|    Jul 24 Mon, 2017 10:23 pm
FLASH NEWS

കൂട്ടുപുഴയില്‍ ചെക്‌പോസ്റ്റിന് പകരം പോലിസ് പരിശോധന

Published : 14th July 2017 | Posted By: fsq

 

ഇരിട്ടി: ചരക്കു സേവന നികുതി ഏകീകരിച്ചതോടെ കിളിയന്തറയിലെ വില്‍പന നികുതി ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായതിന്റെ പ്രയാസം പരിഹരിക്കാന്‍ പോലിസ് കൂട്ടുപുഴയില്‍ വാഹന പരിശോധന സംവിധാനം ശക്തിപ്പെടുത്തുന്നു. ഇപ്പോള്‍ അയല്‍ സ്ഥാനത്തുനിന്നു വരുന്നതും അവിടേക്ക് പോവുന്നതുമായ വാഹനങ്ങള്‍ കാര്യമായ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. നേരത്തേ കിളിയന്തറയിലെ വില്‍പ്പന നികുതി ചെക്ക് പോസ്റ്റില്‍ എല്ലാതരം വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമായിരുന്നു. കിളിയന്തറയില്‍ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യമായ പരിശോധനകള്‍ ഒന്നുമില്ല. ഇതോടെ അയല്‍ സംസ്ഥാനത്തു നിന്നു വന്‍തോതില്‍ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളും കര്‍ണാടക മദ്യവും വ്യാപകമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ നിന്നു പിടിച്ചെടുത്ത മദ്യവും പാന്‍ ഉല്‍പ്പന്നങ്ങളും ഇങ്ങനെ എത്തിയതാണെന്നാണ് പോലിസ് നിഗമനം. കിളിയന്തറയില്‍ എക്‌സൈസ് ചെക്ക് പോസ്റ്റ് ഉണ്ടെങ്കിലും കാര്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്ന നിഗമനത്തിലാണ് പോലിസ്.മദ്യത്തിന്റെയും പാന്‍ ഉല്‍പന്നങ്ങളുടെയും കടത്ത് തടയണമെങ്കില്‍ കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടപുഴയില്‍ വാഹന പരിശോധനയ്ക്ക് സ്ഥിരം സംവിധാനം ഒരുക്കണം. മദ്യക്കടത്തും മറ്റും ശ്രദ്ധയില്‍പെട്ടത്തോടെ കൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഇരിട്ടി എസ്‌ഐ സഞ്ജയ്കുമാര്‍ പറഞ്ഞു. ഇരിട്ടി പോലിസിന്റെ നേതൃത്വത്തില്‍ എല്ലാ സമയവും പരിശോധനയ്ക്കുള്ള സംവിധാനമാണ് ആലോചിക്കുന്നത്. ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ നിന്നു വന്‍തോതില്‍ മദ്യം മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിരുന്നു. ബാറുകള്‍ തുറന്നെങ്കിലും വില വ്യത്യാസം കാരണം കര്‍ണാടക മദ്യമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ചെക്ക് പോസ്റ്റിലെ പരിശോധ കുറഞ്ഞതോടെ ഇരുചക്ര വാഹനങ്ങളിലും ടാക്‌സികളിലും മദ്യം കടത്തുന്നത് കൂടിയെന്നാണ് റിപോര്‍ട്ട്.    കര്‍ണാക മദ്യം വീരാജ്‌പേട്ടയില്‍ നിന്നു മാക്കൂട്ടം വഴി കൂട്ടുപുഴ അതിര്‍ത്തിവരെ എത്തിച്ചുകൊടുന്ന നിരവധി സംഘങ്ങള്‍ മേഖലയിലുണ്ട്. ബസ്സുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമാണ് മദ്യം എത്തിക്കുന്നത്. വാഹന പരിശോധ ശക്തമായാല്‍ തന്നെ മദ്യക്കടത്ത് പരമാവധി കുറയ്ക്കാനാവും. കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ പാന്‍ ഉല്‍പന്നങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത് വീരാജ്‌പേട്ട വഴിയാണ്. വാഹന പരിശോധന കുറഞ്ഞതോടെ ഇതും വ്യാപകമായി എത്തുന്നുണ്ട്. പേട്ടയില്‍ ചെറിയ വിലയ്ക്കു ലഭിക്കുന്ന പാന്‍ ഉല്‍പന്നങ്ങള്‍ക്ക് മൂന്നും നാലും ഇരട്ടി വിലയാണ് കേരളത്തില്‍ ലഭിക്കുക. ഇരുചക്ര വാഹനത്തില്‍ തന്നെ ഇത് വന്‍ തോതില്‍ എത്തിക്കാനാവും. വില്‍പന നികുതി ചെക്ക് പോസ്റ്റില്‍ പരിശോധന ശക്തമായിരുന്ന സമയത്ത് പോലും പിടിക്കപ്പെടാതെ വന്‍തോതില്‍ കടത്തിയവര്‍ ഇപ്പോഴത്തെ സംവിധാനം പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പോലിസ് കൂട്ടുപുഴ കേന്ദ്രീകരിച്ച് ശക്തമായ നിരിക്ഷണത്തിനും തീരുമാനിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക