുന്നുവെന്നു മാത്രം തല്‍ക്കാലം കരുതിയാല്‍ മതി. ഇടയ്ക്കിടെ എകെജി സെന്ററിന് മുന്നിലൂടെയും പിന്നിലൂടെയും ഉയരത്തില്‍ തത്ത പറക്കുന്നതും നമുക്കു കാണാം. ഇനി സിപിഎം സെക്രട്ടേറിയറ്റ് യോഗം അടുത്ത രാജ്യസഭാ ഒഴിവിലേക്ക് ജേക്കബ് തോമസിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.                                     ി

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day